അയാള്‍ മുറിവിട്ടിറങ്ങി, മറ്റൊരു മനുഷ്യജന്മം ഭൂമുഖത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നന്വേഷിച്ച്

(കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോജറ്റ് ജോണ്‍ എഴുതിയ കഥ)

അവസാനത്തെ മനുഷ്യന്‍

——
കാലവും ദിവസവും അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. അവശേഷിക്കുന്ന ആഹാരപ്പൊതികള്‍ ഒരു ഭാണ്ഡത്തിലാക്കി അയാള്‍ മുറിവിട്ടിറങ്ങി. മറ്റൊരു മനുഷ്യജന്മം ഭൂമുഖത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നന്വേഷിച്ച്.

നാടും നഗരവും അയാള്‍ നടന്നുതാണ്ടി.
വാഹനങ്ങളുടെ ഇരമ്പലില്ല.
ഫാക്ടറികളുടെ ശബ്ദകോലാഹലമില്ല.
ആണായും പെണ്ണായും ഭൂമുഖത്ത്
മറ്റാരെയും അയാള്‍ കണ്ടില്ല.

പാടത്ത് തനിയേ വളര്‍ന്ന നെല്‍ക്കതിരുകള്‍..
ആകാശത്ത് കുരുവികളുടെ സന്തോഷാമൃതം..
വേടനെ ഭയക്കാതെ മനുഷ്യവാസ കേന്ദ്രങ്ങള്‍ കയ്യടക്കി കാട്ടുമൃഗങ്ങള്‍..

സൗഭാഗ്യ കാലം നഷ്ടമായ തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്. മെലിഞ്ഞ് എല്ലുന്തിയ അവയ്ക്ക് ഭാണ്ഡത്തിലെ അവസാന പൊതി അയാള്‍ സമ്മാനിച്ചു.

എണ്ണമറിയാത്ത ഏകാന്തദിനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടേയിരുന്നു..
നദികളും മലകളും അയാള്‍ താണ്ടി.

ഒരിക്കല്‍ ഉച്ചത്തില്‍ അയാള്‍ നിലവിളിച്ചു. മലകളില്‍ തട്ടി ആ ശബ്ദം അയാളുടെ കാതുകളിലേക്കുതന്നെ തിരിച്ചെത്തി.
കൊറോണ കൊണ്ടുപോയ ആയിരം മനുഷ്യരുടെ രോദനമായി..

ഭാര്യയും മക്കളും സുഹൃത്തുക്കളും ബന്ധുക്കളും അങ്ങനെ മനുഷ്യവര്‍ഗത്തിന്റെ നല്ലകാലം ഓര്‍മകളിലേക്കെത്തിയപ്പോള്‍ അയാളില്‍നിന്നുയര്‍ന്ന വിതുമ്പല്‍ താഴ്വാരത്തിലൂടെ താഴേക്ക് ഒഴുകി. ആ ദു:ഖതീരത്തുകൂടി പ്രയാണം തുടര്‍ന്ന അയാള്‍ ഏതോ സമുദ്രതീരത്ത് വഴിമുട്ടിനിന്നു.

നിരാശയുടെ സായംസന്ധ്യയില്‍ അയാള്‍ കാലിലെ തേഞ്ഞ ചെരുപ്പൂരി നടുക്കടലിലേക്ക് വലിച്ചെറിഞ്ഞു. കീറിയ വസ്ത്രങ്ങളൂരി മണല്‍ത്തരികളിലുപേക്ഷിച്ച് അട്ടഹസിച്ചു .. ഭ്രാന്തനെപ്പോലെ…

അസ്തമന സൂര്യന്‍ പിന്നിലേക്ക് നീട്ടിവരച്ച നിഴലില്‍നിന്ന് താന്‍ മുടിയും താടിയും നീണ്ട പ്രാകൃതനാണെന്നയാള്‍ തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവിന്റെ ഒരു നിമിഷം.
ഊര്‍ജപ്രവാഹമെന്നപോലെ ഒരു മന്ദമാരുതന്‍
അയാളെ കടന്നുപോയി.
ആരോ കേള്‍ക്കാനെന്നവണ്ണം
താന്‍ അവസാന മനുഷ്യനല്ല…
നഗ്‌നനായ ആദിമനുഷ്യന്‍…
എന്നയാള്‍ ഉറക്കെ പ്രഖ്യാപിച്ചു..
ഉറക്കെ ഉറക്കെ…

അതുകണ്ട തിരമാലകള്‍ ആര്‍ത്തലച്ച് അയാളെ മാടി വിളിച്ചുകൊണ്ടേയിരുന്നു.. ആ വിളികേട്ട് രാത്രിയുടെ ഏതോ നാഴികയില്‍ അയാള്‍ കടലിലേക്കിറങ്ങി…

പുലരും മുമ്പേ മറുകരയെത്തണം.
അവിടെ പ്രതീക്ഷയുടെ പ്രകാശം ഉദിച്ചുയരും.

അപരാജിതനാകാതിരിക്കാന്‍ ആയിരം നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നതുകൊണ്ട് നടുക്കടലിലും അയാള്‍ക്ക്
പേടി തോന്നിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here