സമൂഹ അടുക്കളയിലേക്കുള്ള അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി. രാഹുൽ ഗാന്ധി എംപി അനുവദിച്ച അരി സമൂഹ അടുക്കളയിലേക്ക് യൂത്ത് കോൺഗ്രസുകാർ ഏകപക്ഷീയമായി വിതരണം ചെയ്‌തുവെന്ന് ആരോപിച്ചാണ് കോൺഗ്രസസ് ചാലിയാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റുൾപ്പെടെയുള്ളവർ തൽസ്ഥാനം രാജിവെച്ചത്.
പാർട്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന പരസ്പര വിമർശനമാണ് ഒടുവിൽ രാജിയിലേക്ക് നീങ്ങിയത്. മണ്ഡലം പ്രസിഡന്റ് നാലകത്ത് ഹൈദരലി ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനും മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബെന്നി കൈതോലിൽ, ഇ പി മുരളി, സുരേഷ് തോണിയിൽ എന്നിവർ നിലമ്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥിനാണ് രാജി നൽകിയത്.
അതാത് പഞ്ചായത്തുകളിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് അരി വിതരണം ചെയ്യാൻ നിർദേശിച്ചത്. എന്നാൽ കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ പക്ഷക്കാർ ഏകപക്ഷീയമായി അരി വിതരണം നടത്തി.
ചാലിയാർ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് നേതാവായ ഹാരിസ് ബാബുവാണ് അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറിയത്. ആര്യാടൻ മുഹമ്മദിനോടുള്ള എതിർപ്പ് മൂലം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് വഴിയാണ് പഞ്ചായത്തിൽ അരിയെത്തിയത്. ടി സിദ്ധിഖിന്റെ ഉറ്റതോഴാനാണ് എം കെ ഹാരീസ് ബാബു.
പ്രസിഡന്റ് നാലകത്ത് ഹൈദരലി ഉൾപ്പെടെയുള്ളവർക്കെതിരെ യൂത്ത് കോണ്ഗ്രസ് വയനാട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന എം കെ ഹാരീസ് ബാബു ഉൾപ്പെടെ നേരത്തെ അമർഷത്തിലായിരുന്നു. ആര്യാടനും കുടുംബവും നിലമ്പൂർ മണ്ഡലത്തിലെ അരി വിതരണം തങ്ങളുടെ കൈപിടിയിലാക്കിയെന്നാണ് ടി സിദ്ധിഖിനെ അനുകൂലിക്കുന്ന യൂത്ത് കോൺഗ്രസിന്റെ വാദം.
ആര്യാടൻ മുഹമ്മദിനെതിരെ യൂത്ത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാതെ ഹാരീസ് ബാബു ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്ന ആരോപണം മണ്ഡലം ഭാരവാഹികളും ഉന്നയിച്ചു.

Get real time update about this post categories directly on your device, subscribe now.