‘അങ്ങേയറ്റം വികൃതമാണ് ഇവരുടെ മാനസികാവസ്ഥ’

സ്പ്രിന്‍ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇതില്‍ വിവാദം കണ്ടെത്തുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊറോണ പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം അദ്ഭുതപ്പെടുത്തുന്നുവെന്നും ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രി പറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബി. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:

ഞാനൊരു ഐ ടി വിദഗ്ദനല്ല. ഐ ടി സര്‍വ്വീസുകളുടെ ഒരു ഉപഭോക്താവ് മാത്രമാണ്. ഒപ്പം വായനയിലൂടെയും മറ്റും കാര്യങ്ങളെ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഒരാളുമാണ്.

സ്പ്രിംഗ് ളര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി മറുപടി നല്കിയിരുന്നു. തീര്‍ച്ചയായും ആ മറുപടിയില്‍ പ്രശ്‌നം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ പ്രതിപക്ഷം തങ്ങളുന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിറകോട്ടില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകളുടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഒരാരോപണം. അത്തരം ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പിന്നെന്തിനായിരുന്നു അങ്ങിനെ ഒരാരോപണം? ഏതുവിധത്തിലുള്ള മാനസികാവസ്ഥയാവും ഈ ആരോപണത്തിനു പിന്നിലുള്ളത്?

ഇനി പ്രതിപക്ഷം ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന ഡേറ്റാ ചോര്‍ച്ചയെ കുറിച്ചുള്ള ആരോപണങ്ങളെപ്പറ്റി ചിലത്.

ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്പ്രിംഗ് ളര്‍ എന്ന കമ്പനി ഒരു CRM.കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് –സേവനമാണ് സര്‍ക്കാരിനു നല്‍കുന്നത്. ഇത്തരത്തില്‍ ഇഞങ സേവനങ്ങള്‍ നല്കുന്ന കമ്പനിയുടെ thumb rule തന്നെ, ‘ഉപഭോക്താവിന്റെ ഡേറ്റ ഉപഭോക്താവിന്റേത് മാത്രമായിരിക്കും,’ എന്നതാണ്. അതായത് your data is your data. ആ ഡേറ്റയുടെ ഉടമസ്ഥതക്കോ, അത് മറ്റൊരാള്‍ക്ക് മറിച്ചു വില്ക്കുന്നതിനോ, ഏതെങ്കിലും പ്ലാറ്റ്‌ഫോമുമായി ഷെയര്‍ ചെയ്യുന്നതിനോ CRM കമ്പനികള്‍ക്ക് സാധാരണ നിലയില്‍ യാതൊരു വിധത്തിലുള്ള അധികാരാവകാശങ്ങളുമില്ല.

സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന സ്പ്രിംഗ്‌ളര്‍ രേഖകളിലും ഇത് ഉറപ്പിച്ചു പറയുന്നുണ്ട്. സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയാണ്. ഉഭയകക്ഷി സമ്മതം അഥവാ ഉഭയകക്ഷി കരാര്‍ പ്രകാരം സര്‍ക്കാരാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്.എന്താണിവിടെ സ്പ്രിംഗ് ള ര്‍ ചെയ്യുന്നത്? അവര്‍ക്കുള്ള വൈദഗ്ദ്ധ്യം എന്തിലാണ്? സര്‍ക്കാര് ജനങ്ങളില്‍ നിന്ന് അവരുടെ സമ്മതപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍, ഇക്കാര്യത്തില്‍ ആളുകളുടെ സമ്മതമുണ്ടാകുക എന്നത് മുന്‍ നിശ്ചിതമായി ഉറപ്പാക്കേണ്ടതാണ്, തീര്‍ച്ചയായും ഇത്തരം വിവരശേഖരണത്തില്‍ അത് ആളുകളെ ബോധ്യപ്പെടുത്തിയിരിക്കും, സ്പ്രിംഗ്‌ളറിന് കൈമാറുമ്പോള്‍ സ്പ്രിംഗ് ള ര്‍ അതിനെ ഒരു മെട്രിക് സ് അഥവാ സ്ട്രക്‌ച്ചേഡ് ഡാറ്റ ആക്കി മാറ്റുന്നു.

അങ്ങനെ മാറ്റിയതിനു ശേഷം, APl അഥവാ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്‌സ് എന്നു പറയുന്ന ഒരു സേവന രീതിയിലേക്ക് അതിനെ പരുവപ്പെടുത്തുന്നു. A Pl എന്തെന്ന് വളരെ ലളിതമായി പറഞ്ഞാല്‍ നമ്മള് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് , ചില ഡാറ്റയൊക്കെ പൂരിപ്പിച്ച ശേഷം, ഒരു ചോദ്യം ടൈപ്പ് ചെയ്ത് എന്ററടിക്കുമ്പോള്‍, ആ എന്റര്‍ പ്രസ്സ് ചെയ്യുന്ന മൊമന്റില്‍ നമ്മളൊരു APl കാളാണ് നടത്തുന്നത്. നമ്മുടെ ചോദ്യം ആ ആപ്ലിക്കേഷന്റെ സര്‍വ്വറിലേക്ക് പോവുകയും നമുക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു A Pl സേവനമാണ് സ്പ്രിംഗ് ള ര്‍ ചെയ്യുന്നത്. ആളുകള് കൊടുക്കുന്ന അണ്‍സ്ട്രക്‌ച്ചേ ഡ് ആയ ഡേറ്റയെ സ്ട്രക്‌ച്ചേഡ് ആക്കി മാറ്റി സര്‍ക്കാരിനാവശ്യമായ വിവരമാക്കി അഥവാ ഉത്തരമാക്കി മാറ്റുന്നു. ഇതാണ് സ്പ്രിംഗ്‌ളര്‍ ചെയ്യുന്നത്. ഉദാഹരണത്തിന് കൊച്ചി കോര്‍പറേഷനിലെ 12-ാം വാര്‍ഡില്‍ ക്വാറന്റയിനില്‍ കഴിയുന്ന 60 വയസ്സിനു മുകളിലുള്ള ആളുകളുടെ എണ്ണമെത്ര? അതില്‍ പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്ര? എന്നതൊക്കെ ഞൊടിയിടയ്ക്കുള്ളില്‍ കണ്ടു പിടിക്കുന്ന പരിപാടിയാണിത്.

നല്ല സാന്ദ്രതയുള്ള ഈ ഡേറ്റയുടെ സ്റ്റോറേജ് സ്‌പേസ്, ആമസോണ്‍ ക്ലൗഡ് ആണ്.ഇത് റീജിയണല്‍ സ്‌പെസിഫിക് ആയ ക്ലൗഡ് ആണ്. അതിനര്‍ത്ഥം അതിന്റെ സെര്‍വ്വറും jurisdictionഉം ഇന്ത്യയിലാണ് എന്നാണ്; ഡാറ്റയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍നിലനില്‍ക്കുന്ന മുഴുവന്‍ നിയമങ്ങളുമതിനു ബാധകമാണ്. എന്നു മാത്രമല്ല നേരത്തേ പറഞ്ഞതുപോലെ ഈ ഡേറ്റയുടെ പൂര്‍ണ്ണമായ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തവുമാണ്.

ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം സെപ്തംബര്‍ 14 വരെയാണ് ഈ കമ്പനി സൗജന്യ സേവനം നല്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (കോവിഡ്- 19 അതിന് മുമ്പ് ഒഴിഞ്ഞു പോയാല്‍ അപ്പോള്‍ വരെ, ഇതിലേതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ചെന്ന് കമ്പനി വ്യക്തമാക്കുന്നു).

നമ്മള്‍ മനസ്സിലാക്കേണ്ടത് സൗജന്യ നിരക്കില്‍ അഥവാ സൗജന്യമായി ഒരു പ്രത്യേക കാലയളവിലേക്ക് സേവനം തരുന്ന ഏത് സര്‍വ്വീസ് പ്രൊവൈഡറും ചെയ്യുന്ന ഒരു സംഗതിയാണിത്. നമ്മള് ചില സോഫ്റ്റ് വെയര്‍ പെയോഗിക്കുമ്പോള്‍ 15/30 ദിവസത്തേക്ക് നമുക്ക് ട്രയല്‍ നോക്കാം. അതിന് ശേഷം സേവനം തൃപ്തികരമെന്ന് തോന്നിയില്‍ കാശ് അടച്ച് സേവനം തുടരാം, ഇല്ലേല്‍ നമുക്ക് പിന്‍വാങ്ങാം. അപ്പോള്‍ ആ കാലാവധിക്കു ശേഷവും സര്‍ക്കാര്‍ സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ തുടരുകയാണെങ്കില്‍ മാത്രമാണ് പ്രതിപക്ഷ നേതാവുന്നയിക്കുന്ന ‘ കാശുകൊടുത്തുള്ള സേവനം’ എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ.

സ്പ്രിംഗ് ള ര്‍ കമ്പനിയുടെ SaaS ( software as a service) സേവനങ്ങള്‍ ,നമുക്ക് തരുമ്പോള്‍ ചോദ്യമുയര്‍ന്നേക്കാം വേറെ ബദലുകള്‍ ഇല്ലേയെന്ന്? തീര്‍ച്ചയായുമുണ്ട്. പക്ഷേ നിലവിലുള്ള ഒരു കടുത്ത സാഹചര്യത്തില്‍ ഇത് പോലെ മറ്റൊന്ന് രൂപപ്പെടുത്തി എടുക്കാനോ പ്രാവര്‍ത്തികമാക്കാനോ ഉള്ള സാവകാശം നമുക്കുണ്ട് എന്ന് തോന്നുന്നില്ല.

ദീര്‍ഘമായി സമയം വേണ്ട ഒരു പ്രക്രിയ ആണെന്നതു കൊണ്ട് തന്നെ മലയാളിയായ ഒരു സോഫ്റ്റ് വെയര്‍ വിദഗ്ദ്ധന്‍ പ്രമോട്ട് ചെയ്യുന്ന, ഇത്തരം സേവനങ്ങളില്‍ ട്രാക്ക് റെക്കോഡുള്ള ഒരു കമ്പനി സ്വമേധയാ മുന്നോട്ട് വന്ന് സൗജന്യ സേവനം വാഗ്ദാനം ചെയ്യുമ്പോള്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് എന്ന് പറയാന്‍ ആര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല.

ഇനി വിവര ചോര്‍ച്ചയുടെ കാര്യം.ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുള്ള എതിക്കാലിറ്റിയെ അട്ടിമറിച്ചു കൊണ്ട് ഒരാള്‍ക്ക് ഫ്രോഡ് കാണിക്കണമെന്ന് തോന്നിയാല്‍ മാത്രമേ വിവര ചോര്‍ച്ചക്ക് സാധ്യതയുള്ളൂ.

ഉഭയകക്ഷികള്‍ക്കും ഉത്തമ വിശ്വാസമുള്ള, പരസ്പര ബോധ്യമുള്ള ചില ധാരണകള്‍ക്കോ കരാറിനോ പുറത്താണ് ഇത്തരം സേവനങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. സ്വകാര്യ വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതിന് ശക്തമായ ഡേറ്റ നിയമങ്ങള്‍ നിലനില്ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും അടുത്ത കാലങ്ങളിലായി ഗൂഗിളിനെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ ഔ കഴിഞ്ഞ വര്‍ഷം ഭീമമായ തുകയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന് മേല്‍ ചുമത്തിയത്.

നമ്മുടെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക മെയ്ല്‍ IDയും ജി മെയില്‍ IDതന്നെയാണ്.അതായത് അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന എല്ലാ ആളുകളുടേയും ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നൊരു വാദം ഉന്നയിച്ചാല്‍ അദ്ദേഹം അതിനെ എങ്ങിനെ പ്രതിരോധിക്കും? എന്നാല്‍, ഇപ്പോള്‍ കൊവിഡ് 19-നുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് ഇവിടെ ഒരു സര്‍ക്കാരാണ് പറയുന്നത് .

എന്നിട്ടും കോലാഹലം ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? മനുഷ്യ ജീവനെ രക്ഷിക്കുവാന്‍ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ നടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയേറ്റിലെ ക്ലാര്‍ക്ക് മുതല്‍ ചീഫ് സെക്രട്ടറി വരെ ഒപ്പിട്ട് ഗവര്‍ണറുടെ പേരില്‍ ഉത്തരവ് ആയിട്ട് മതിയെന്നു പറയുന്നത് കേരളം അടുത്ത കാലത്ത് കേള്‍ക്കുന്ന ഏറ്റവും ക്രൂരമായ രാഷട്രീയ തമാശയായിരിക്കും. ‘ആരോഗ്യ മന്ത്രിയുടെ മീഡിയാ മാനിയ; മുഖ്യന്ത്രി പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ? സര്‍ക്കാര്‍ അനാവശ്യമായി കൊറോണ ഭീതി പരത്തുകയാണ് ,അമേരിക്കകാര്‍ ചെയ്തത് പോലെ mitigation നടപടികള്‍ ചെയ്താല്‍ പോരെ എന്നൊക്കെയുള്ള ക്രൂരമായ അസംബന്ധങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഈ വിവാദവും.

ഇന്ത്യന്‍ വംശജയും 61കാരിയുമായ മാധവി അയ(Aya) ന്യൂയോര്‍ക്കിലെ ആരോഗ്യ പ്രവര്‍ത്തകയായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുമ്പ് അവര്‍ക്ക് മകളും അവര്‍ മകള്‍ക്കും അയച്ച സന്ദേശമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. വിശദമായ സ്റ്റോറി:

https://www.nytimes.com/…/coronavirus-woodhull-madhvi-aya-d…

നമ്മുടെ നാട്ടില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഇതു വരെ ഉണ്ടാവാന്‍ ഈ സര്‍ക്കാര്‍ സമ്മതിച്ചിട്ടില്ല.

പതിനായിരകണക്കിന് പേര്‍ ലോകമെമ്പാടും മരിച്ചു വീഴുമ്പോള്‍ കേരളത്തിന് രക്ഷിക്കാന്‍ കഴിയാതെ പോയത് ഇതുവരെ 2 പേരെ മാത്രമാണ്. അത് ലോകത്തെ ഏത് സ്റ്റാന്‍ഡേര്‍ഡ് വച്ച് പറഞ്ഞാലും അത്ഭുതം തന്നെയാണ്.ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് രെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ള മലയാളികളെയും പ്രവാസികളെയും കേരളത്തില്‍ തിരിച്ചെത്തിക്കുന്നതിനും പരിചരിക്കുന്നതിന്നും അങ്ങനെ സാമൂഹ്യ വ്യാപനം സംഭവിക്കാതെ നോക്കേണ്ടതിനുമാണ് വളരെ തിടുക്കപ്പെട്ട് ഈ പ്രക്രിയകളിലൂടെ സര്‍ക്കാരിന് പോകേണ്ടി വരുന്നത്.

അപ്പോള്‍ നടപടികള്‍ പാലിച്ചും നിയമസാധുതകള്‍ അന്വേഷിച്ചും അനുമതികള്‍ പല തലങ്ങളില്‍ നിന്ന് വാങ്ങിയും ഇതൊക്കെ ചെയ്താ മതി ഹേ എന്നു പറയുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അധികാര രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവന്‍. അഥവാ മനുഷ്യനുണ്ടെങ്കിലേ രാഷ്ടീയ മുള്ളൂ, അധികാരമുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News