പ്രതിസന്ധി നേരിടുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തം: തോമസ് ഐസക്

ഗൗരമായ പ്രതിസന്ധി നേരിടുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തമാണെന്ന്  ധനമന്ത്രി  തോമസ് ഐസക്ക്. ലോകത്തെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ പ്രതിസന്ധി നേരിടുന്നതിന് സര്‍ക്കാരുകളെ സഹായിക്കുന്നതിനുവേണ്ടി പുതിയ പണം അച്ചടിക്കുക അല്ലെങ്കില്‍ സര്‍ക്കാരുകള്‍ക്ക് നേരിട്ടു വായ്പ നല്‍കുന്നതടക്കമുള്ള എന്ത് നടപടിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടത്തിന്റെ ഒരുഭാഗം മോണിറ്റൈസ് ചെയ്യാതെ നിര്‍വ്വാഹമില്ലായെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രംഗരാജന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹമായിരുന്നു രണ്ടുപതിറ്റാണ്ട് മുമ്പ് റിസര്‍വ്വ് ബാങ്കില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് വായ്പ എടുക്കുന്ന രീതി അവസാനിപ്പിച്ചത്. അദ്ദേഹം തന്നെ ഇന്നത്തെ അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

എന്നാല്‍, റിസര്‍വ്വ് ബാങ്ക് ഈ സുപ്രധാന കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.ഈ സാമ്പത്തികവര്‍ഷമാദ്യം കേന്ദ്രത്തിന്റെ വെയിസ് ആന്റ് മീന്‍സ് പരിധി 60 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെത് 30 ശതമാനം മാത്രമാണ് ഉയര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരുകളുടെ വെയിസ് ആന്റ് മീന്‍സ് പരിധി ഇപ്പോള്‍ 60 ശതമാനം ഉയര്‍ത്തിയതുകൊണ്ട് അവരുടെ സാമ്പത്തിക ഞെരുക്കത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ല.

കേരളത്തിന് ഈ സാമ്പത്തികവര്‍ഷം ആദ്യം വെയിസ് ആന്റ് മീന്‍സ് അഡ്വാന്‍സും തുല്യമായ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3159 കോടി രൂപ വായ്പയെടുക്കാന്‍ അനുവാദമുണ്ട്. ഇതിന്റെ പകുതി വരുന്ന ഓവര്‍ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി കേരളത്തിന് ഇപ്രകാരം താല്‍ക്കാലികമായി എടുക്കാവുന്ന തുക 3888 കോടി രൂപയായി ഉയര്‍ന്നു. അതായത് 729 കോടി രൂപയുടെ വര്‍ദ്ധന.

ഇതു തന്നെ സെപ്തംബര്‍ 30 വരെ മാത്രമേയുള്ളൂ. അതു കഴിഞ്ഞാല്‍ പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചു പോകണം. സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. എങ്കില്‍ കേരളത്തിന് 18000 കോടി രൂപ കൂടുതല്‍ വായ്പയെടുക്കാന്‍ കഴിയും. ആ സ്ഥാനത്താണ് താല്‍ക്കാലികമായി 729 കോടി രൂപ അനുവദിച്ചത്.

റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചതുകൊണ്ട് റീട്ടെയില്‍ പലിശ നിരക്കില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. അതുകൊണ്ട് റ്റി.എല്‍.റ്റി.ആര്‍.ഒ. (Targeted Long Term Repo Operations) വഴി 50,000 കോടി രൂപ ബാങ്കേതര സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. സാധാരണഗതിയിലുള്ള റിപ്പോ വായ്പ ഒരു മാസത്തില്‍ താഴെ കാലാവധിയാണ്. എന്നാല്‍ പുതിയ വായ്പകള്‍ ഒന്ന് മുതല്‍ മൂന്നു വര്‍ഷം വരെ ദൈര്‍ഘ്യമുള്ളവയാണ്. നബാര്‍ഡിനും സിഡ്ബിക്കും നാഷണല്‍ ഹൗസിംഗ് ബാങ്കിനും കൂടുതല്‍ റീ-ഫൈനാന്‍സ് അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

നബാര്‍ഡില്‍ നിന്ന് കേരളം അഭ്യര്‍ത്ഥിച്ചിട്ടുള്ള അധിക വായ്പ ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കണം. സിഡ്ബി കൂടുതല്‍ പണം കെഎഫ്‌സിക്ക് അനുവദിക്കണം. നാഷണല്‍ ഹൗസിംഗ് ബാങ്ക് ലൈഫ് മിഷന് വായ്പ അനുവദിക്കണം.ഇന്ന് ഇന്ത്യ മുഴുവനും റിസര്‍വ്വ് ബാങ്കില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചകാര്യങ്ങള്‍ മുഖ്യമായും മൂന്നാണ്.

ഒന്ന്, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമോ?

രണ്ട്, മൊറട്ടോറിയം ഒരു വര്‍ഷത്തേയ്ക്ക് നീട്ടുമോ?

മൂന്ന്, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉദാരമായ വായ്പയും നിലവിലുള്ള വായ്പയുടെ പുനസംഘടന പാക്കേജും പ്രഖ്യാപിക്കുമോ?
ഈ മൂന്ന് സുപ്രധാന കാര്യങ്ങളിലും ആര്‍ബിഐ മൗനം പാലിച്ചിരിക്കുകയാണെന്നും ഐസക്ക് വ്യക്തമാക്കി

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthomasisaaq%2Fposts%2F3465869200095863&width=500″ width=”500″ height=”549″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News