കൊറോണ; നിരീക്ഷണകാലം കഴിഞ്ഞും രോ​ഗബാധ: സംസ്ഥാനത്ത്‌ രോഗ തീവ്രത കുറവാണെന്നതിന്റെ സൂചനയെന്ന്‌ ആരോഗ്യ വിദഗ്‌ധർ

നിരീക്ഷണ കാലയളവ്‌ പൂർത്തിയായവരിലും കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌ സംസ്ഥാനത്ത്‌ രോഗത്തിന്റെ തീവ്രത കുറവ്‌ ആണ് എന്നതിന്റെ സൂചനയെന്ന്‌ ആരോഗ്യ വിദഗ്‌ധർ. വൈറസ്‌ ബാധിച്ചും നിരീക്ഷണ കാലയളവിൽ രോഗലക്ഷണം കാണിക്കാത്തവരാകും ഇവർ.

വൈറസിന്റെ ഇൻക്യുബേഷൻ സമയം കഴിഞ്ഞ്‌ എട്ടുദിവസം മാത്രമാണ്‌ പകർച്ച സാധ്യത. അതിനാൽ, ഇവരിൽനിന്ന്‌ കൂടുതൽ ആളുകളിലേക്ക്‌ രോഗം പടർന്നിരിക്കാനും സാധ്യതയില്ല. വിദേശത്തുനിന്ന്‌ എത്തി നിരീക്ഷണ കാലയളവ്‌ പൂർത്തിയാക്കിയ ചിലർക്ക്‌ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യവാന്മാരായ വ്യക്തികളിൽ പനി, ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ മാത്രമാണ്‌ ഉണ്ടാവുക. പ്രായം ചെന്നവർ, മറ്റ്‌ മാരക രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഗുരുതര പ്രത്യാഘാതവും ഉണ്ടാക്കും. വൈറസ്‌ പോസിറ്റീവായ അവസ്ഥയിലും ലക്ഷണമില്ലെങ്കിൽ അത്‌ രോഗത്തിന്റെ മൃദുസ്വഭാവത്തെ സൂചിപ്പിക്കുന്നു.

നിരീക്ഷണ കാലയളവ്‌ പൂർത്തികരിച്ചശേഷം രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവർ നെഗറ്റീവ്‌ ആണെന്നതും ഇതിന്റെ തെളിവാണ്‌. ഇൻക്യുബേഷൻ പീരീഡ്‌ കഴിഞ്ഞാലും വൈറസിന്റെ അവശേഷിപ്പുകൾ ആഴ്ചകളോളം ശരീരത്തിലുണ്ടാകും. ഇങ്ങനെ രോഗം സ്ഥിരീകരിക്കുന്നതിനാൽ ആശങ്ക വേണ്ടെന്ന്‌ സംസ്ഥാന സർക്കാരിന്റെ കോവിഡ്‌ വിദഗ്‌ധ സമിതി ചെയർമാൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു.

എന്നാൽ, ഇവരുടെ വീട്ടിൽ പ്രായം ചെന്നവർ, മറ്റ്‌ മാരക രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങി ‘ഹൈ റിസ്ക്‌’ വിഭാഗത്തിൽ ഉള്ളവർ ഉണ്ടെങ്കിൽ അവരിലേക്ക്‌ രോഗം പടരാൻ ഇടയുണ്ട്‌. നിരീക്ഷണത്തിലുള്ളവരും കാലയളവ്‌ പൂർത്തിയാക്കിയവരും ഇത്തരം ആളുകളോട്‌ കർശന സമ്പർക്ക വിലക്ക്‌ പാലിക്കണം.
ലക്ഷണങ്ങൾ ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്നതിനാൽ നിരീക്ഷണ കാലയളവ്‌ കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌. എന്നാൽ, അനിശ്ചിത കാലത്തേക്ക്‌ ആളുകളെ നിർബന്ധിതമായി അകറ്റിനിർത്തുന്നത്‌ അഭികാമ്യമല്ലെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത്‌ കോവിഡ്‌ കൂടുതലായി ബാധിച്ചത്‌ പുരുഷന്മാരെ. രോഗം സ്ഥിരീകരിച്ചവരിൽ 77 ശതമാനവും പുരുഷന്മാരെന്ന്‌ ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 13 വരെ രോഗം ബാധിച്ച 376 പേരിൽ 289 പേരും പുരുഷന്മാരാണ്‌. 87 സ്ത്രീകൾക്കും ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ച പുരുഷന്മാരുടെ ശരാശരി പ്രായം 37.2ഉം സ്ത്രീകളുടേത്‌ 36.8ഉം ആണ്‌. ആകെയുള്ള രോഗികളിൽ ഒമ്പതു ശതമാനം 60നു മുകളിൽ പ്രായമുള്ളവരാണ്‌–34 പേർ. ഇവരിലും ഭൂരിപക്ഷവും പുരുഷന്മാരാണ്‌–- 22. ഈ പ്രായത്തിലുള്ള നാല്‌ സ്ത്രീകൾക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആകെ രോഗികളിൽ 82 ശതമാനവും 20നും 60നും ഇടയിൽ പ്രായമുള്ളവരാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News