ലോകത്ത് കൊറോണ മരണം ഒന്നരലക്ഷത്തിലേക്ക്; രോഗബാധിതര്‍ 21 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മരണം 34,000 കടന്നു

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 1,45,443 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്. കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം യൂറോപ്പില്‍ 92,000 കടന്നു. അമേരിക്കയില്‍ 34,000 കവിഞ്ഞു.

രോഗം ഏറ്റവുമധികം ജീവനപഹരിച്ച യൂറോപ്പില്‍ പത്തരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ബ്രിട്ടനില്‍ 4617 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഭൂഖണ്ഡത്തില്‍ രോഗബാധിതരുടെ എണ്ണം ലക്ഷം കടന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് നേരത്തെ ലക്ഷം കടന്നത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു.

അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. അവിടെ മരണസംഖ്യ 34,000ലധികമായി. ദിനംപ്രതി മരണസംഖ്യ അയവില്ലാതെ തുടരുകയാണ്. ക്യാനഡയിലും മരണസംഖ്യ 1000 കടന്നു. മുപ്പതിനായിരത്തോളമാണ് അവിടെ രോഗബാധിതര്‍. ഒമ്പതിനായിരത്തിലധികം പേര്‍ക്ക് ഭേദമായി.

ചൈനയില്‍ വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ 92 പേര്‍കൂടി മരിച്ചതോടെ ആകെ 4869 ആയി. ആകെ മരണത്തില്‍ മൂന്നാമതുള്ള സ്പെയിനില്‍ മരണസംഖ്യ 19,315 ആയി. ബ്രിട്ടനില്‍ 861 പേര്‍ കൂടി മരിച്ചപ്പോള്‍ ആകെ 13,729 ആയി. ബല്‍ജിയത്തില്‍ അയ്യായിരത്തോടടുക്കുന്നു. മരണത്തില്‍ യുഎസിന്റെ പിന്നിലുള്ള ഇറ്റലിയില്‍ മരണസംഖ്യ 22,000 കടന്നു. ഫ്രാന്‍സില്‍ പതിനെണ്ണായിരത്തോളമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here