ദുര്‍ഘട മേഖലകളിലെ ആദിവാസി കോളനികളില്‍ സഹായമെത്തിക്കല്‍; പൊലീസിന്റെ പെരുമാറ്റമറിഞ്ഞ് വേഷം മാറി ബൈക്കില്‍; വയനാട് ജില്ലാ പൊലീസ് മേധാവി ഇങ്ങനെയാണ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും ആശങ്കയുള്ള ജില്ലകളിലൊന്നായിരുന്നു വയനാട്. രണ്ട് സംസ്ഥാനങ്ങളോട് അതിര്‍ത്തിപങ്കിടുന്ന ജില്ല. കര്‍ണ്ണാടക അതിര്‍ത്തിയായ കുടകിലെ കോവിഡ് സ്ഥിരീകരണം. സുരക്ഷാ ക്രമീകരണങ്ങളും പ്രതിരോധ നടപടികളും ശക്തമായി നടപ്പാക്കേണ്ട സാഹചര്യം.

അതിര്‍ത്തികളിലുള്‍പ്പെടെ നേരത്തേ തുടങ്ങിയ പരിശോധനകളില്‍ എല്ലാ വകുപ്പുകളുടേയും സഹകരണമുണ്ടായിരുന്നു. പോലീസിനും പിടിപ്പത് പണിയുണ്ടായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു. വാഹന പരിശോധന, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം തുടങ്ങി ആവശ്യക്കാര്‍ക്ക് ഭക്ഷണം, കുടുങ്ങിപ്പോയവരെ സുരക്ഷിതമായി സ്ഥലത്ത് എത്തിക്കല്‍, മരുന്ന് വിതരണം എന്നിങ്ങനെ പലതും മികച്ച മാതൃകകളായി മാറി. ഇതിനെല്ലാം നേതൃത്വം കൊടുത്തയാളാണ് ജില്ലാ പോലീസ് മേധാവി.

ഇന്ന് രാജ്യത്തിന് തന്നെ അഭിമാനമായാണ് കോവിഡ് പ്രതിരോധത്തില്‍ വയനാട് നില്‍ക്കുന്നത്. മൂന്ന് പോസിറ്റീവ് കേസുകളില്‍ രണ്ടുപേരും ആശുപത്രിവിട്ടു. സമ്പര്‍ക്കത്തെതുടര്‍ന്നുള്ള രോഗവ്യാപനം തടയാനായി.പോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും എല്ലാവര്‍ക്കുമൊപ്പം ഇതില്‍ പ്രധാനമാണ്.

ആര്‍ ഇളങ്കോ ആണ് വയനാട് ജില്ലാ പോലീസ് മേധാവി.

ഉള്‍നാടന്‍ ആദിവാസി കോളനികളിലേക്ക് വരെ അദ്ധേഹം എത്തിച്ചേര്‍ന്നു ഈ ദുരിതകാലത്ത്. ഭക്ഷണവും മരുന്നുമായി അദ്ദേഹത്തിന്റെ വാഹനം പുഴകളും കുന്നുകളും താണ്ടിയാണ് പലയിടത്തുമെത്തിയത്. വനാന്തരമേഖലകളിലെ ആദിവാസികോളനികളില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നത് സജീവമായ ബോധവത്കരണപ്രവര്‍ത്തനങ്ങളായിരുന്നു.

ഇപ്പോള്‍ മറ്റൊരു ഉദ്യമമാണ് അദ്ധേഹം ഏറ്റെടുത്തിരുക്കുന്നത്. ഇക്കാലത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് അപമര്യാദയായ പെരുമാറ്റമുണ്ടാവുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു അത്. വേഷം മാറി ബൈക്കിലായിരുന്നു ഇതിനായുള്ള യാത്ര.
കല്‍പ്പറ്റയില്‍ മാത്രം ഏഴുകിലോമീറ്ററോളം അദ്ധേഹം ഇതിനായി സഞ്ചരിച്ചു.

രണ്ടിടങ്ങളില്‍ വാഹനം പോലീസ് തടഞ്ഞു. എന്നാല്‍ മാന്യമായിരുന്നു പെരുമാറ്റമെന്ന് എസ് പി ആര്‍ ഇളങ്കോ പറയുന്നു. ഇന്‍സ്‌പെക്ടര്‍മാര്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് കേസെടുക്കുമെന്നറിയിച്ചു. സത്യവാങ്മൂലമില്ലാതെ പുറത്തിറങ്ങിയതിനാണ് നടപടിയെന്ന് പറഞ്ഞു.

രണ്ടിടങ്ങളിലും പോലീസിന്റെ പതിവ് ഗൗരവം പ്രതീക്ഷിച്ച എസ്പിക്ക് പോലീസുകാരുടെ ഇടപെടല്‍ തൃപ്തികരമായിരുന്നു.
ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് അഭിനന്ദനപത്രം കൈമാറിയതായി എസ് പി അറിയിച്ചു.

ഏതായാലും ഇത്തരത്തിലുള്ള പരിശോധന തുടരാനാണ് എസ്പിയുടെ തീരുമാനം. മൂന്ന് ദിവസം മുന്‍പ് തുടങ്ങിയ പരിശോധനയുടെ ആദ്യഘട്ടം പിന്നിട്ടതിന് ശേഷമാണ് ജില്ലാ പോലീസ് മേധാവി വേഷമാറി സഞ്ചരിച്ച കഥ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News