രാഷ്ട്രീയ പകപോക്കലെന്ന ഷാജിയുടെ വാദം പൊളിഞ്ഞു; വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് മാര്‍ച്ച് 16ന്; രേഖകള്‍ കൈരളിന്യൂസിന്

തിരുവനന്തപുരം: മുസ്ലീം ലീഗ് എംഎല്‍എ കെഎ ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് മാര്‍ച്ച് 16ന്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17(A) പ്രകാരം ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടു.

തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന കെഎം ഷാജിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

2017ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്ററി അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസടുക്കണമെന്ന ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.കെഎം ഷാജിക്കെതിരെ നല്‍കിയത് മുസ്ലീം ലീഗിന്റെ അഴീക്കോട് പഞ്ചായത്ത് കമ്മറ്റിയാണ്.

കണ്ണൂരിലെ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 2014ല്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്ലസ്ടു അനുവദിച്ചു. 25 ലക്ഷം രൂപ അഴീക്കോട് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ ഓഫീസ് നിര്‍മ്മാണത്തിനായി നല്‍കാമെന്നായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റും പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ ധാരണ.

സ്‌കൂളിന് പ്ലസ്ടു അനുവദിച്ചപ്പോള്‍ പണത്തിന്റെ കാര്യത്തിനായി മാനേജ്‌മെന്റിനെ ലീഗ് നേതൃത്വം ബന്ധപ്പെട്ടപ്പോഴാണ് എംഎല്‍എ കെഎം ഷാജി ഇടപെടുന്നത്. പ്ലസ്ടു അനുവദിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്ന ഷാജിയുടെ വാക്ക് വിശ്വസിച്ച് ലീഗിന്റെ പഞ്ചായത്ത് കമ്മറ്റി പാര്‍ട്ടി ഓഫീസിനായി പണം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.

എന്നാല്‍ ഇനിയാണ് കഥയിലെ ട്വിസ്റ്റ്. 2017 ജൂണ്‍ മാസം ചേര്‍ന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച വരവ് ചിലവ് കണക്കില്‍ 25 ലക്ഷം ലീഗ് കൈപറ്റിയതായി എഴുതി വെച്ചിരിക്കുന്നു. തുടര്‍ന്ന് ലീഗുകാര്‍ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് അഴിമതിയിലൂടെ ലീഗ് പഞ്ചായത്ത് കമ്മറ്റിക്ക് ലഭിക്കേണ്ടിയിരുന്ന പണം കെഎം ഷാജി തട്ടിയെടുത്തായി ബോധ്യപ്പെട്ടത്.

ഷാജിക്കെതിരെ പാര്‍ട്ടി നടത്തിയ ആഭ്യന്തര അന്വേഷണം എങ്ങുമെത്താതെ പോയി. ഇതേ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്തു. ജനപ്രതിനിധിയായതിനാല്‍ തന്നെ സ്പീക്കറുടെ അനുമതിയും സര്‍ക്കാരിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ടായിരുന്നു.

എംവി നികേഷ്‌കുമാറിനെതിരെ വര്‍ഗ്ഗീയ പറഞ്ഞ് വോട്ട് തേടിയതിന് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുകയാണ്. സ്പ്രീംകോടതിയിലെ അപ്പീലിന്റെ ബലത്തിലാണ് ഇപ്പോള്‍ ഷാജി എംഎല്‍എയായി തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News