കോഴിക്കോട്: യുഡിഎഫ് ഭരണത്തില്‍ ലീഗ് കൊലയാളികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. നാദാപുരം വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ധനസഹായമായി നല്‍കിയത്.
2015 ജനുവരി 22നായിരുന്നു കോഴിക്കോട് തൂണേരി വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികള്‍ക്കാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. 22ലക്ഷത്തോളം രൂപയാണ് ഖജനാവില്‍ നിന്ന് നല്‍കിയത്.
ലീഗുകാരായ പ്രതികള്‍ തെയ്യമ്പാടി ഇസ്മയില്‍, അസ്ലം, മുനീര്‍, സിദ്ദിക്, മുഹമ്മദ് അസീബ് എന്നിവരുടെ കുടുംബത്തിനായിരുന്നു സഹായം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും മുമ്പ് കൊലയാളികളുടെ കുടുംബത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. 2015 മെയ് 19നായിരുന്നു ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്.
മന്ത്രിയായിരുന്ന എം കെ മുനീറിന്റെ നേതൃത്യത്തിലുള്ള സമിതിയുടെ ശുപാര്‍ശയിലായിരുന്നു പ്രതികളുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം. അക്രമത്തില്‍ വീടുകള്‍ക്ക് നഷ്ടമുണ്ടായെന്ന് പറഞ്ഞായിരുന്നു പൊതുഫണ്ട് നല്‍കാനുള്ള തീരുമാനം. ഇതില്‍ കോണ്‍ഗ്രസില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നു. പക്ഷെ, എം കെ മുനീറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പ്രതികള്‍ക്ക് പണം നല്‍കിയത്.
അതേസമയം ഈ വസ്തുതകളൊക്കെ കണ്ടില്ലെന്നുനടിച്ചാണ് ലീഗും യുഡിഎഫ് സര്‍ക്കാരും അക്രമികളെ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ പറഞ്ഞത്. ഷാജി ഇതൊക്കെ പറയുമ്പോള്‍ ഒന്നും മിണ്ടാതെ തൊട്ടടുത്തുണ്ടായിരുന്നു എം കെ മുനീര്‍.
Get real time update about this post categories directly on your device, subscribe now.