ജീവിച്ചിരുന്നിട്ടല്ലേ ഡേറ്റ വില്‍ക്കപ്പെടുക, ഫേസ്ബുക്കിന്റെയും ജീമെയിലിന്റെയും കയ്യിലുള്ളതില്‍ കവിഞ്ഞ് ഒരു ഡേറ്റയും വില്‍പ്പനയ്ക്കില്ല…!

സ്വകാര്യതകള്‍ നഷ്ടപ്പെട്ട ലോകത്തെക്കുറിച്ച് ഭാവനാത്മാകമായി ലോക കേരള സഭയുടെ യുകെ പ്രതിനിധി രാജേഷ് കൃഷ്ണ എഴുതുന്നു.

സ്വകാര്യതകള്‍ നഷ്ടപ്പെട്ട ലോകത്തെ ഒരു ദിവസം.

2051 ജനുവരി മുപ്പത്തൊന്ന് ചൊവ്വാഴ്ച. പരിചിതമല്ലാത്ത ശബ്ദം എന്നെ ഉണര്‍ത്തി.

കണ്ണുതുറന്ന് നോക്കുമ്പോള്‍ ചുവരിലെ പ്രൊജക്ടഡ് ഡിജിറ്റല്‍ കലണ്ടറില്‍ ആ ദിവസം അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. സ്വപ്നത്തിലല്ലെന്നുറപ്പു വരുത്തി എന്റെ മനസ്സിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഞാനൊന്ന് തിരിച്ച് നടക്കാന്‍ ശ്രമിച്ചു.

തലയ്ക്ക് പരിക്കേറ്റ ആ അപകട ദൃശ്യങ്ങള്‍ എന്റെ കണ്‍മുന്നില്‍ ഒരു സുതാര്യ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങി ശത്രുക്കളുടെ വരെ ചിത്രങ്ങളില്‍ തുടങ്ങി പഴയ കാമുകിമാരുടെ ചിത്രങ്ങള്‍ എന്നെ ഉപേക്ഷിച്ചു പോയ ഓഡറില്‍ എത്തിയപ്പോള്‍ ജാള്യതയോടെ ഞാന്‍ മുഖം തിരിച്ചു. ബാക്ഗ്രൗണ്ടിലെ അദൃശ്യ ശബ്ദം എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ മറുപടിയുമായെത്തി.

‘ഇത് നിങ്ങളുടെ മനസ്സിന്റെ ബാക്കപ്പാണ്. കറപ്റ്റായ ഫയലുകള്‍ ഞങ്ങള്‍ റിട്രൈവ് ചെയ്തത്’.
‘പടച്ചോനേ പണി പാളിയോ ‘ എന്ന എന്റെ ആത്മഗതത്തിനും വന്നു മറുപടി.
‘ ആ പിന്നെ ഒന്നു കൂടി, നിങ്ങളുടെ ചിന്തകള്‍ക്കും ഇനി പ്രൈവസിയില്ല’ പിന്നെ ഇന്‍കോഗ്‌നിറ്റോ മോഡ് പോലെ ഒന്നോ രണ്ടോ ആഴ്ച രേഖപ്പെടുത്തപ്പെടാതെ ജീവിക്കാന്‍ പാക്കേജുകള്‍ ലഭ്യമാണ്. ഞങ്ങളില്‍ നിന്ന് വാങ്ങിയാല്‍ ഡിസ്‌കൗണ്ട് ഉണ്ട്, പക്ഷെ ഞങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിയേ എടുക്കൂ’

എന്റെ ബോധക്ഷയം മുന്ന് പതിറ്റാണ്ടുകള്‍ താണ്ടിക്കഴിഞ്ഞെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. പക്ഷെ മുന്നിലുള്ള കണ്ണാടിയില്‍ എന്റെ ഛായയുള്ള ചെറുപ്പക്കാരനെയും ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ കൂടുതല്‍ ചെറുപ്പമായിരിക്കുന്നു, എന്റെ നീണ്ട ഉറക്കം നാല്‍പ്പതുകളില്‍ തുടങ്ങിയതാണെങ്കിലും എന്റെ മുപ്പതുകളിലെ രൂപത്തിലേക്ക് ആരോ എന്നെ പ്രീ സെറ്റ് ചെയ്തിരിക്കുന്നു.

ഒട്ടൊക്കെ വിജനമായ പഞ്ചനക്ഷത്ര ആശുപത്രിക്കിടക്കവിട്ട് ഞാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ അടുത്ത അദൃശ്യ കമാന്‍ഡുകള്‍ എത്തിത്തുടങ്ങി.
ഇവിടെ പൊതുവെ മാനസിക സമ്മര്‍ദരോഗങ്ങള്‍ കൂടുതലാണെങ്കിലും ശാരീരിക അസുഖങ്ങള്‍ വളരെ കുറവാണത്രേ.

പുറത്തേക്കുള്ള പടികടക്കും മുന്നേ എനിക്കായി ഒരു ഒരു ചെറുമോതിരം നീട്ടപ്പെട്ടു , 1040 ഇന്‍ബില്‍ട്ട് ഫങ്ങ്ഷനുകളുള്ള, മുന്നില്‍ രൂപ രഹിത സ്‌ക്രീന്‍ എവിടെയും തെളിയുന്ന ഒരു മൊബൈല്‍ ഫോണാണതെന്ന് മനസിലാക്കാന്‍ സമയമെടുത്തു.

കാലത്തിന്റെ ഓട്ടത്തില്‍ പേരുകളുടെ സ്ഥാനത്ത് മൊബൈല്‍ നമ്പര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പാസ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടും എല്ലാം ഇതാണത്രേ. ഇത്തിരിയെങ്കിലും സ്വകാര്യതയുള്ള കരിഞ്ചന്തയില്‍ മാത്രം കിട്ടുന്ന നമ്പര്‍ ബട്ടന്‍ മാത്രമുള്ള പഴയ ഫോണുകള്‍ക്ക് വന്‍ വിലയാണ്. എന്തിനേറെ ഹെല്‍ത്ത് റൊട്ടീന്‍ ചെക്കപ്പുകളുടെ റിസള്‍ട്ടും സമയാസമയം എന്റെ യന്ത്രഡോക്ടര്‍ക്ക് കിട്ടുമത്രേ…!

വഴിനീളെ ആളുകള്‍ അലസരായി ഇരിക്കുന്നു. ഇരിപ്പു കൂട്ടങ്ങളായാണെങ്കിലും വലിയ സംസാരമോ തര്‍ക്കങ്ങളോ ഒന്നുമില്ല. ചിന്ത കംപ്യൂട്ടറിന്റെ പണിയാണത്രെ. എന്തിനും ഏതിനും സോഫ്റ്റ്വെയറുകള്‍ ഉള്ളതിനാല്‍ എല്ലാം കാലേകൂട്ടി കണക്കുകൂട്ടി വച്ചിരിക്കുന്നു. സ്വകാര്യതയുടെ സുതാര്യത കൂടിയതുകൊണ്ടോ എന്തോ ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ വെള്ളം ചേര്‍ക്കലുകള്‍ കുറഞ്ഞിരിക്കുന്നു. തികച്ചും യാന്ത്രികമായ ജീവിതങ്ങള്‍.

ബഹിരാകാശ ടൂര്‍ പാക്കേജുകള്‍ വില്‍ക്കുന്ന കടയില്‍ വെര്‍ച്വല്‍ സ്‌ക്രീനില്‍ ചന്ദ്രനിലെയും ചൊവ്വയിലെയും വ്യാഴത്തിലെയും വീഡിയോകള്‍ ഓടുന്നു. ചൊവ്വയില്‍ തുടങ്ങിയ കാലിക്കറ്റ് പാരഗണണ്‍ റസ്റ്റോറന്റില്‍ മുതലാളിയായ എന്റെ പഴയ സുഹൃത്ത് സുമേഷ് നേരിട്ട് സ്‌നേഹത്തില്‍ ചാലിച്ച സുലൈമാനി എടുത്തു കൊടുക്കുന്നു. സഹായത്തിന് ഏഴ് യന്ത്രമനുഷ്യരും…!

കേരളത്തിലെ സമരംമൂലം സ്ഥലമേറ്റെടുക്കാന്‍ കഴിയാതിരുന്ന കൊച്ചി ലണ്ടന്‍ വ്യാക്വം ട്യൂബ് അടുത്ത വര്‍ഷം നിലവില്‍ വരുമത്രേ. ഇതോടെ ലണ്ടനിലേക്കുള്ള യാത്ര സമയം ഒരു മണിക്കൂറില്‍ നിന്ന് 6 മിനിറ്റായും ന്യൂയോര്‍ക്കിലേക്കുള്ള സമയം 90 മിനിറ്റില്‍ നിന്ന് 9 മിനിറ്റായും കുറയും. ഡെലിവറികള്‍ നടത്തുന്ന ഡ്രോണുകള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു…!

താരതമ്യേന കുറ്റവാളികള്‍ കുറവാണെങ്കിലും അദൃശ്യചങ്ങലകളാല്‍ ബന്ധിതരായ മനുഷ്യരുടെ കൂടുകളാണ് എവിടെയും. ‘ജിയോ ഫെന്‍സിങ്’ എന്നാണത്രേ പേര്. 6X6, 8X8 തുടങ്ങി പല അളവിലുണ്ട് ഈ സ്വയം തിരഞ്ഞെടുക്കാവുന്ന ജയിലുകള്‍.

ശിക്ഷിക്കപ്പെട്ടവരില്‍ ഏറെയും സ്വകാര്യത സംരക്ഷിക്കാനുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട യുവാക്കളാണ്. വിചാരണയും കോടതിയുമെല്ലാം വെര്‍ച്ച്വലായിട്ടാണ്. കുറ്റകൃത്യം ആരോപിക്കപ്പെട്ടാല്‍ സെറ്റ് ചെയ്യപ്പെട്ട സോഫ്റ്റ് വെയറിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ റെഡിമെയ്ഡ് വിധി വരുന്നു. ലോകത്തിന്റെ ഏത് കോണിലായാലും അവിടെ തടവിലാക്കപ്പെടുന്നു. കൂടുതല്‍ പൈസ അടച്ചാല്‍ കൂടുതല്‍ സൗകര്യമുള്ള ജയില്‍. നീണ്ട തടവുകള്‍ ഇല്ലേയില്ല മണിക്കൂര്‍ ദിവസകണക്കുകളില്‍ തടവ് ശിക്ഷ.

പ്രൈവസിക്ക് പൈസ പിരിക്കുന്ന കമ്പനിയാണ് ഏറ്റവും ലാഭത്തില്‍ ഓടുന്നതത്രേ. മണിക്കൂര്‍, ദിവസം, ആഴ്ച മാസ കണക്കുകളില്‍ പല പാക്കേജുകള്‍ ലഭ്യമാണ്. തനിക്കും കാമുകിക്കും, അവളുടെ ബര്‍ത്ത് ഡേ സമ്മാനമായി ഒരാഴ്ചത്തെ പാക്കേജ് വാങ്ങാന്‍ തന്റെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ വിറ്റ ഒരു യുവാവിനെ കണ്ടു…!

നോട്ടമെത്താത്ത സ്ഥലങ്ങളില്ല, ഭൂമിയില്‍ നിന്നും രണ്ട് മൈല്‍ ഉയരത്തില്‍ മൂന്ന് മൈല്‍ തലങ്ങും വിലങ്ങും ഇടവിട്ട് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. മഴയും മേഘങ്ങളും ഇല്ലാത്തതിനാല്‍ എല്ലാം ക്രിസ്റ്റല്‍ ക്ലിയര്‍. കനത്ത ഭിത്തികള്‍ പോലും തടസ്സമല്ല. വീടിന്റെ ഡിസൈന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ 12 മിനിറ്റില്‍ 4000 സ്‌ക്വയര്‍ ഫീറ്റ് വീട് റെഡി. പണ്ട് ഞാന്‍ കണ്ടിട്ടുള്ള 3D പ്രിന്റിങ്ങ് മെഷീന്റെ വലിയ രൂപമാണ് ഈ പണി പൂര്‍ത്തിയാക്കുക…!

പ്രൈവസി പാക്കേജുള്ള അപൂര്‍വ്വം വീടുകള്‍ മാത്രം എന്തോ അലൂമിനിയം ഫോയില്‍ പോലെയുള്ള ഷീറ്റുകള്‍ കൊണ്ട് മറച്ചിരിക്കുന്നു. അത് താല്‍ക്കാലികം മാത്രം, പ്രൈവസി ക്രെഡിറ്റ് തീരുന്നതോടെ അത് മാറ്റപ്പെടും. തല്‍സമയ വീഡിയോ ലൈവ് സ്ട്രീമിങ്ങ് എല്ലാവര്‍ക്കും ലഭ്യമാണ്, പഴയ വിവാരാവകാശത്തിന്റെ പുതിയ രൂപം. എല്ലാ മെസേജും സര്‍ക്കാര്‍ വായിക്കും, എല്ലാ കോളും റെക്കോഡ് ചെയ്ത് സൂക്ഷിക്കും. രണ്ടുതരം മനുഷ്യരേയുള്ളൂ, ഉറക്കം കിട്ടാത്തവരും സമാധാനമുള്ളവരും…!

അന്റാര്‍ട്ടിക്കയില്‍ നിന്ന് വെള്ളം കയറ്റിയ ഷിപ്പുകള്‍ എല്ലാ മാസവും തീരത്തണയും. കേരളത്തില്‍ വെള്ളക്കിണറുകള്‍ സ്വന്തമായി ഉള്ളവര്‍ കാശുവാരുകയാണത്രേ. പണ്ട് എണ്ണക്കിണറുകള്‍ നടത്തി പരിചയമുള്ള അറബികളെ കൂട്ടമായി റിക്രൂട്ട് ചെയ്ത് എത്തിക്കാന്‍ ബ്രിട്ടീഷ് ഏജന്റ്മാര്‍ ക്യൂ നില്‍ക്കുന്നു. റേഷന്‍ കടകളില്‍ മണ്ണെണ്ണയും അരിയും പച്ചവെള്ളത്തിനും വിറ്റാമിന്‍ ഗുളികകള്‍ക്കും വഴിമാറിയിരിക്കുന്നു.

ലോകത്തിന്റെ പകുതിയോളം ഭരിക്കുന്നത് സോഷ്യലിസ്റ്റുകളുടെ പുതിയ രൂപമാണത്രെ. കേരളം മാത്രം ഭരിക്കുന്നത് തീവ്ര വലത് നാമജപ വിഭാഗമാണ്. ലോകത്തില്‍ വലത് പക്ഷ സ്വാമിമാര്‍ ഭരിക്കുന്ന ഒരേയൊരു നാട് ഇതാണത്രേ. മീശ ഇല്ലാത്ത താടി നീട്ടി വളര്‍ത്തിയ നെറ്റിയില്‍ നിസ്‌കാര തഴമ്പുള്ള സ്വാമിമാരെയും പഴയ ക്രിസ്ത്യന്‍ പാതിരിമാരെപ്പോലെ തോന്നുന്ന സ്വാമിമാരെയും ഇവിടെക്കാണാം. എല്ലാവരും സൗഹാര്‍ദത്തോടെ ജീവിക്കുന്നു. എന്നും ഒഴുക്കിനെതിരെ നീന്തിയാണല്ലോ കേരളത്തിന് പരിചയം… നിങ്ങള്‍ ഇവിടെ മാത്രമേ അവശേഷിക്കുന്നുള്ളല്ലോ എന്ന ചോദ്യത്തിന് ഒരു മുട്ടന്‍ സ്വാമിനി ഉടന്‍ ഉത്തരം പറഞ്ഞു. ‘കനലൊരുതരി മതി’ എന്ന് …!

പട്ടിണി മൂലം യൂറോപ്പ് എന്നൊരൊറ്റ രാജ്യം ഉണ്ടാവുകയും ഇന്ത്യ മുപ്പതോളം രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തത്രേ. അവരുടെ യൂണിയനില്‍ നിന്നും ‘ക്രെക്‌സിറ്റ് ‘ എന്നൊരു റഫറണ്ടത്തിലൂടെ കേരളമെന്ന ഒരു രാജ്യം പുറത്തു കടക്കുകയാണത്രേ.!

മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ പഴയ കാല നടന്‍ മോഹന്‍ലാലിന്റെ കൊച്ചുമകള്‍ നായികയാവുന്നെന്നു എവിടെയോ വാര്‍ത്ത കണ്ടു…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News