കൊറോണ പരിശോധനയ്ക്കായി പുതിയ കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട്

കോവിഡ് പരിശോധനയ്ക്കായി പുതിയ കിറ്റ് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചു. പി സി ആർ ടെസ്റ്റിന് സമാനമായ പരിശോധന നടത്തുന്നതാണ് ശ്രീചിത്ര വികസിപ്പിച്ച ജീൻലാംപ് – എൻ ടെസ്റ്റ് കിറ്റ്.

ഒന്നര മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കും എന്നതാണ് കിറ്റിന്‍റെ പ്രത്യേകത. ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കും എന്നതും നേട്ടമാണ്. കിറ്റിന് ഐസിഎംആര്‍ ന്‍റെ അനുമതി ലഭിച്ചു..

ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലൂടെ കോവിഡിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടിയാണ് സ്വന്തമാകുന്നത്. ആർ.ടി ലാമ്പ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാർസ് കോവ് 2ലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ആദ്യ ടെസ്റ്റ് കിറ്റുകളിൽ ഒന്ന് എന്ന സവിശേഷതയുമുണ്ട്.

കോവിഡ് പരിശോധനയ്ക്കായി വികസിപ്പിച്ച ജീൻലാംപ് എൻ ഉപയോഗിച്ച് പത്ത് മിനുറ്റിനുള്ളിൽ ജീ‍ൻ കണ്ടെത്താനാകും. സാമ്പിൾ ശേഖരണം മുതൽ ഫലം വരുന്നത് വരെയുള്ള സമയം ഒന്നര മണിക്കൂറും. നിലവിലെ പി സി ആർ ടെസ്റ്റിന് മൂന്ന് മണിക്കുറിലധികം എടുക്കുന്ന സാഹചര്യത്തിലാണിത് എന്നതും കിറ്റിന്‍റെ പ്രത്യേകതയാണ്.

ഒരു മെഷീനിൽ ഒരു ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീൻ ഉപയോഗിച്ച് തന്നെ കൂടുതൽ പരിശോധന നടത്താം. ജില്ലാ ആശുപത്രികളിൽ പോലും വളരെ എളുപ്പത്തിൽ ടെസ്റ്റിംഗ് സൗകര്യവും സജ്ജീകരിക്കാനും സാധിക്കും.

ഫ്ളൂറസെൻസിൽ വരുന്ന മാറ്റം വിലയിരുത്തി മെഷീനിൽ നിന്ന് തന്നെ ഫലം അറിയാം സാധിക്കും. ഒരു ടെസ്റ്റിന്‍റെ ചെലവ് ആയിരം രൂപയിൽ താ‍ഴെ മാത്രമാണ് എന്നത് പ്രത്യേകതയാണ്. നിലവിൽ പി സി ആർ പരിശോധനയ്ക്ക് 3000 രൂപ മുതൽ 4500 രൂപ വരെയാണ് ചിലവാകുന്നത്.

ഐസിഎംആര്‍ ന്‍റെ ആനുമതി ലഭിച്ച പശ്ചാത്തലത്തിൽ കിറ്റിന്‍റെ ഉൽപാദനത്തിനായി സാങ്കേതിക വിദ്യ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജിയിലെ മുതിർന്ന ഡോക്ടർ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം 3 ആ‍ഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News