ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതം തിരിച്ച് വാര്‍ഡുകളിലാക്കി; വേര്‍തിരിച്ചത് ഹിന്ദു, മുസ്ലീം എന്ന പേരുകളില്‍; നടപടി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം

ദില്ലി: അഹമ്മദാബാദ് സിവില്‍ ആശുപത്രി, മാര്‍ച്ച് അവസാന വാരമാണ് അഹമ്മദാബാദ്- ഗാന്ധിനഗര്‍ മേഖലയിലെ പ്രധാന കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.

1200ഓളം ബെഡുകളാണ് കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ ഇവിടെ ഒരുക്കിയത്. ഈ ആശുപത്രിയിലാണ് രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും മതം തിരിച്ച് വാര്‍ഡുകളിലാക്കിയെന്ന റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രിയാണ് സംഭവം. എ4 വാര്‍ഡില്‍ ഉണ്ടായിരുന്ന ന്യുനപക്ഷ വിഭാഗത്തിലുള്ളവരോട് സി 4 വാര്‍ഡിലേക്ക് മാറാന്‍ ആശുപത്രി സ്റ്റാഫുകള്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 40ഓളം ന്യുനപക്ഷ വിഭാഗത്തിലുള്ള രോഗികളാണ് ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ മറ്റൊരു വാര്‍ഡിലേക്ക് മാറേണ്ടി വന്നത്.

രണ്ട് മതക്കാരുടെയും നല്ലതിനാണ് ഇത് ചെയ്യുന്നതെന്നായിരുന്നു രോഗികളോടുള്ള ഹോസ്പിറ്റലില്‍ ജീവനക്കാരുടെ മറുപടി. രോഗികളെയും രോഗബാധ ഉള്ളവരെയും മതം തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു.

സാധാരണയായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ് വെവ്വേറെ വാര്‍ഡുകള്‍. പക്ഷെ ഞങ്ങള്‍ ഇവിടെ ഹിന്ദു രോഗികള്‍ക്കും മുസ്‌ളീം രോഗികള്‍ക്കും പ്രത്യേക വാര്‍ഡുകള്‍ ഒരുക്കിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഗുണവന്ത് എച്ച് റാത്തോഡ് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നടപടി. വേണമെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം സര്‍ക്കാരും ജില്ലാ ഭരണ കൂടവും നിഷേധിച്ചു.

സര്‍ക്കാര്‍ ഇത്തരം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ഇത്തരം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല എന്ന് ജില്ലാ കലക്ടര്‍ കെ കെ നിരാലയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News