സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി യുഡിഎഫ് ഭരണ സമിതി മറിച്ചു വിറ്റു

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി ഭരണ സമിതി മറിച്ചു വിറ്റു.

പഞ്ചായത്തിലെ സ്കൂളിൽ നിന്ന് 1321 കിലോ അരി സംഭാവന നൽകിയെങ്കിലും 100 കിലോ മാത്രമാണ് സമൂഹ അടുക്കളയിലെത്തിയത്. സമൂഹ അടുക്കളയുടെ മറവിൽ അഴിമതി നടക്കുന്നതായി ആരോപണം. അരി മറിച്ച് വിറ്റ് പകരം സാധനം വാങ്ങിച്ചുവെന്നാണ് യു ഡി എഫ് ഭരണസമിതിയുടെ വാദം

തച്ചമ്പാറയിലെ ദേശബന്ധു സ്ക്കൂളിൽ നിന്ന് ഏപ്രിൽ 2 ന് 1321 കിലോ അരി സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി അരി ഏറ്റുവാങ്ങി രസീതും നൽകി.

എന്നാൽ സ്കൂൾ നൽകിയ അരിയിൽ 100 കിലോ അരി മാത്രമാണ് സമൂഹ അടുക്കളയിലെത്തിയത്. 1221 കിലോ അരി സമൂഹ അടുക്കളയുടെ സ്റ്റോക്ക് രജിസ്റ്ററിൽ കാണാനില്ല. അരി യു ഡി എഫ് ഭരണസമിതി മണ്ണാർക്കാട്ടെ വ്യാപാരിക്ക് മറിച്ചു വിൽക്കുകയായിരുന്നുവെന്ന് സി പി ഐ എം പറഞ്ഞു.

സംഭവത്തിൽ സി പി ഐ എം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഗുണനിലവാരമില്ലാത്തതിനാൽ അരി വിൽപന നടത്തിയെന്നും പകരം സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങിച്ചുവെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം

എന്നാൽ സമൂഹ അടുക്കളയിലേക്ക് പകരം സാധനങ്ങൾ വാങ്ങിയതിന് രേഖകളില്ല. കുടുംബശ്രീ, സഹകരണ ബാങ്കുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ നൽകുന്ന സംഭാവനയിലൂടെയാണ് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ സമാഹരിക്കുന്നത്.

ആദിവാസി കോളനികളിലുൾപ്പെടെ അർഹരായവർക്ക് ഭക്ഷണം നൽകാതെ രാഷ്ട്രീയം കളിച്ച് അനർഹർക്ക് വിതരണം ചെയ്യുന്നതായും പരാതിയുയർന്നിട്ടുണ്ട്.

സ്ക്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ച അരി യു ഡി എഫ് യുവജന സംഘടനകൾ അവരുടെ പേരിൽ വിതരണം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News