ലോകത്ത് കൊറോണ മരണം ഒന്നരലക്ഷം കടന്നു; രോഗബാധിതര്‍ 22 ലക്ഷം കവിഞ്ഞു; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഒരാഴ്ച്ചക്കിടെയാണ് അരലക്ഷം പേരും മരിച്ചത്. അമേരിക്കയില്‍ മരണസംഖ്യ നാല്‍പ്പതിനായിരത്തോട് അടുക്കുകയാണ്. ഒറ്റദിവസംകൊണ്ട് 4591 പേരാണ് അവിടെ മരിച്ചത്.

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 14,000 കടന്നു. മരണം അഞ്ഞൂറിനോടടുത്തു. 24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. 1076 രോഗികളെക്കൂടി കണ്ടെത്തി. സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കനുസരിച്ച് മരണം 483, രോഗികള്‍ 14,047. ആരോഗ്യമന്ത്രാലയത്തിന്റെ അവസാന കണക്ക് പ്രകാരം 452 പേര്‍ മരിച്ചു, 13,835 രോഗികള്‍. 1766 പേര്‍ രോഗവിമുക്തരായി.

രോഗം ആദ്യം കണ്ടെത്തിയ ചൈനയില്‍ തുടക്കത്തില്‍ മരണം കണക്കാക്കിയതിലെ പിശക് തിരുത്തി പുതിയ കണക്ക് പുറത്തുവിട്ടു. ഇതനുസരിച്ച് അവിടെ 4632 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ആരും മരിച്ചിട്ടില്ല.

യൂറോപ്പിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്നരലക്ഷത്തിലധികവും രണ്ടിടത്ത് ഒരുലക്ഷത്തിലധികവും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 847 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 14,576. ബെല്‍ജിയത്തില്‍ 313 പേര്‍ കൂടി മരിച്ചതോടെ അയ്യായിരം കടന്നു. 36,138 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മരണസംഖ്യയില്‍ മൂന്നാമതുള്ള സ്പെയിനില്‍ 585 പേര്‍ കൂടി മരിച്ചതോടെ മരണം 19478. ഇറ്റലിയില്‍ മരണം 22745. ഫ്രാന്‍സില്‍ 18500 കടന്നു. ഇറാനില്‍ മരണസംഖ്യ അയ്യായിരത്തോടടുക്കുന്നു. 89 മരണം കൂടി സ്ഥിരീകരിച്ച അവിടെ തുടര്‍ച്ചയായി ആറാംദിവസമാണ് മരണസംഖ്യ കുറഞ്ഞത്. ജര്‍മനിയിലും രോഗം നിയന്ത്രണവിധേയമായി. 138456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അവിടെ 4193പേരാണ് മരിച്ചത്.

ആഫ്രിക്കയില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിന്റെ പഠനത്തില്‍ പറയുന്നു. ഇതുവരെ 18000 പേര്‍ക്കാണ് ഭൂഖണ്ഡത്തില്‍ രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News