കൊറോണ: സൗദിയില്‍ ഇന്ന് മരണം 4; ആകെ മരണം 87; പുതുതായി രോഗം സ്ഥിരീകരിച്ചത് 762 പേര്‍ക്ക്

കൊറോണവൈറസ് ബാധിച്ച വെള്ളിയാഴ്ച സൗദിയില്‍ നാലു പേരും കുവൈത്തില്‍ രണ്ടു പേരും ഒമാനില്‍ ഒരാളും മരിച്ചു. സൗദിയില്‍ ഇതോടെ കോവിഡ് മൂലമുള്ള മരണം 87 ആയി.

762 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണിത്. ഇതുവരെ വൈറസ് സ്ഥിരീകരിച്ചവര്‍ 7,142 ആയി ഉയര്‍ന്നു. ഇതില്‍ 1049 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച 59 പേര്‍ക്കാണ് രോഗമുക്തി.

മക്കയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്- 325 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മദീന-197, ജിദ്ദ-142, ഹുഫൂഫ്-35, റിയാദ്-24, ദമാം-18 എന്നിങ്ങിനെയാണ് മറ്റിടങ്ങളിലെ രോഗികള്‍.

കുവൈത്തില്‍ 58 വയസ്സുള്ള സ്വദേശിയും 69 കാരനായ ഇറാന്‍ പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ചായി. വെള്ളിയാഴ്ച 64 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 134 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ സ്ഥിരീകരിച്ച കേസുകള്‍ 1,658 ആയി. ഇതുവരെ 924 ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗ മുക്തി നേടിയവര്‍ 258 ആയി.

നിലവില്‍ 1,395 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 16 നില ഗുരുതരമാണ്.
ഒമാനില്‍ കോവിഡ് ബാധിച്ച് 66 കാരനായ പ്രവാസി മരിച്ചു. ഇതോടെ രാജ്യത്ത് മരണം അഞ്ചായി.

കൊറോണവൈറസ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വിദേശിയാണിത്. വെള്ളിയാഴ്ച രാജ്യത്ത് പുതുതായി 50 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ പ്രവാസികളാണ്. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,069 ആയി.

ഖത്തറില്‍ 560 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികള്‍ 4,663 ആയി. സ്വദേശികള്‍, വിദേശികള്‍, പ്രവാസി തൊഴിലാളികള്‍ തുടങ്ങിയവരിലാണ് പുതുതായി രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 49 പേര്‍ രോഗ മുക്തരായി. ആകെ രോഗം ഭേദമായവര്‍ 464 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here