ഷാജിയുടെ നുണപ്രചരണങ്ങള്‍ കേസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി നുണപ്രചരണവുമായി രംഗത്തിറങ്ങിയത് തന്റെ പേരിലുള്ള അഴിമതി ആരോപണത്തെ മറയിടാന്‍.

അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം മുറുകുന്നുവെന്ന് കണ്ടതോടെയാണ് ഷാജി നുണപ്രചരണം നടത്തിയത്. ഇതോടെയാണ് ഷാജി മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും പ്രസ്താവനകളിറക്കിയത്.

കേസ് നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരികയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി തേടി 05/10/2018 ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. 19/11/2019 ലാണ് നിയമസഭാ സെക്രട്ടറിക്ക് കേസ് എടുക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള വിജിലന്‍സിന്റെ കത്ത് ലഭിക്കുന്നത്. 13/03/2020 ല്‍ സ്പീക്കറുടെ അനുമതി കിട്ടി. 16/03/2020 ല്‍ നിയമസഭാ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ഇതിന് കൃത്യം ഒരുമാസത്തിന് ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

വിജിലന്‍സ് അന്വേഷണം മുന്നില്‍ക്കണ്ടാണ് ഷാജി ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പരാതിക്കാരനായ പത്മനാഭന്‍ പറഞ്ഞു. ലീഗ് യോഗങ്ങളില്‍ ഷാജിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പകര്‍പ്പ് കൈവശമുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.

ഷാജി പണം വാങ്ങിയെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ആദ്യം പരാതി നല്‍കിയ മുസ്ലിം ലീഗ് നേതാനായ നൗഷാദ് ഇന്നും പറഞ്ഞു. മുസ്ലിം ലീഗിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുമാണ് ഇപ്പോള്‍ നൗഷാദ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here