”എല്ലില്ലാത്ത നാവുമായി എന്റെ മുട്ടുകാലിന്റെ ബലം അളക്കാന്‍ വരണ്ട”; കെഎം ഷാജിയോട് സ്പീക്കര്‍

തിരുവനന്തപുരം: എല്ലില്ലാത്ത നാക്കുമായി തന്റെ മുട്ടു കാലിന്റെ ബലം അളക്കാന്‍ ആരും വരേണ്ടന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയമായ പ്രസ്താവനകള്‍ക്കോ വിവാദങ്ങള്‍ക്കോ പരിമിതിയുള്ള പദവിയിലിരിക്കുന്ന സ്പീക്കറെ കുറിച്ച് വിവാദങ്ങള്‍ വലിച്ചിയ്ക്കുന്നത് ബാലിശവും അപക്വവുമാണ്. നിരായുധനായ ആളുമായി വാളുകൊണ്ട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ് അത്.

അത്തരത്തിലുള്ള സ്പീക്കറുടെ പദവി ദൗര്‍ബല്യമായി കാണരുത്. യുക്തിരഹിതമായ ആരോപണങ്ങളാണ് കെഎം ഷാജി ഉന്നയിക്കുന്നത്.

കെഎം ഷാജിക്കെതിരെയുള്ള അഴിമതി കേസുമായി ബന്ധപ്പെട്ട് നിയമസഭയുടെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനെ വിവാദങ്ങളിലേക്കഴിച്ച് വിടുന്നത് സഭയോടുള്ള അവഹേളനമാണ്.

വിജിലന്‍സിന് പരാതി കൊടുത്തത് സ്പീക്കറുടെ ഓഫീസ് അല്ല. അവര്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും അതില്‍ കഴമ്പുണ്ടന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി അനുമതി തേടിയപ്പോള്‍ നിയമപരമായ അനുമതി നല്‍കുകയാണ് സഭ ചെയ്തത്.

കേസിന്റെ നടപടിക്രമങ്ങളെ കുറിച്ചോ മെറിറ്റിനെ കുറിച്ചോ അന്വേഷിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല. പൊതു പ്രര്‍ത്തകരുടെ അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതിയും എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതിയും വേണം.

സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തി തുടര്‍ നടപടികളുമായി മുന്നേട്ട് പോവാന്‍ അനുമതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റേയോ നിയമപരമായ നടപടിക്രമങ്ങളുടെയോ വിലങ്ങ്തടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കെ എം ഷാജിയുടെ അംഗത്വം കോടതി അയോഗ്യനാക്കിയപ്പോഴും ഇതേ വിവാദങ്ങള്‍ വലിച്ചിഴച്ചു നാക്കിന് എല്ലില്ലാ എന്ന് വെച്ച് എന്തും വിളിച്ച് പറയുന്നത് തന്റെ ശൈലിയല്ലന്നും സ്പീക്കര്‍ പറഞ്ഞു. ഇത് നിയമ സഭയോടുള്ള അവഹേളനമാണ്. ആരും ശ്രദ്ധിക്കാതെ വരുമ്പോള്‍ പേരെടുക്കാന്‍ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
കെ എം ഷാജിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടിയില്‍ ഒരു ഏലാന്തി കുഞ്ഞാപ്പയുണ്ടായിരുന്നു തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാല്‍ ഏറ്റവും ആദരണിയനായ കൊണ്ടോട്ടി തങ്ങളെ ചീത്ത പറയുകയും പച്ച തെറി വിളിക്കുകയും അതോടെ ആളുകള്‍ തടിച്ച് കൂടുകയും അറിയപ്പെടുകയും ചെയ്യും.

അതുപോലെ സ്വയം പേരെടുക്കാന്‍ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം സ്വീകരിക്കുന്നത് ശരിയല്ലന്നും മഹാമാരിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി ഒരു മനസ്സോടെ പ്രതിരോധിക്കുമ്പോള്‍ രാഷ്ടീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ദുഷ്ടലാക്കോടെയാണന്നും സ്പീക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News