കൊറോണയേക്കാള്‍ മാരകമായ ചില വൈറസുകളെ പ്രതിപക്ഷ നേതാക്കള്‍ ചുമന്ന് നടക്കുന്നു; ഈ വൈറസിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം: കെ കെ രാഗേഷ്

കൊറോണയെക്കാള്‍ മാരകമായ ചില വൈറസുകളെ പ്രതിപക്ഷ നേതാക്കള്‍ ചുമന്ന് നടക്കുന്നുവെന്നും ഈ വൈറസിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കെ കെ രാഗേഷ് എം പി.

ഈ വൈറസ് വാഹകരോട് സാമൂഹ്യ അകലം പാലിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണമെന്നും തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

പാലുള്ള അകിട്ടിലെ ചോരതേടുന്ന കൊതുകുകൾ

കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും മതസാമുദായിക സംഘടനകൾ പോലും പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോൽപിക്കാൻ രംഗത്തിറങ്ങിയ ദിവസങ്ങളായിരുന്നു ദേശീയ ലോക്കൗട്ട് കാലത്തെ ആദ്യത്തെ മൂന്നാഴ്ചകൾ.

ലോകമാകെ കേരളത്തെ ഉറ്റുനോക്കിയ നാളുകൾ. കേരളം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാകുന്നു എന്ന് പ്രശംസിക്കപ്പെട്ട കാലം. ജീവനുണ്ടെങ്കിലേ ജീവിതം ഉള്ളൂ. ജീവിതം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിനും മതസാമുദായിക താല്പര്യങ്ങൾക്കും മറ്റും നിലനിൽപുള്ളൂ എന്നൊരു പുതിയ പാഠം നമ്മൾ ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഇതര സംസ്ഥാന സർക്കാരുകളുടെയും വിദേശീ -സ്വദേശി മാധ്യമങ്ങളുടെയും ഒക്കെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി, ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രാപ്പകലില്ലാതെ അദ്ധ്വാനിച്ചു.

പോലീസും ഐ.ടി. വിദഗ്ദ്ധരും മറ്റ് ഉദ്യോഗസ്ഥന്മാരും മുമ്പെങ്ങും കാണാത്ത ഐക്യത്തോടും പരസ്പരകരുതലോടും അഹോരാത്രം പണിയെടുത്തു. എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാത്തെ ചില ക്ഷുദ്രജീവികൾ അവിടെയും ഇവിടെയും ഒക്കെ പതുങ്ങി ഇരുപ്പുണ്ടായിരുന്നു.

ലോക്കൗട്ടിന് അയവുവരുന്നു. കേരളം ഏറെക്കുറെ കോവിഡ് ഭീഷണിയെ മറികടന്നിരിക്കുന്നു എന്ന് തോന്നിയതോടെ ഈ ക്ഷുദ്രജന്തുക്കൾ അവരുടെ മാളത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നു.

കൈവിട്ടുപോയ രാഷ്ട്രീയ അധികാരം ഇതുമൂലം തിരിച്ചുപിടിക്കാൻ കഴിയാതെപോകുമോ എന്ന അങ്കലാപ്പ്മൂലമാകാം കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും സംയുക്തമായി ചില ചപ്പടാച്ചി പ്രസ്താവനകളുമായി മാധ്യമങ്ങൾക്കു മുന്നിൽവന്നുനിന്ന് സ്വയം പരിഹാസ്യരായി.

അവർ നിർമിച്ച പെരും നുണകളുടെ ദുർബലമായ കൂടാരത്തിലേക്കവരുടെ അണികൾ പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് ചില വാടക ഗുണ്ടകളെ ഇറക്കി വാട്ട്‌സാപ്പ് തമാശകളുടെ നനഞ്ഞ പടക്കത്തിന് തീ കൊളുത്തിയത്.

അതു ചീറ്റിപ്പോയതല്ലാതെ പ്രതീക്ഷിച്ചതുപോലെ പൊട്ടിയില്ല. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുതുടങ്ങി. മുഖ്യമന്ത്രിയുടെ പിതൃത്വം പോലും ആക്ഷേപിക്കാൻ മുതിർന്നു. കെ.പി.സി.സി.യുടെ ഐറ്റി പ്ലാറ്റ്‌ഫോം തന്നെ അതിനായി ഉപയോഗിക്കപ്പെട്ടു.

കേരളത്തിന്റെ പഴമനസ്സിൽ നിന്നും പടിയിറങ്ങിപ്പോയ ജാതീയ ഉച്ചനീചത്വചിന്തകളെ വീണ്ടെടുക്കാനായിരുന്നു പരിശ്രമം. ചെത്തുകാരന്റെ മകൻ ചെത്തുകാരനാകുന്നതിന് പകരം കേരളത്തിന്റെ മുഖ്യമന്ത്രിയായതിലായിരുന്നു ഈ ഖദറിട്ട വർഗീയ കോമരങ്ങളുടെ അസഹിഷ്ണുത. കോൺഗ്രസ് പാർട്ടിയിൽ അവശേഷിക്കുന്ന ആരോ ചില വിവരമുള്ളവർ ഇടപെട്ടതിനെത്തുടർന്നാകാം അത്തരം പരാമർശങ്ങൾ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷമായി.

തീർന്നില്ല, ദാ വരുന്നു ഏറെ നാളായി ചവച്ചുതുപ്പാൻ ഒന്നും കിട്ടാത്തതിന്റെ നിരാശമൂലം തങ്ങൾ രാഷ്ട്രീയരംഗത്തുനിന്നും തുടച്ചുമാറ്റപ്പെട്ടേക്കുമോ എന്നാശങ്കപ്പെട്ടുകഴിയുന്ന കുരുട്ടുബുദ്ധികൾക്ക് പിടിച്ചുകയറാൻ ഒരു കച്ചിത്തുരുമ്പ്.

യൂറേക്കാ എന്ന ആർപ്പുവിളിയുമായി ആർക്കിമിഡീസ് കുളിത്തൊട്ടിയിൽ നിന്നും വിവസ്ത്രനായി വന്നതുപോലെ ആയിരുന്നു വരവ്. യൂറേക്കാ എന്നതിന് പകരം സ്പ്രിംഗ്ലർ, സ്പ്രിംഗ്ലർ എന്നായിരുന്നു മുറവിളി. അടിമുടി നിരാശരായ ഈ കക്ഷികളെ കണ്ട് ജനം കോവിഡ് കാലത്ത് സ്വന്തം മുഖംമൂടികൾ പൊക്കി മൂക്കത്ത് വിരൽവെച്ചുപോയി.

കോവിഡ് ഭീതിയും രോഗപ്രതിരോധവും ചർച്ചചെയ്ത് മറ്റൊരു വിഷയം കിട്ടാതെ വല്ലാതെ വിഷമിച്ചുകഴിഞ്ഞിരുന്ന ചില ചാനൽ അവതാരകർ അവസരം കളഞ്ഞുകുളിച്ചില്ല. വായിൽതോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞു.

ചാനലുകളിൽ വന്നിരുന്ന് മാർക്സിസ്റ്റ് വിരുദ്ധ അന്തിചർച്ചകളിൽ അഭിരമിച്ചിരുന്നവർ കുറെ കാലമായി തൊഴിൽ രഹിതരായിരുന്നു. അവസരം കാത്തിരുന്നവരെ തേടി ചാനലുകളിൽ നിന്നും ഫോൺ വിളികൾ വന്നുതുടങ്ങി.

അവരേകസ്വരത്തിൽ ആർത്തുവിളിച്ചു. പിണറായി വിജയനെ ക്രൂശിക്കുക, ലാവലിൻ, ലാവലിൻ എന്ന് വിളിച്ചുകൂവി തൊണ്ടയിലെ വെള്ളം വറ്റിച്ചവർ അല്പം കൂടി ഉച്ചാരണ വൈഷമ്യം ഉള്ള സ്പ്രിംഗ്ലർ സ്പ്രിംഗ്ലർ എന്നാണിപ്പോൾ വിളിച്ചുകൂവുന്നത്.

യഥാർത്ഥത്തിൽ നടന്നതെന്തെന്ന് ഗവൺമെന്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും കൃത്യമായി ജനത്തിന് വിശദീകരിച്ചുകൊടുത്തു. ചർച്ചയ്ക്ക് കൊഴുപ്പുകൂട്ടാൻ സ്പ്രിംഗ്ലർ, ഡേറ്റാ, ഡാഷ്‌ബോർഡ്, സോഫ്റ്റ്‌വെയർ, എം.എൻ.സി. കമ്മീഷൻ, കൈക്കൂലി ഇങ്ങനെയൊക്കെ ഇക്കൂട്ടർ ഓരിയിട്ടു.

ഇക്കൂട്ടരുടെ ഉപദേശം കണക്കിലെടുത്ത് കാര്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിൽ രമേഷ് ചെന്നിത്തല നിയമസഭയിൽ നടത്തിയ പ്രസംഗത്തിലേതുപോലെ ഇവിടെ എന്തുചെയ്യുന്നതും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആലോചിച്ചിട്ട് ചെയ്യേണ്ടിവരുമായിരുന്നില്ലേ?

അമേരിക്കയിൽ ലോക്കൗട്ടില്ല. അതിനാൽ ഇവിടെയും ലോക്കൗട്ട് വേണ്ടാ എന്ന് പ്രസംഗിച്ച വിദ്വാനാണ് ഈ പ്രതിപക്ഷനേതാവ്. അതെങ്ങാനും കേട്ടിരുന്നെങ്കിൽ ആളുകളുടെ കൂട്ടമരണത്തിന്റെ കാര്യത്തിലെങ്കിലും കേരളം ഇപ്പോൾ അമേരിക്കയാകുമായിരുന്നു. ഇവരീപ്പറയുന്നതത്രയും ആരും തൊണ്ടതൊടാതെ വിഴുങ്ങാനൊന്നും പോകുന്നില്ല. എന്തിന് കോൺഗ്രസ്സുകാർക്കും ലീഗുകാർക്കുപോലും വിവരംവെച്ചുതുടങ്ങിയ കാലമാണിത്.

ഐടി വിഷയങ്ങളിലൊന്നും തനിക്ക് പ്രാഗത്ഭ്യം ഇല്ലാത്തതിനാലാകാം അഴീക്കോട് നിയോജകമണ്ഡലത്തിലെ അര എം.എൽ.എ. കെ.എം. ഷാജി മറ്റൊരു നനഞ്ഞപടക്കം എറിഞ്ഞിരിക്കുന്നത്.

നിയമസഭയിൽ വന്നിരുന്ന് സാന്നിദ്ധ്യം അറിയിക്കാനും അപൂർവ്വമായി മാത്രം വായ്തുറക്കാനും അല്ലാതെ വോട്ടുചെയ്യാനോ പ്രതിഫലം വാങ്ങാനോ അർഹതയില്ലാത്ത ഈ മനുഷ്യനു പിണറായി വിജയനു സ്വന്തം പാർട്ടി അണികളിൽ നിന്നുപോലും നിർലോഭം ലഭിക്കുന്ന സഹകരണവും പിന്തുണയും ഒന്നും തീരെ സഹിക്കുന്നില്ല.

സ്വന്തം കൈയ്യിലിരിപ്പിന്റെ മേന്മ കൊണ്ടാണ് ഈ മാന്യ ദേഹത്തിന് ഇപ്പോൾ ഈ അര എം.എൽ.എ. പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് എന്ന കാര്യം ജനങ്ങൾ മറന്നിട്ടില്ല. മുസ്ലീങ്ങൾക്ക് സിറാത്തിന്റെ പാലം (സ്വർഗത്തിലേക്കുള്ള പാലം) കടക്കാനുള്ള എളുപ്പവഴി കോണിക്ക് വോട്ട് ചെയ്യലാണെന്ന് ഉളുപ്പില്ലാതെ പ്രചരണം നടത്തിയ ഈ വർഗ്ഗീയ കുബുദ്ധിക്ക് കോടതി നൽകിയ ശിക്ഷയാണിത്.

“കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.

കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക” തെരഞ്ഞെടുപ്പിന്റെ തലേന്നാൾ മുസ്ലീം വോട്ടർമാരുടെ ഇടയിൽ ഇയാൾ നോട്ടീസടിച്ച് പ്രചരിപ്പിച്ച വാചകങ്ങളാണിത്. അതിന്റെ ശരിതെറ്റുകൾ അവിടെയിരിക്കട്ടെ. അതു കോടതിക്ക് വിടാം. എന്തുതന്നെയായാലും ഈ ദുരിതകാലത്ത് ഇങ്ങനെയൊക്കെ വിളിച്ചുപറയാൻ മാത്രം ഒരു രാഷ്ട്രീയനേതാവ് തരംതാഴാമോ?

കോൺഗ്രസ്സിനും ലീഗിനും എതിരായ കേസുനടത്താൻ ആണുപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആർക്കോ വേണമെങ്കിൽ ഷാജിയുടെ ഈ പ്രസ്താവനക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാണ്.

പക്ഷേ ആരും ആ പണിക്കൊന്നും പോകുമെന്ന് തോന്നുന്നില്ല. കാരണം ഇത്തരം വിവരദോഷികളുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ കേട്ടാൽ ഇല്ലാതാകുന്നതാണോ മാനം എന്ന് കേസുമായി ചെല്ലുന്നവരോട് ബഹുമാനപ്പെട്ട കോടതി ചോദിച്ചേക്കുമെന്നതുകൊണ്ട് തന്നെ. മാത്രമല്ല, അങ്ങനെ ചുളുവിൽ ആളാകാനുള്ള അവസരം ഇത്തരം അൽപബുദ്ധികൾക്ക് നൽകുന്നതും ശരിയല്ലല്ലോ.

ഇത്തരക്കാർ സ്വന്തം ആസനത്തിൽ വളർത്തുന്ന ആൽച്ചുവട്ടിൽ വിശ്രമിക്കട്ടെ എന്നേ സാമാന്യബുദ്ധിയുള്ള ആരും കരുതുകയുള്ളൂ. ഇതെല്ലാം സൂചിപ്പിക്കുന്നത് കൊറോണയെക്കാൾ മാരകമായ ചില വൈറസുകൾ ഇവിടുത്തെ ചില പ്രതിപക്ഷ നേതാക്കൾ ചുമന്ന് നടക്കുന്നുണ്ടെന്ന് തന്നെയാണ് .

ഈ നികൃഷ്ട വൈറസിന്റെ സമൂഹ വ്യാപനം തടയാൻ മനുഷ്യരാകെ ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്. ഈ വൈറസ് വാഹകരോട് സാമൂഹ്യ അകലം പാലിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണം.
കെ കെ രാഗേഷ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News