പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല. ഇരുപത്തിയഞ്ച് രോഗികൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ നിലവിൽ 2 പേർ മാത്രമാണ് ചികിത്സയിൽ ഉള്ളത്.

അതെ സമയം ജില്ലയിലെ വിവിധ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഇരുന്നൂറ്റി ഇരുപത്തിയെട്ടായി കുറഞ്ഞു.

ഇന്നലെ ലഭിച്ച 16 സാമ്പിൾ പരിശോധനാ ഫലങ്ങളും നെഗറ്റിവ് ആയതോടെയാണ് പുതിയ കോവിഡ് രോഗികൾ ഇല്ലാതെ എറണാകുളം ജില്ല പതിനഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഈ മാസം നാലിന് ആയിരുന്നു എറണാകുളം ജില്ലയില്‍ അവസാനമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്നലെ അയച്ച 6 സാമ്പിളുകളുടേത് ഉൾപ്പടെ 47 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാൻ ഉള്ളത്.

27 പേരെ വീടുകളിലും 2 പേരെ ജില്ലയിലെ വിവിധ ആശുപത്രികളിലും ഇന്നലെ പുതുതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലാവധി പൂർത്തിയായതിനെ തുടർന്ന് 175 പേരെ ജില്ലയിലെ നിരീക്ഷണ പട്ടികയിൽ നിന്നും ഇന്നലെ ഒഴിവാക്കിയിട്ടുണ്ട്.

ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 210 ആയും, ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ക‍ഴിയുന്നവരുടെ എണ്ണം 18 ആയും കുറഞ്ഞു.

ജില്ലയിലെ 115 കമ്യൂണിറ്റി കിച്ചണുകള്‍ ഇന്നലെയും പ്രവര്‍ത്തിച്ചുവെങ്കിലും ഇവിടെ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കേണ്ടവരുടെ എണ്ണം 31528 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് ബാധിച്ചു കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 2 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.

ലോക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയതിന് എറണാകുളം റൂറലിൽ 153ഉം കൊച്ചി സിറ്റിയിൽ 71ഉം കേസുകൾ പോലീസ് എടുത്തിട്ടുണ്ട്. റൂറലിൽ 116 പേരെ അറസ്റ് ചെയ്തപ്പോൾ സിറ്റിയിൽ 81 പേരെയാണ് അറസ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News