ജീവിതം ഒരു ദു:സ്വപ്നമാകാതിരിക്കാന്‍; ഷോട്ട് ഫിലിം ‘ലോക്ഡൗണ്‍’ ശ്രദ്ധേയം

ലോക്ഡൗണ്‍ കാലത്തിന്‍റെ യഥാര്‍ത്ഥ അന്തസത്ത ഇപ്പോ‍ഴും നമുക്കിടയില്‍ തിരിച്ചറിയാത്തവര്‍ നിരവധിയാണ്. കേരളത്തിന്‍റെ ആരോഗ്യ സുരക്ഷയുടെ ശക്തി കൊണ്ടുമാത്രമാണ് ഈ മഹാമാരി ഇപ്പോ‍ഴും നമ്മുടെ പടിവരെയെത്തിയിട്ടും വലിയ ദുരന്തത്തിലേക്ക് നിപതിക്കാതിരിക്കുന്നതെന്ന് അറിയാത്തവര്‍.

ജാഗ്രതയില്‍ പി‍ഴവ് വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് വമ്പന്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പോലും കാണിച്ചു തരുന്നത്. ചെറിയൊരു അശ്രദ്ധയും ഉദാസീനതയും പോലും നമ്മ‍െക്കൊണ്ട് വലിയ വില നല്‍കിപ്പിക്കും.ഭാവി അനിശ്ചിതത്വത്തിലാക്കും.

ലോകത്തിന്‍റെ നിലവിളികള്‍ ഒരു മുന്നറിയിപ്പാക്കി, നമ്മെ ഈ മഹാമാരിക്കെതിരെ ആവര്‍ത്തിച്ച് ജാഗ്രതപ്പെടുത്തുന്ന യത്നങ്ങള്‍ക്കൊപ്പമാണ് കെയു മണിയുടെ പുതിയ ഷോട്ട് ഫിലിം ‘ലോക് ഡൗണ്‍’ മുന്നില്‍ നില്‍ക്കുന്നത്. പൊലീസില്‍ നിന്ന് നിയമപ്രകാരം അനുമതി വാങ്ങി ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ലോക്ഡൗണ്‍.

യാഥാര്‍ത്ഥ്യവും സ്വപ്നവും ഫാന്‍റസിയും ഇടകലര്‍ത്തിയുള്ള ഈ ഷോട്ട് ഫിലിമിന്‍റെ ആഖ്യാനം ഭദ്രവും മനോഹരവുമാണ്. ഒരു സാമൂഹ്യ ആഹ്വാനത്തിന്‍റെയും കാമ്പയിനിന്‍റെയും ഭാഗമായി നില്‍ക്കുമ്പോ‍ഴും കേവലം പ്രചരണപരമാകാതെ സിനിമാറ്റിക്കായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യകലയുടെ സമഗ്ര സൗന്ദര്യത്തില്‍ ഊന്നിയാണ് വിഷയം പറയുന്നത്.

മനോജ് കെ സേതുവാണ് ക്യാമറയും എഡിറ്റും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡബ്ബിംഗ് അനൂപ് വൈറ്റ്ലാന്‍റ്. ഹരി വേണു ഗോപാലാണ് സംഗീതം. സന്തോഷ് ടിഎയും മണിഅക്കരെയും ചേര്‍ന്നാണ് നിര്‍മ്മാണം ചിത്രത്തിന്‍റെ
രചനയും സംവിധാനവും നിര്‍വഹിച്ച കെയു മണി അറിയപ്പെടുന്ന നാടക- സിനിമാ പ്രവര്‍ത്തകനാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here