”ലോകത്ത് പൊതുഖജനാവില്‍ നിന്ന് ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആര്‍ക്ക്? ഒരേയൊരു ഉത്തരം മാത്രം”

(മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത്)

ലീഗ് നേതാക്കള്‍ മന്ത്രിച്ചൂതി ഉണ്ടാക്കിയിട്ടുള്ളതുമല്ല കേരളം!
……………………………………..
പൊതുഖജനാവില്‍ നിന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ അതിന് ഒരേഒരു ഉത്തരമേ ഉണ്ടാകൂ. ലീഗ് നേതാവ് മുനീര്‍.

അദ്ദേഹത്തിന്റെ വന്ദ്യനായ പിതാവ് സി.എച്ച്. മുഹമ്മദ്‌കോയ സാഹിബ് ഉപമുഖ്യമന്ത്രിയായിരിക്കെ മരണപ്പെട്ടു. അതേതുടര്‍ന്ന് അന്നത്തെ UDF സര്‍ക്കാര്‍ സി.എച്ചിന്റെ കുടുംബത്തെ ദത്തെടുത്തു. മുനീറിന്റെ ഉമ്മക്ക് മരണം വരെ 500 രൂപ (35 കൊല്ലം മുമ്പാണെന്ന് ഓര്‍ക്കണം).

മുനീറിന്റെ വലിയുമ്മക്ക് മരണം വരെ 250 രൂപ. മുനീറിന്റെ പഠന ചെലവിനുള്ള മുഴുവന്‍ തുകയും അതിനു പുറമെ പോക്കറ്റ് മണി 100 രൂപ വേറെയും നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചു. മുനീര്‍ അന്ന് പഠിച്ചിരുന്നത് ബാഗ്ലൂരില്‍ സമ്പന്നരുടെയും രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും മക്കള്‍ പഠിച്ചിരുന്ന ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു. അവിടന്ന് അദ്ദേഹത്തെ കഴിവിന്റെയും മിടുക്കിന്റെയും അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം ലഭിക്കുന്ന കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ മന്ത്രിമാരായിരിക്കെ പലരും മരണപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്കൊന്നും ഇത്തരമൊരാനുകൂല്യം ലഭിച്ചതായി അറിവില്ല. സി.എച്ചിന്റെ കുടുംബത്തെക്കാള്‍ ദയനീയ സ്ഥിതിയില്‍ ജീവിച്ചിരുന്ന കുടുംബങ്ങള്‍ പലതുമുണ്ടായിരുന്നിട്ട് പോലും. ലീഗിന് ഇത് പക്ഷേ തെറ്റായ കാര്യമായി തോന്നിയിട്ടില്ല.

എന്നാല്‍ NCP യുടെ സംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നര്‍മ്മം തുളുമ്പുന്ന പ്രഭാഷകനായി വിരാജിച്ച് നിന്ന്, അകാലത്തില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞ ഉഴവൂര്‍ വിജയന്റെ, ജപ്തിയിലായിരുന്ന വീട് ബാദ്ധ്യതകള്‍ തീര്‍ത്ത് പ്രമാണം ബാങ്കില്‍ നിന്ന് തിരിച്ചെടുത്ത് കൊടുക്കാന്‍ തീരുമാനിച്ച LDF സര്‍ക്കാരിന്റെ മാനുഷിക നടപടി ലീഗിന് മഹാപരാധമായി തോന്നിയത് എങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ലീഗ് നേതാവും മുന്‍ എം.എല്‍.എ യുമായ കളത്തില്‍ അബ്ദുള്ളയുടെ ചികില്‍സക്കായി 20 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് LDF ഗവ: നല്‍കിയത് മുസ്ലിംലീഗിന് തീര്‍ത്തും ശരിയായ നടപടിയാണ്.

അതേ സമയം എം.എല്‍.എ ആയിരിക്കെ മരണപ്പെട്ട രാമചന്ദ്രന്‍ നായരുടെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍ കൈത്താങ്ങായത് അവര്‍ക്ക് ഹിമാലയന്‍ തെറ്റായാണ് അനുഭവപ്പെട്ടത്.

ഇത്തരം കാര്യങ്ങളിലെങ്കിലും മുസ്ലിംലീഗിന് മതത്തിന്റെയും പാര്‍ട്ടിയുടെയും കണ്ണട ഇനിയെങ്കിലും മാറ്റിവെച്ചു കൂടെ? തികഞ്ഞ വര്‍ഗ്ഗീയ പ്രചരണം തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയതിന് ബഹുമാനപ്പെട്ട കേരള ഹൈകോടതി രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പ് അസാധുവാക്കി, ഇപ്പോള്‍ സുപ്രീംകോടതിയുടെ ദാക്ഷിണ്യത്തില്‍ വോട്ടിംഗിന് പോലും അവകാശമില്ലാതെ സ്വന്തം ചെലവില്‍ നിയമസഭയില്‍ ഹാജരായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാത്രം അവകാശമുള്ള ലീഗ് നേതാവ് ഇങ്ങിനെയൊക്കെ ചിന്തിച്ചില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ.

പെരിയ ഇരട്ടക്കൊലക്കേസ് CBI ക്ക് വിടണമെന്ന കേസില്‍ സര്‍ക്കാര്‍ വക്കീല്‍ ഫീസ് നല്‍കിയത് (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നല്ല) ലീഗിന് ഹറാം!(നിഷിദ്ധം). ഒന്‍പത് പേര്‍ അറുകൊലചെയ്യപ്പെട്ട മാറാട് കലാപം ഇആഹ അന്വേഷിക്കണമെന്ന ഹര്‍ജിക്കെതിരെ UDF സര്‍ക്കാര്‍ വക്കീലിനെ വെച്ച് ഫീസ് കൊടുത്ത് വാദിപ്പിച്ചത് ലീഗിന് ഹലാല്‍(അനുവദനീയം)

നാദാപുരം തൂണേരിയില്‍ ഷിബിന്‍ എന്ന ഇരുപതുകാരനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായീലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച ലീഗ് നടപടി വിശുദ്ധം! നാട്ടിലെ അയാളുടെ കുടുംബത്തിന് അക്രമിക്കപ്പെട്ട വീട് നന്നാക്കാന്‍ എന്ന പേരില്‍ 17.5 ലക്ഷം സഹായം UDF മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതും ലീഗിന് പവിത്രം!

ലീഗിന്റെ ഗുജറാത്ത് ഫണ്ട് പോലെയോ സുനാമി ഫണ്ട് പോലെയോ ആണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് ലീഗ് കരുതിയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

കുഞ്ഞാലിക്കുട്ടി സാഹിബേ, ആവിഷ്‌കാര സ്വാതന്ത്യം പച്ചനുണ പറയലും മുതിര്‍ന്ന നേതാക്കളെപ്പോലും സഭ്യതയുടെ സര്‍വ സീമകളും ലംഘിച്ച് അവഹേളിച്ച് സംസാരിക്കലുമല്ല. സ്വന്തം മുന്നണിയിലെ സീനിയര്‍ ലീഡര്‍പോലും ലീഗ് നേതാവിന്റെ ആവിഷ്‌കാര സ്വാതന്ത്യത്തില്‍ അപമാനിതനാകുന്നത് താഴേ കൊടുത്തിട്ടുള്ള ഇമേജ് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇതൊക്കെ ഒന്ന് നിയന്ത്രിച്ചാല്‍ ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ ഭാവിയില്‍ ഗുണം ചെയ്‌തേക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here