കൊറോണ: ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി, അടുത്ത ഒരാഴ്ച നിര്‍ണായകം; ഏപ്രില്‍ 20 വരെ കടുത്തനിയന്ത്രണങ്ങള്‍, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്.

നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ മാസം 20 വരെ തുടരും. അതിന് ശേഷം ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികളില്‍ മാറ്റമുണ്ടായാല്‍ ആ ഇളവുകള്‍ പിന്‍വലിക്കും. ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണെന്നും മോദി പറഞ്ഞു.

ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണെന്നും മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അവശ്യസേവനങ്ങള്‍ക്ക് 20ന് ശേഷം ഇളവുകള്‍ നല്‍കും. വിശദമായ മാര്‍ഗരേഖ നാളെ പുറത്തിറക്കുമെന്നും മോദി പറഞ്ഞു.

വൈറസ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ ഉത്തരവാദിത്വത്തോടെയാണ് ഇടപെട്ടതെന്നും മോദി പറഞ്ഞു.

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി, കൊറോണ പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ജനങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അറിയാം. എല്ലാവരുടെയും പിന്തുണക്ക് നന്ദി. വൈറസിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. കൊറോണ കേസുകള്‍ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനായാണ് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങളും മോദി മുന്നോട്ട് വച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക, മാസ്‌കുകള്‍ ഉപയോഗിക്കുക,രോഗപ്രതിരോധം ഉയര്‍ത്തുക, ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശഹങ്ങള്‍ അനുസരിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, തൊഴിലാളികളെ പിരിച്ചുവിടരുത്, ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

അതേസമയം, രാജ്യം അടച്ചിടുന്നതിലൂടെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും സംസ്ഥാനങ്ങള്‍ ഒന്നടങ്കം ആവിശ്യപ്പെടുന്ന സാമ്പത്തിക പാക്കേജിനെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു.

മാര്‍ച്ച് 24ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ ഇന്ന് അവസാനിക്കാനിനിരിക്കെയാണ് മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് അടച്ചിടല്‍ നീട്ടിയത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 വരെയുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ എല്ലാം നിറുത്തി വച്ച് റെയില്‍വേയും ഉത്തരവ് പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here