അടച്ചുപൂട്ടൽ; ചെറുകിട വ്യപാരമേഖലയ്‌ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്‌ വേണം; മന്ത്രി തോമസ്‌ ഐസക്‌

അടച്ചുപൂട്ടലിൽ സ്‌തംഭിച്ച ചെറുകിട വ്യപാരമേഖലയ്‌ക്കായി കേന്ദ്രം പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. അടിയന്തര ഉത്തേജന പാക്കേജാണ്‌ രാജ്യം പ്രതീക്ഷിക്കുന്നത്‌. നിയന്ത്രണങ്ങളോട്‌ ജനങ്ങൾ സഹകരിക്കണമെങ്കിൽ ഭക്ഷണവും ധനസഹായവും ഉറപ്പാക്കണം.

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ ഒരുവർഷത്തെ കൂലി അടിയന്തരമായി മുൻകൂർ നൽകാൻ കേന്ദ്രം തയ്യാറാകണം. ആദായനികുതിക്ക്‌ പുറത്തുള്ള മുഴുവൻ പേർക്കും ധനസഹായം ഉറപ്പാക്കണം. ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ഭക്ഷ്യധാന്യശേഖരം സൗജന്യമായി ലഭ്യമാക്കണം.

അടച്ചുപൂട്ടലിൽനിന്ന്‌ മുക്തമാകുന്ന അവസ്ഥയിൽ സ്വീകരിക്കേണ്ട സാമൂഹ്യ, സാമ്പത്തിക തന്ത്രങ്ങളെ കുറിച്ച് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം. തൊഴിലാളികളെ പിരിച്ചുവിടപ്പെടുന്നില്ലെന്ന്‌ സർക്കാർ ഉറപ്പാക്കണം. വേതനം ഉറപ്പാക്കാൻ സഹായം നൽകണം.

കാർഷികോൽപ്പന്നങ്ങളുടെ സംഭരണവില ഉയർത്തണം. ഒരു വർഷത്തേക്ക്‌ എല്ലാ കടങ്ങൾക്കും തിരിച്ചടവ്‌ കാലാവധി നീട്ടണം. പലിശ ഇളവും നൽകണം. ഈ പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഉത്തേജക പാക്കേജാണ്‌ വേണ്ടത്‌.

അടച്ചുപൂട്ടലിന്റെ ആദ്യഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി കേന്ദ്ര സഹായമെന്ന പേരിൽ അധികമായി ലഭിച്ചത്‌ 7000 കോടി മാത്രമാണെന്ന്‌ തോമസ്‌ ഐസക്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. സാധാരണഗതിയിലെ ചില ഗ്രാന്റുകളൊഴികെ, കോവിഡിന്റെ പേരിൽ അധികമായി ലഭിച്ചത് ഈ തുക മാത്രം.

ജിഎസ്ടി നഷട്പരിഹാരം 60,000 കോടി രൂപയെങ്കിലും സംസ്ഥാനങ്ങൾക്ക്‌ ലഭിക്കണം. വായ്‌പയ്‌ക്ക്‌ ഒമ്പതുശതമാനംവരെ പലിശ ബാങ്കുകൾക്ക്‌ സംസ്ഥാനങ്ങൾ നൽകേണ്ടിവരുന്നു.

കേന്ദ്രം റിസർവ്‌ ബാങ്കിൽനിന്ന്‌ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് ചുരുങ്ങിയ പലിശയ്‌ക്ക്‌ ലഭ്യമാക്കണം. ആരോഗ്യമേഖലയുടെ അടങ്കൽ ഗണ്യമായി ഉയർത്തണം. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളും രോഗികൾക്കുള്ള മരുന്നും ലഭ്യമാക്കണം. ഇക്കാര്യങ്ങളിലാണ്‌ കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here