സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം; പ്രതിപക്ഷത്തിന്റേത്‌ വിലകുറഞ്ഞ രാഷ്ട്രീയം; സര്‍ക്കാരിന് പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റേയും പൂര്‍ണ പിന്തുണയെന്ന് എ വിജയരാഘവന്‍

കോവിഡ്  മഹാമാരിയെ പ്രതിരോധിച്ച് കേരളം ആഗോളമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യവിവാദങ്ങളുയര്‍ത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

മാഹാമരിയുടെ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷത്തിനു താല്‍പര്യം.സ്പ്രിങ്ക്ളര്‍ വിഷയത്തിലടക്കം രാഷ്ട്രീയമതലെടുപ്പോടെ വിവാദങ്ങളുയര്‍ത്തി  മുഖ്യമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം വിട്ടുപോയിട്ടില്ലെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ കേരളം കാണിച്ച മികവിനെ ലോകതലത്തില്‍ ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യശാ്സത്രജ്ഞരും പ്രകീര്‍ത്തിച്ചു. കേരളജനതയെ ഒറ്റക്കെട്ടായി അണിനരത്തുന്നതില്‍ സര്‍ക്കാര്‍ മികവു കാട്ടി.

ഇക്കാര്യത്തിലും സൃഷ്ടിച്ച കേരളമോഡലിനെ തിടഞ്ഞ രാഷ്ട്രീയ അഹഹിഷ്ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങളെ പോലും വിവാദമുണ്ടാക്കി വലിച്ചിഴക്കുന്നത് അങ്ങേയറ്റം വികലമായ രാഷ്ട്രീയമുതലെടുപ്പാണ്.

എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പിള്ളിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമെല്ലം കുടുംബവും മക്കളുമില്ലേ.  കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്തെ സ്ഥിതി മറക്കാറായിട്ടില്ല.

സോളാര്‍ കമ്മീഷനുമുന്നില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളമെല്ലാം ഹാജരായിരുന്നു കാലം. അന്നുപോലും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല.

പ്രളയവും നിപ്പയും ഓഖിയും മുതല്‍ കോവിഡ്വരെയുള്ള വെല്ലുവിളികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ ഐക്യം വളര്‍ത്തി പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് ഇവിടെ പ്രകടമാകുന്നത്.

ഇത് തിരിച്ചറിഞ്ഞ് പ്രതിപക്ഷത്തിന്റെ   വിലകുറഞ്ഞ ആരോപണങ്ങളെ ജനം തള്ളിക്കളയും. സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള ഇടപാട് ലോകത്ത് ലഭ്യമായ മികച്ച സാങ്കേിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതില്‍ കരാറോ അഴിമതിയോ ഡാറ്റചോര്‍ച്ചയോ എന്നുമില്ല.

ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി മുതല്‍ ഐടി സെക്രട്ടറിവരെ മറുപടി പറഞ്ഞിട്ടുണ്ട്.  എന്നിട്ടും കെപിസിസിയിലെ ജംബോ കമ്മിറ്റി പോലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ജംബോ പത്രസമ്മേളനപരമ്പര നടത്തുകയാണ് പ്രതിപക്ഷ നേതാവും സംഘവും.

പ്രതിപക്ഷകാപട്യം  തിരിച്ചറിഞ്ഞ് ജനം സര്‍ക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണമെന്നും വിജയരാഘവന്‍ അഭ്യര്‍ഥിച്ചു. സ്പ്രിങ്കളര്‍  ഇടപാട് വിവാദമായ നിലക്ക് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് എതാനും കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കുന്ന വിവാദം മാത്രമാണിതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ഭരണപരമായ കാര്യങ്ങള്‍ എഡിഎഫുമായി ചര്‍ച്ചചെയ്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here