നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമെടുക്കാത്ത രാജ്യങ്ങളോട് യുഎഇ നിലപാട് കടുപ്പിച്ചിട്ടും പ്രതികരിക്കാതെ വിദേശമന്ത്രാലയം. തിങ്കളാഴ്‌ച സുപ്രീംകോടതി മുമ്പാകെയും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികളെ തിരികെയെത്തിക്കാനാകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
പ്രവാസികളുടെ കാര്യത്തിൽ യുഎഇ നിലപാട് കടുപ്പിച്ചതായി ഔദ്യോഗികമായി വിവരമില്ലെന്നാണ് ഞായറാഴ്‌ച വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചത്. ഇന്ത്യക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് പ്രതികരിക്കാത്തതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കോടതി മുമ്പാകെ എത്തിയ ഹർജികളിൽ ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകി. യുഎഇ നിലപാട് തിങ്കളാഴ്‌ച കോടതിമുമ്പാകെ പരാമർശിക്കപ്പെട്ടില്ല.
വിദേശരാജ്യങ്ങളിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യാക്കാരുടെ വിഷയമാണ് കോടതി പൊതുവിൽ പരിഗണിച്ചത്. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചശേഷം വിഷയം കോടതിയെ ധരിപ്പിക്കാനാണ് കേന്ദ്രനീക്കം. പ്രവാസികളുടെ കാര്യത്തിൽ വിദേശരാജ്യങ്ങൾ നിലപാട് കടുപ്പിച്ചാൽ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ പ്രവാസികളുടെ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ നേരത്തേ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചില ഗൾഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണിൽ നടത്തിയ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം.
എന്നാൽ, മോഡി ചുരുക്കം ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ചത് ആ രാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കുംമുമ്പാണ്. രോഗബാധ വ്യാപകമായശേഷം ഫലപ്രദമായ ഇടപെടൽ വിദേശമന്ത്രാലയത്തിന്റെയോ കേന്ദ്രത്തിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. .

Get real time update about this post categories directly on your device, subscribe now.