കെഎം ഷാജി മുനീറിന് കൊടുത്ത പണി; പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് മുനീറിനെ; സിഎച്ച് മരിച്ചപ്പോള്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിച്ചു; മുനീര്‍ പഠിച്ചതും സര്‍ക്കാര്‍ ചെലവില്‍; രേഖകള്‍ കൈരളിന്യൂസ് പുറത്തുവിട്ടു

കോഴിക്കോട്: അന്തരിച്ച എംഎല്‍എയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചുവെന്ന കെഎം ഷാജിയുടെ പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് എംകെ മുനീറിനെ.

അന്തരിച്ച ഒരു എംഎല്‍എയുടെ കടം എഴുതിത്തള്ളാന്‍ മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു എന്നായിരുന്നു ആക്ഷേപം. ഇതേ ഫണ്ടില്‍ നിന്ന് പണംപറ്റി പഠിച്ച എംകെ മുനീറിനെ അരികിലിരുത്തിയായിരുന്നു ഷാജിയുടെ ഈ ആക്ഷേപം.

മുനീറിന്റെ പിതാവും ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചിരുന്നു. സി എച്ചിന്റെ ഉമ്മയ്ക്കും ഭാര്യക്കും ആജീവനാനന്ത സഹായവും മുനീറിന് പഠന സഹായവുമാണ് ലഭിച്ചത്.

പണം കൊടുത്താല്‍ സീറ്റ് കിട്ടുന്ന മംഗലാപുരത്തെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അന്ന് വിദ്യാര്‍ത്ഥിയായിരുന്ന മുനീറിന്റെ മുഴുവന്‍ പഠന ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു. പോക്കറ്റ് മണിയും പ്രഖ്യാപിച്ചു. ഇതിന്റെ രേഖകള്‍ കൈരളി ന്യൂസ് പുറത്തു വിട്ടു. അന്നത്തെ പത്രവാര്‍ത്തയും നിയമസഭാ രേഖയുമാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.

പിന്നീട് സ്വാശ്രയ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലേക്ക് മുനീറിന് മാറ്റം നല്‍കാനും നടപടിയുണ്ടായി. ഷാജിയുടെ പരാമര്‍ശത്തോടെ ഇതെല്ലാം സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി.

കെഎം ഷാജിയുടെ എല്ലാ പ്രസ്താവനകളേയും താന്‍ പിന്തുണയ്ക്കുന്നുവെന്ന് മുനീര്‍ വ്യക്തമാക്കിയിരുന്നു. എംകെ മുനീറിനോടൊപ്പമാണ് കെഎം ഷാജി വാര്‍ത്താസമ്മേളനം നടത്തിയത്.

ഷാജിയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുനീറിന് കിട്ടിയ സഹായത്തെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

എംകെ മുനീറിനോടൊപ്പമാണ് കെഎം ഷാജി വാര്‍ത്താസമ്മേളനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News