”ആറുമണി തള്ള് എന്ന് പറയുന്നവരുണ്ടാകും, പക്ഷേ കാത്തിരിക്കുന്നവരാണ് കൂടുതല്‍; മുന്നില്‍ നിന്ന് നയിക്കുന്ന സര്‍ക്കാരില്‍ തന്നെ വിശ്വാസം”

നടി മാലാ പാര്‍വ്വതി എഴുതുന്നു

ഈ മഹാമാരിയില്‍ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ട്.

അത് കാണാതെ പോകരുത്. ഇന്ന് 5.55ന് അലാറം അടിച്ചപ്പോള്‍ വല്ലാതെ നൊന്തു. ‘6മണി തള്ള്’ എന്ന് പറയുന്ന കുറെ പേര്‍ ഉണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു. ലോകം മുഴുവന്‍ കോവിഡിനെ നോക്കി ക്ഷ ത്ര ണ്ണ എഴുതുകയാണ്. കേരളമാകട്ടെ നോഹയുടെ പെട്ടകത്തില്‍ എന്ന പോലെ സുരക്ഷിതരായി സമുദ്രം താണ്ടുന്നു.

മറുകര കാണാമെന്നായപ്പോള്‍ ആരോക്കെയോ കല്ലെറിയുന്നു. കേരളത്തിന് വേണ്ടി ഇത് വരെ എന്തെങ്കിലും കാര്യമായി ഇവര്‍ ചെയ്തതായി ഓര്‍മയും കിട്ടുന്നില്ല. പ്രളയവും, നിപ്പയും ഒക്കെ വന്ന കാലത്ത് കൈ തന്നു സഹായിച്ച, മുന്നില്‍ നിന്ന് നയിച്ച ഈ സര്‍ക്കാരില്‍ തന്നെയാണ് വിശ്വാസം.

ഭരണം നടക്കുകയായിരുന്നു പെട്ടെന്ന് എല്ലാം രാഷ്ട്രീയമായി. ആരാണ് ഉത്തരവാദി എന്ന് അറിയില്ല. പക്ഷെ കുറച്ചു ദിവസം മുന്നേ വരെ ഭയത്തിലും ആശങ്കയിലും നമ്മെ ആശ്വസിപ്പിച്ചിരുന്ന കുറച്ചു മുഖങ്ങള്‍ ഉണ്ടായിരുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിടെ, പ്രിയപ്പെട്ട ഷൈലജ ടീച്ചറിന്റെ, അത് പോലെ തന്നെ മറ്റ് മന്ത്രിമാരുടെ, കളക്ടര്‍മാരുടെ,ആരോഗ്യപ്രവര്‍ത്തകരുടെ. പോലീസ്‌കാരുടെ. ഇവരെല്ലാം ചെയ്ത പ്രവര്‍ത്തനങ്ങളും.,കേരളത്തിലെ സ്ഥിതിയും പറഞ്ഞു തന്ന്, ഇനി നമ്മള്‍ ചെയ്യേണ്ടതും പറഞ്ഞ് ഓരോ ദിവസവും കൈ പിടിച്ചു നടത്താന്‍ 6മണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നല്‍കിയിരുന്നു.

താങ്ങായി തണലായി വഴികാട്ടിയായി ഒരു രക്ഷിതാവുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. അതില്‍ എന്നെ പോലെയുള്ളവര്‍ തെല്ലൊന്ന് അഹങ്കരിച്ചുപോയോ എന്നൊരു സംശയം! ഓര്‍ത്തിരുന്നില്ല തക്കം നോക്കി പതുങ്ങിയിരിക്കുന്ന മഹാമാരികള്‍ മനുഷ്യ രൂപത്തില്‍ ഇവിടെ ഉണ്ടെന്ന്. താത്കാലികമായി മറന്നു പോയിരുന്നു.ആശ്വസിച്ചിരുന്നു.എന്നാല്‍ നാട് ജയിച്ചതില്‍ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ്. അതിനും ചികിത്സയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News