‘മനുഷ്യര്‍ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ’; വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തര്‍ക്കിക്കാനുള്ള നേരമല്ലിത്: പി എ മുഹമ്മദ് റിയാസ്

വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തര്‍ക്കിക്കാന്‍ ഉള്ള നേരമല്ലിത്. ലോകമാകെ കേരള സര്‍ക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുമ്പോള്‍ ഒരു ജയ് വിളിയും ഗോബാക്ക് വിളിയും കേരള ജനങ്ങളുടെ മനസ്സില്‍ ഉറച്ച ബോധ്യത്തെ ഇല്ലാതാക്കില്ല.

പി എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘മനുഷ്യര്‍ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ’

‘ ദിവസേനയുള്ള പത്രസമ്മേളനം ചിലരെ പേടിച്ച് മുഖ്യമന്ത്രി നിര്‍ത്തി’

‘മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയും എന്ന് പറഞ്ഞു തടിയൂരി ‘

‘മറുപടി ചില വിഷയങ്ങളില്‍ ചിലര്‍ക്ക് കൊടുക്കാഞ്ഞത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് കോട്ടം തട്ടി ‘

തുടങ്ങിയ ചര്‍ച്ചകളും,പ്രചാരണങ്ങളും,
ചിലര്‍ക്ക് ജയ് വിളികളും കേരളത്തിലെ പ്രതിപക്ഷ മുന്നണിയിലെ ചില നേതാക്കളുടെ പ്രത്യേക നിര്‍ദേശത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ഏറ്റെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ഒരു വാക്ക്‌പോരിന്റെ ലോകകപ്പ് ഫൈനല്‍ മത്സരം പോലെയാണ് ഇവരില്‍ പലരും എടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഗൗരവമായി കോവിഡ് പ്രശ്‌നത്തെ കാണുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കാത്തവരുമായ ജനങ്ങളിലെ മഹാഭൂരിപക്ഷവും ഇപ്പോള്‍ ഒരു വാഗ്വാദമല്ല നാടിന് ആവശ്യം എന്ന് കരുതുന്നവരാണ്.

കോവിഡ് കാലത്ത് രാഷ്ട്രീയം പറയുന്നത് നിരോധിക്കപ്പെടണമെന്ന അഭിപ്രായത്തോട് ഇടതുപക്ഷ മനസ്സുകള്‍ യോജിക്കുന്നില്ല.
സര്‍ക്കാരുകള്‍ കേന്ദ്രമായിക്കോട്ടെ സംസ്ഥാനമായിക്കോട്ടെ അതിരുവിട്ടാല്‍ ഈ കോവിഡ് കാലത്തും വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.ഈ കോവിഡ് കാലത്ത് മറ്റു താല്പര്യങ്ങളുടെ ഭാഗമായി വിമര്‍ശനം ഒരു ലക്ഷ്യമാക്കി വിമര്‍ശിക്കരുത് എന്നു മാത്രം.
വിമര്‍ശനമേ പാടില്ല എന്ന അഭിപ്രായം കേരള മുഖ്യമന്ത്രിയും പങ്കുവെച്ച് കണ്ടിട്ടില്ല.
അതിജീവനത്തിന്റെ രാഷ്ട്രീയം തീര്‍ച്ചയായും പോര്‍ക്ക് വിളികളില്ലാതെ,പക്വമായി സംവദിക്കേണ്ടത് തന്നെയാണ്.
‘മനുഷ്യര്‍ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ’
എന്ന മുഖ്യമന്ത്രിയുടെ വാചകം ഈ ശരിയായ രാഷ്ട്രീയത്തിന്റെ സന്ദേശം തന്നെയാണ് നല്‍കുന്നത്.
കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനു മാതൃകയായ പൊതുജനാരോഗ്യ സമ്പ്രദായത്തിന്റെ പിറകിലുള്ള നയവും രാഷ്ട്രീയവും തീര്‍ച്ചയായും ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടത് തന്നെയാണ്. ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ തമസ്‌കരിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയവും തുറന്ന് കാട്ടപ്പെടേണ്ടതാണ്.
ലോകത്തെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിച്ചതിന്റെ ദുരന്തം അതാത് രാജ്യങ്ങള്‍ നേരിടുമ്പോള്‍ മുതലാളിത്ത നയവും അതിന്റെ രാഷ്ട്രീയവും ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് .കൊച്ചു ക്യൂബയില്‍ നിന്നുയര്‍ന്ന പ്രധിരോധ മാതൃകയുടെയും ,മാനവിക മൂല്യങ്ങളുടെയും രാഷ്ട്രീയം നമ്മുടെ ചര്‍ച്ചയില്‍ നിന്ന് പരിഹസിച്ചു തള്ളി കളയേണ്ടതല്ലല്ലോ.
കൊച്ചു കേരളം ലോകത്തിനു മാതൃകയായത് കേരളത്തിലെ മാറി ഭരിച്ച ഇടതുപക്ഷ സര്‍ക്കാറുകളും ഇപ്പോളത്തെ Ldf സര്‍ക്കാരും ഉയര്‍ത്തിപ്പിടിച്ച നിസ്വവര്‍ഗ താത്പര്യമുള്ള രാഷ്ട്രീയം കൊണ്ടു തന്നെയാണ്.

ആരോഗ്യ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന udf ആയിരുന്നു കേരളം തുടര്‍ച്ചയായി ഭരിച്ചിരുന്നതെങ്കില്‍ ഇന്ന് കോണ്‍ഗ്രസ്സും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രയാസപ്പെടുന്നതു പോലെ കേരളീയര്‍ പ്രയാസപ്പെടുമെന്നത്
ഈ കൊറോണ കാലത്ത് അധ്യാപകരില്ലാതെ തന്നെ മലയാളി പഠിച്ച പാഠമാണ്.

പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറും വിലയിരുത്തലിനും വിമര്‍ശനത്തിനും വിധേയമാക്കേണ്ടവര്‍ തന്നെയാണ് . എന്നാല്‍ സ്വന്തം അണികള്‍ ഒലിച്ചുപോകാതിരിക്കാനും,സ്വന്തം പ്രസ്ഥാനത്തില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനും വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട്  തര്‍ക്കിക്കാന്‍ ഉള്ള നേരമല്ലിത്.
ഇടതുപക്ഷ നയം നിശ്ചയദാര്‍ഢ്യത്തോടെ നടപ്പിലാക്കുന്ന ഭരണാധികാരി എന്ന നിലയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഞങ്ങള്‍ക്ക് പ്രിയങ്കരന്‍ തന്നെയാണ്. സമൂഹം പ്രതിസന്ധി നേരിടുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ സമചിത്തതയോടെ നാടിനെ നയിക്കുന്നു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തി കഴിഞ്ഞതും,സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പിന്തുടരാവുന്ന രീതിയുമാണ്.

ഒരു ചങ്കുള്ള,അമാനുഷികനല്ലാത്ത,കമ്മ്യുണിസ്റ്റായ സഖാവ് പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണ് എന്നു പ്രചരിപ്പിക്കുവാന്‍ ldfനും ,അതല്ല ഒന്നിനും പറ്റാത്ത ഭരണാധികാരിയാണെന്ന് പ്രചരിപ്പിക്കുവാന്‍ udfനും അവകാശമുണ്ട്.അതില്‍ ഏതു വാദമാണ് ശരിയെന്ന് ജനം തീരുമാനിക്കട്ടെ.പക്ഷേ ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കലും,ജനകീയ ഐക്യം ദൃഢപ്പെടുത്തലും ചെയ്യേണ്ട രാഷ്ട്രീയമാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത് .
വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വാക്ക് പോരിന്റെ ചാമ്പ്യന്‍ഷിപ്പായി കാണുന്നവരല്ല മഹാഭൂരിപക്ഷം ജനങ്ങളും. ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വേളകളായി മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ മാറി എന്നത് യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രി ദൈനംദിന പത്രസമ്മേളനം ഒഴിവാക്കി എന്നത് വാക്‌പോരിന്റെ ടൂര്‍ണമെന്റായി കാണുന്നവര്‍ക്ക് നിരാശയും അല്ലാത്തവര്‍ക്ക് ആത്മവിശ്വാസവുമാണ് നല്‍കുക.

കോവിഡ് കാലത്ത് രാഷ്ട്രീയത്തിന് നിരോധനമില്ല എന്നതുപോലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും നിരോധിച്ചതോ അവസാനിച്ചതോ അല്ല, താല്‍ക്കാലിക ആശ്വാസത്തിന്റെ സ്ഥിതി വന്നു എന്നതിന്റെ ഭാഗമായി ദൈനം ദിനം എന്നത് മാറ്റിയെന്ന് മാത്രമേയുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ലോകമാകെ കേരള സര്‍ക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുമ്പോള്‍ ഒരു ജയ് വിളിയും ഗോബാക്ക് വിളിയും കേരള ജനങ്ങളുടെ മനസ്സില്‍ ഉറച്ച ബോധ്യത്തെ ഇല്ലാതാക്കില്ല.
ആ ബോധ്യത്തിനെതിരെ ആര് പ്രവര്‍ത്തിച്ചാലും ചരിത്രത്തില്‍ അവരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍ ആയിരിക്കും. തീര്‍ച്ച..

-പി എ മുഹമ്മദ് റിയാസ്-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News