സ്വകാര്യങ്ങള്‍ മുഴുവന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയില്‍; കയ്യിലിരുപ്പ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും; അപ്പോഴാണ് ചില സാറന്മാര്‍ക്ക് ഡാറ്റാ സെക്യൂരിറ്റിയെപ്പറ്റി ഓര്‍മ്മ വരുന്നത്

(നടന്‍ പ്രകാശ് ബാരെ എഴുതുന്നു)

മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നില്‍ക്കാന്‍ പോവുകയാണ്.

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ കഴിയുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ച കേരളത്തില്‍ പോലും ഇപ്പോഴും 150ഓളം പേര്‍ രോഗബാധിതരാണ്.

രോഗം പിടിച്ചുനിറുത്തുന്നതിനിടയില്‍ ജീവിതം കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് എല്ലാവരും. ജോലി, കയ്യിലുള്ള കാശ്, അന്നന്നത്തെ ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. ഇനിവരുന്ന മാസങ്ങളില്‍ എത്രകാലം ലോക്ക് ഡൗണിലാവും, എന്തൊക്കെ ദുരിതങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകേണ്ടിവരും.. ഒന്നിനുമൊരു പിടിയുമില്ല.

അപ്പോഴാണ് ഇവിടെ ചില സാറന്മാര്‍ക്ക് ഡാറ്റാ സെക്യൂരിറ്റിയെപ്പറ്റി ഓര്‍മ്മ വരുന്നത്. ഉള്ള ഡാറ്റ മുഴുവന്‍ ജിയോയ്ക്ക് പണയം വെച്ച ജന്മങ്ങള്‍. സ്വകാര്യങ്ങള്‍ മുഴുവന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയിലെ ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവരെ. കയ്യിലിരുപ്പ് മുഴുവന്‍ ഫേസ്ബുക്കിലും, ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും ഭദ്രം. ബാത്‌റൂമിലെ ശബ്ദങ്ങള്‍ വരെ കേള്‍ക്കാന്‍ അലെക്‌സയും സിരിയും.. പിന്നെ ചൈനക്കാരെ പിണക്കരുതല്ലോ. അവര്‍ക്കൊരു ടിക്ടാകും സൂമും..

അംബാനിയും ഫേസ്ബുക്കും കൂടെ ഇന്ത്യന്‍ ഇന്റര്‍നെറ്റ് മുഴുവന്‍ വഹിച്ചു കൊണ്ടുപോകാന്‍ നോക്കിയപ്പോള്‍ കണ്ടേയില്ല ഈ ഉശിരൊന്നും! പക്ഷെ സ്വന്തം നാടിനെയും നാട്ടുകാരെയും തികച്ചും സൗജന്യമായി സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അനാലിസിസില്‍ വൈദഗ്ധ്യം തെളിയിച്ച ഒരു മലയാളി സംരംഭകന്‍ മുന്നോട്ടുവന്നപ്പോള്‍ – എന്താ പുകില്! അമേരിക്ക! ഷേഡി കമ്പനി! പര്‍ച്ചേസ് ഓര്‍ഡര്‍! എമ്മെസ്സേ! 200 കോടി! ഇപ്പോ ക്യാന്‍സല്‍ ചെയ്യണം കരാര്‍.. ഐടി സെക്രട്ടറിയെ മാറ്റി നിറുത്തണം.. ഉന്നതതലത്തില്‍ അന്വേഷിക്കണം ..

ശരിയാണ് സര്‍വെയ്‌ലന്‍സും സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളും ഒരു വലിയ പ്രശ്‌നമാണ്. നമ്മളാ പ്രശ്‌നത്തില്‍ മുങ്ങിക്കിടക്കുകയുമാണ്. ആ പ്രശ്‌നം പരിഹരിക്കപ്പെടും വരെ മോഡിയും ട്രംപുമൊന്നും ഭരണത്തീന്ന് ഇറങ്ങിപ്പോകാനും പോണില്ല. എന്നാലിപ്പോള്‍ അങ്ങനൊരു ചര്‍ച്ചയ്ക്കുള്ള സമയമാണോ? ഇടതുവലതുഭരണകാലങ്ങളില്‍ അക്ഷയയിലൂടെയും, കെ എസ് ഇ ബി, സ്റ്റാര്‍ട്ടപ്പ് മിഷന്‍, പ്രളയകാല പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയൊക്കെ തന്റെ കഴിവും അര്‍പ്പണബോധവും തെളിയിച്ച ഉദ്യോഗസ്ഥനെത്തന്നെ അതില്‍ കരുവാക്കണമോ!.

ഇനി വരുന്ന ദിവസങ്ങളില്‍ കോവിഡിനെയും ജീവിതത്തെയും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ ടെക്‌നോളജി അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്നൊയാളാണ് ശിവശങ്കരന്‍. പലതവണ റാങ്കുകളോടെ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഐഎസ് രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശിവശങ്കരന്‍ തന്നെയാണ് അതിനു പറ്റിയ ആള്‍.

ഇനി വരുന്ന ദിവസങ്ങളില്‍ ആവശ്യമായി വരുന്ന നൂതനമായ ടെസ്റ്റിംഗ് ടെക്നിക്കുകള്‍, പേഷ്യന്റ് ട്രാക്കിംഗ് സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, മൊബൈല്‍ ആപ്പുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് അപ്പ്‌ളിക്കേഷനുകളും.. രാപ്പകലില്ലാതെ ഇതിനു പുറകെയായിരുന്നു ശിവശങ്കരനും, സര്‍ക്കാര്‍ മെഷിനറിയും ഒരുപാട് സംരംഭകരും വോളന്റിയേര്‍സും. ഈ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ മറ്റേതൊരു രാജ്യത്തിന്റേതിനോട് കിടപിടിക്കുന്നതും അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതുമാണ്.

അതിന്റിടയില്‍ സാറന്മാര് ചെയ്യാന്‍ ശ്രമിക്കുന്നത് രക്ഷപ്പെടാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെ തോല്പിക്കാനാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാം. കരുതല്‍ ആവശ്യപ്പെടാം. പക്ഷെ ജനങ്ങളുടെ ജീവനു മേലെ, ജീവിതത്തിന്ന് മേലെ, ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് മേലെ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കരുത്. 200 കോടി.. മലപ്പുറം കത്തി.. കൃത്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ കരിവാരിത്തേക്കരുത്.. അതിന്ന് പിന്തുണയുമായി മീഡിയക്കാര്‍ നിന്നുകൊടുക്കരുത്..

പ്രളയകാലത്ത് തോണിയുമെടുത്ത് ജനങ്ങളെ രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികളോട് മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് ചോദിച്ചില്ലല്ലോ നമ്മള്‍. അതുപോലെയാണ് സാര്‍ ഇപ്പോഴും കാര്യങ്ങള്‍. പതിവ് പെറ്റിപൊളിറ്റിക്‌സിനുള്ള നേരമായിട്ടില്ലിനിയും. രാജ്യത്ത് കോടികള്‍ രോഗബാധിതരാകാനും ലക്ഷങ്ങള്‍ മരണമടയാനും ഇപ്പോഴും സാദ്ധ്യത നിലനില്‍ക്കുന്നു. ഒറ്റക്കെട്ടായി പ്രവര്‍ത്തനം തുടരാം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാം. അല്ലെങ്കിലത് സ്വന്തം കാലിലേക്ക് വെടി വെക്കുന്നത് പോലെയാവും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News