ലോക്ഡൗണില്‍ പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് വാടക ഇളവ് നല്‍കി യുവ സംരംഭക

പാലക്കാട്: ലോക്ക്ഡൗണില്‍ വ്യാപാരികള്‍ പ്രതിസന്ധിയിലായപ്പോള്‍ അവര്‍ക്ക് ആശ്വാസമാവുകയാണ് പാലക്കാട്ടെ യുവ സംരംഭകയായ അനില നിഖില്‍. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് ഒന്നര മാസത്തെ വാടക ഇളവ് നല്‍കിയിരിക്കുകയാണ് അനില നിഖില്‍.

ലോക്ക് ഡൗണില്‍ വാണിജ്യ മേഖല പൂര്‍ണ്ണമായും അടച്ചിട്ടതോടെ പ്രതിസന്ധിയിലാണ് വ്യാപാരികള്‍. നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കച്ചവടം തീരെയില്ല.

ഈ സാഹചര്യത്തിലാണ് തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

കെട്ടിട വാടകയിനത്തില്‍ വ്യാപാരികളില്‍ നിന്ന് ലഭിക്കേണ്ട രണ്ടര ലക്ഷം രൂപയാണ് പൂര്‍ണ്ണമായും വേണ്ടെന്ന് വെച്ചത്. ലോക്ക് ഡൗണ്‍ കാലയളവായ 40 ദിവസത്തെ വാടകയാണ് വ്യാപാരികള്‍ക്ക് ആശ്വാസമേകാനായി ഒഴിവാക്കി നല്‍കിയത്.

ഇതിനു പുറമെ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി. പ്രതിസന്ധി ഘട്ടത്തില്‍ വാടക ഇനത്തില്‍ ലഭിച്ച ഇളവ് വലിയ ആശ്വാസമാണെന്ന് വ്യാപാരികള്‍ പറയുന്നു.

അനിലയുടെയും ഭര്‍ത്താവ് നിഖില്‍ കൊടിയത്തൂരിന്റെയും നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ എം എ പ്ലൈ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കൊവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട്ടെ സമൂഹ അടുക്കളയിലേക്കാവശ്യമായ സഹായവും അവശതയനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കളുമെത്തിച്ച് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here