പ്രവാസികളുടെ മടക്കം, അതിഥി തൊഴിലാളികളുടെ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധി: മൗനം പാലിച്ച് മോദി: ജനത്തിന് നിര്‍ദേശങ്ങള്‍ മാത്രം: നിര്‍ഭാഗ്യകരമെന്ന് സിപിഐഎം

ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചതില്‍ വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും ഞെട്ടലില്‍. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനെക്കുറിച്ചോ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ മോദി തയ്യാറായില്ല.

മൂന്നാഴ്ച്ചയായി എല്ലം അടച്ചിട്ട് വന്‍ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ വ്യവസായ ലോകത്തിന് പ്രധാനമന്ത്രിയുടെ മൗനത്തെ ഉള്‍ക്കൊള്ളാനാകുന്നില്ല. ഉല്‍പാദനവും വിതരണവും മുടങ്ങി ജീവനക്കാര്‍ക്ക് നല്‍കാന്‍ വരുമാനം പോലുമില്ലാത്ത സാഹചര്യം. സാമ്പത്തിക പാക്കേജ് ഇല്ലെങ്കിലും നികുതി ഇളവ് അടക്കമുള്ള ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ചിരുന്നു.

മാസം തോറും ഉള്ള നികുതി പിരിവ് നാമവശേഷമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുക വകമാറ്റാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയ സംസ്ഥാനങ്ങളും കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രസംഗത്തില്‍ ന്യായീകരിച്ച മോദി രാജ്യം എങ്ങനെ സുശക്തമായി തരണം ചെയ്യുമെന്ന് വ്യകതമാക്കാന്‍ തയ്യാറായില്ല.

ഒറ്റ രോഗി പോലും ഇല്ലാത്തപ്പോള്‍ വിമാനത്താവളങ്ങള്‍ വഴി പരിശോധന ആരംഭിച്ചുവെന്ന് അവകാശപ്പെട്ട മോദി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടി പറയാനാണ് ശ്രമിച്ചത്. വിദേശത്ത് കുടുംങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരണമെന്ന് കേരളം ഉള്‍പ്പെടെ ആവിശ്യപ്പെട്ടിരുന്നു.

ലക്ഷകണക്കിന് പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തിലേയ്ക്ക് കടക്കാനും മോദി തയ്യാറായില്ല.വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ പാലായനം ചെയ്യുന്നത് വലിയ പ്രശ്നമുണ്ടാക്കുന്നു. പല ലേബര്‍ ക്യാമ്പുകളിലും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നു.ഇതൊക്കെ പ്രസംഗത്തില്‍ അവഗണിക്കപ്പെട്ടു.

ലോക് ഡൗണിലായ ജനത്തിന് നിര്‍ദേശങ്ങള്‍ മാത്രം നല്‍കിയ പ്രധാനമന്ത്രി അവരുടെ പ്രശ്നങ്ങളിലേയ്ക്ക് കടക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. പാവപ്പെട്ട ജനം ഉപജീവനത്തിനായി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണന്ന് മുന്‍ ധനമന്ത്രി പി.ചിന്ദരം ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News