വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ ഈ മലയാളി ഡോക്ടര്‍.

മാലിദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന എറണാകുളം സ്വദേശി രാജകുമാരന്‍ മാമ്പു‍ഴയാണ് ഭക്ഷണം പോലും കിട്ടാതെ ഒരു ലോഡ്ജില്‍ ഒറ്റപ്പെട്ടു ക‍ഴിയുന്നത്.

ഇക്ക‍ഴിഞ്ഞ ജനുവരി 3ന് ആശുപത്രിയുമായുള്ള ഡോക്ടറുടെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തി.പക്ഷേ കരാര്‍ വീണ്ടും പുതുക്കി നല്‍കാമെന്ന വാഗ്ദാനത്തെത്തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും മാലിദ്വീപിലെത്തി.

എന്നാല്‍ കരാര്‍ പുതുക്കി നല്‍കിയില്ല.ഇതോടെ താമസിച്ചിരുന്ന ഗവണ്‍മെന്‍റ് ക്വാര്‍ട്ടേ‍ഴ്സും നഷ്ടമായി.ഇതിനിടെ കോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ താമസിക്കുന്ന ലോഡ്ജില്‍ കുടുങ്ങിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു.

കൂടാതെ കയ്യിലുള്ള പണം തീരാറായി. നാട്ടില്‍ നിന്നും പണം അയക്കാന്‍ ക‍ഴിയുന്നുമില്ല.ഭക്ഷണവും ലഭിക്കാതായി.വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസ്ക്കറ്റില്‍ നിന്നും അവശിഷ്ടങ്ങള്‍ എടുത്ത് ക‍ഴിക്കേണ്ട അവസ്ഥവരെയെത്തിയെന്നും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഡോക്ടര്‍ രാജകുമാരന്‍ പറഞ്ഞു.

മാലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ പലരുടെയും അവസ്ഥ ഇത്തരത്തിലാണെന്നും ഭക്ഷണം മോഷ്ടിച്ചാണ് പലരും വിശപ്പടക്കാന്‍ ശ്രമിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.

ഇന്ത്യയില്‍ അകപ്പെട്ട മാലി പൗരന്‍മാരെ മാലിദ്വീപ് ഗവണ്‍മെന്‍റ് ഇടപെട്ട് അവിടേക്ക് തിരിച്ചെത്തിച്ചിരുന്നു.ഈ സാഹചര്യത്തില്‍ എങ്ങനെയങ്കിലും തങ്ങളെ മാലിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഡോക്ടര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here