കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് വിശദീകരണം.  മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുന:ക്രമീകരിച്ചത് വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യം ദൈനംദിനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും അതിന്‍റെ തീരുമാനങ്ങള്‍ അതാത് ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും എന്നതായിരുന്നു പതിവ്.

ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് എല്ലാ ദിവസവും വാർത്താസമ്മേളനം ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

എന്നാൽ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തെ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണമിറക്കിയത്.

കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നേറുകയാണ്. അതിന്‍റെ ഫലമായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

ലോക്ഡൗണ്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗങ്ങള്‍ ആവശ്യം വരുന്ന ദിവസങ്ങളില്‍ മതി എന്നാണ് ഇപ്പോഴത്തെ തീരുമാനം.

ഒന്നിടവിട്ട ദിവസങ്ങളിൽ അല്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ എന്നതാണ് ഇപ്പോ‍ഴത്തെ ധാരണ. അവലോകന യോഗങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും ഉണ്ടാവും.

നേരത്തെ തന്നെ ശനി, ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ കോവിഡ് അവലോകന യോഗം ചേരാറില്ല. തിങ്കളാഴ്ചയാണ് അടുത്ത യോഗം നിശ്ചയിച്ചിട്ടുള്ളത്.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആ യോഗത്തിനുശേഷം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here