
കൊവിഡ് പ്രതിരോധത്തിനുള്ള 14 ലക്ഷം കുപ്പി സാനിറ്റൈസര്‍ നിര്‍മിച്ചതിനുപിന്നാലെ കെഎസ്ഡിപിയുടെ മാസ്‌കും വിപണിയിലേക്ക്. ഒരു ലക്ഷം മാസ്‌ക്ക് വിതരണത്തിനായി തയ്യാറാക്കി.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള മാസ്‌ക് കുടുംബശ്രീയുടെ സഹായത്തോടെയാണ് നിര്‍മിക്കുന്നത്. മൂന്നു ലെയറില്‍ 25 ജിഎസ്എം തുണിയില്‍ നിര്‍മിക്കുന്ന മാസ്‌ക്കിന് വില ഒമ്പതു രുപ.
ഓട്ടോമാറ്റിക് മെഷീന്‍ സ്ഥാപിക്കുന്നതോടെ ഇനിയും വിലകുറച്ച് വില്‍ക്കാനാകുമെന്ന് എംഡി എസ് ശ്യാമള പറഞ്ഞു. 25 ലക്ഷം രൂപയോളം വിലവരുന്ന യന്ത്രം സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചു. ഇതു സ്ഥാപിക്കാനുള്ള മുറിയും കലവൂരിലെ ഫാക്ടറിയില്‍ തയ്യാറായി.
ഈ മാസം അവസാനത്തോടെ യന്ത്രം സ്ഥാപിക്കാനാകും. സാനിറ്റൈസറിലെന്നപോലെ മാസ്‌ക്കിന്റെ കാര്യത്തിലും വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനുമാണ് കെഎസ്ഡിപിയുടെ ഇടപെടലെന്ന് ചെയര്‍മാന്‍ സി ബി ചന്ദ്രബാബു പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്ലൗസുകളുടെ നിര്‍മാണവും ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഡിപി. പുറത്തിറങ്ങുന്നവര്‍ ഇപ്പോള്‍ ഗ്ലൗസ് ധരിച്ചു തുടങ്ങി. പുറത്തുനിന്നുള്ള കമ്പനിയുമായി സംയുക്ത സംരംഭം ആരംഭിക്കാനാണ് നീക്കം.
ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സാനിറ്റൈസറിനായി കെഎസ്ഡിപിയെ സമീപിച്ചു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണമുണ്ട്. സംസ്ഥാന നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 12നാണ് സാനിറ്റൈസര്‍ നിര്‍മാണം തുടങ്ങിയത്. ഒരു മാസം പൂര്‍ത്തിയാകുന്നതിനുമുമ്പേ ഉല്‍പ്പാദനം 10 ലക്ഷമായി.
ഇതുവരെ 14 ലക്ഷം ബോട്ടില്‍ നിര്‍മിച്ചു. ഇതില്‍ 10 ലക്ഷവും സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങി. 500 മില്ലിയുടെ 50,000വും 250 മില്ലിയുടെ 20,000 കുപ്പികളും സ്റ്റോക്കുണ്ട്. ഉല്‍പ്പാദനം ഊര്‍ജിതമായി തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here