തൃശൂര്‍ പൂരം ഉപേക്ഷിച്ചു; ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തൃശ്ശൂര്‍ പൂരം ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം നടത്തും. ഘടക പൂരങ്ങളും കൊടിയേറ്റവും ആന എഴുന്നള്ളിപ്പും ഉണ്ടാകില്ല. തൃശ്ശൂരില്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം.

ചരിത്രത്തിലാദ്യമായാണ് തൃശ്ശൂര്‍ പൂരം പൂര്‍ണ്ണമായി ഒഴിവാക്കുന്നത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ് മെയ് 3 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. മുന്‍പ് നാല് തവണ ഒരാനയെ വെച്ച് പൂരം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടാകില്ല. 1948 ല്‍ ഗാന്ധിജി കൊല്ലപ്പെട്ടപ്പോഴും, 1962 ല്‍ ചൈനയുമായി യുദ്ധമുണ്ടായപ്പോഴും മറ്റ് രണ്ട് തവണ പ്രാദേശിക തര്‍ക്കങ്ങള്‍ കാരണവുമായിരുന്നു ഒരാനയെ ഉള്‍പ്പെടുത്തിയുള്ള പൂരം നടന്നത്. ലോക്ഡൗണ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് ക്ഷേത്രത്തിനകത്ത് അഞ്ച് പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാകും ഇത്തവണ ഉണ്ടാവുക.

കോവിഡ് വ്യാപനത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തില്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും പൂരവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ലോക്ക് ഡൌണ്‍ നിയമം പാലിച്ച് നടത്തുമെന്നും ദേവസ്വം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

മന്ത്രി സി രവീന്ദ്രനാഥ്, ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ കലക്ടര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് , തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധകളും യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് ഭീതി ഇല്ലാത്ത അതിജീവനത്തിന്റെ പൂരത്തിനായി നീണ്ട ഒരു വര്‍ഷകാലത്തെ കാത്തിരിപ്പിലാകും ഇനി പൂര പ്രേമികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News