‘നമുക്ക് അവസാനത്തെ മനുഷ്യനെയും രക്ഷിക്കണം; അവർ തർക്കിച്ചുകൊണ്ടേ ഇരിക്കട്ടെ’

‘ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു.

ഈ കവിതക്ക് കേരളത്തിൽ ഇപ്പോൾ ഒരു വർത്തമാനപ്രസക്തി ഉണ്ടായിരിക്കുന്നു. സമകാലീന കേരളത്തെ ഈ കവിതയുടെ ദർശനയുക്തിയോട് ചേർത്തു വായിക്കാൻ രസമുണ്ട് ; വിശേഷിച്ചും ഈ അടച്ചുപൂട്ടലിന്റെ കാലത്ത്.

എന്തിനാണ് കേരളത്തിലെ പ്രതിപക്ഷവും, അവരുടെ ചിന്തയും (കു) ബുദ്ധിയുമായി പ്രവർത്തിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളും പെട്ടെന്നൊരു ദിവസം springler വിവാദവുമായി പ്രത്യക്ഷപ്പെട്ടത്?’; എന്‍എന്‍ കൃഷ്ണദാസ് എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്

‘ഇടശ്ശേരിക്കവിതയും, CORONA കാലവും’

മഹാകവി ഇടശ്ശേരിയുടെ പ്രസിദ്ധമായൊരു കവിതയുണ്ട് ‘ ബുദ്ധനും, ഞാനും, നരിയും’.

കുറച്ചു ദാർശനിക സംവാദ സാധ്യത മുൻവിധിച്ചുകൊണ്ടു തന്നെയാണ് ആ കാവ്യരചന എന്ന് പറയാതിരിക്കാനാവില്ല.

ഈ മഹാവ്യാധിയുടെ കാലത്ത് കേരളത്തിലെ മനുഷ്യരാശിയെ രോഗവ്യാപ്തിയിൽ നിന്ന് സംരക്ഷിക്കാൻ മനുഷ്യസിദ്ധമായ കഴിവുകളാകെ സമന്വയിപ്പിച്ച് മുന്നേറുന്ന കേരള സർക്കാരിന്റെ ശ്രമങ്ങളെ തുരങ്കം വക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ (സത്യമായും ജനവിരുദ്ധ) നീക്കങ്ങൾ കാണുമ്പോൾ ക്രാന്തദർശിയായ കവിയും, പ്രസിദ്ധമായ ആ കവിതയും ഓർമ്മകളിൽ നിന്ന് ഓടിയിറങ്ങി വരും.

അരിയില്ലാ, തിരിയില്ലാ, ദുരിതമാണെന്നാലും
നരി തിന്നാൽ നന്നോ മനുഷ്യന്മാരെ !
…ഇങ്ങനെയാണാ കവിത ആരംഭിക്കുന്നത്.

കൊടും പട്ടിണിക്കാരനായ ഒരു കൂലിപ്പണിക്കാരൻ മയങ്ങിയ സന്ധ്യാവേളയിൽ ചുമലിലൊരിത്തിരി റേഷനരിക്കിഴിയുമായി തന്റെ പട്ടിണി കുടിലിനെ ലക്ഷ്യമാക്കി ആവും വിധം വേഗത്തിൽ ഏന്തിവലിഞ്ഞു പോവുകയാണ്.

ചുമലിലെ റേഷനരികിഴിയോടൊപ്പം തന്റെ കുടിലിന്റെ ദയനീയ ചിത്രത്തിൻറെ ചുടുചിന്താഭാരവും മനസ്സിലൊപ്പമുണ്ട്. വിശന്നു കരയുന്ന കുഞ്ഞുങ്ങളും, അവരെ സമാധാനിപ്പിക്കാൻ അടുപ്പിലെ കലത്തിൽ വെറുതെ കൈയിലിട്ടിളക്കി, ജീവിതദുരിതങ്ങൾക്കെതിരെ ശാപവാക്കുകളുമായി, റേഷനരിക്കിഴി കാത്തിരിക്കുന്ന കുടുംബിനിയും,
അവരുടെ,..

”സുമധുരപ്പാലറ്റ മുലയിൽ നിന്നമ്മത-
ന്നുയിർനിണം തന്നെ വലിച്ചിറക്കി
വികൃതമെലിമ്പുന്തും മാറത്തമരുമാ
ദുരിതത്തിൻ തൂമുഖവും”…..

എല്ലാം അയാളുടെ നടത്തത്തിനു വേഗത കൂട്ടി.
വേഗം വീടെത്താൻ കുന്നിൻ ചെരുവിലൂടെയുള്ള ഊടുവഴി തന്നെ തെരഞ്ഞെടുത്ത അയാൾക്ക് പെട്ടെന്നാണ് അവിടെ പതുങ്ങിയിരിക്കാറുള്ള നരിയെ ഓർമ്മ വന്നത്. പക്ഷെ തന്റെ കുടിലിലെ അവസ്ഥ അയാളെ പിന്തിരിപ്പിച്ചില്ല.

‘നരി വന്നാൽ – വന്നോട്ടെ, സുപരീക്ഷിതങ്ങളെൻ
ചരണങ്ങൾ. ഞാനൊരു പെണ്ണല്ലല്ലോ..
(സഹോദരിമാർ ദയവായി ക്ഷമിക്കണം, ഇത് കവി വാക്യമാണ്)

മുന്നോട്ടു പോയ അയാൾ വഴിവക്കിലെ തിരിവിൽ ഉയർന്നു നിൽക്കുന്ന ബുദ്ധപ്രതിമയുടെ മുന്നിലെത്തി. അതിനു പിന്നിൽ പതുങ്ങിയിരുന്ന നരി ചോരക്കണ്ണുകളുമായി അയാളുടെ മുതുകിലേക്ക് ചാടിവീഴാൻ പാർത്തു നിൽക്കുന്നു…

‘നരിയെന്റെ നേർക്ക് നിരങ്ങി, നിരങ്ങിക്കൊ-
ണ്ടരികത്തടുക്കയാണെന്തു ചെയ്യും’ ?

ആ അന്തരാളത്തിലും അയാൾ നരിയോട് ചോദിച്ചു…

”ഇരയായ് ഞാൻ വീഴണോ, മടയിൽ നിൻമക്കൾ തൻ
പൊരിയും വയറ്റിലേക്കെത്തണോ ഞാൻ” ?

”തരമായടുത്തവൻ, ചാടാറായ്” ……
പെട്ടെന്ന് അയാൾ,
”കൽ പ്രതിമയാ ക്രൂരന്റെ മുതുകിൽ തള്ളി”…..

അങ്ങനെ ”നരി” തീർന്നു…
അയാൾ തോളിലെ റേഷനരികിഴിയുമായി ഞൊടിനേരം കൊണ്ട് വീട്ടിലെത്തി.
വിശന്നു തളർന്ന കുഞ്ഞുങ്ങൾക്ക് ആഹാരമായി….

”വയറൊട്ട് വീർത്തപ്പോൾ കളിചിരി പൂണ്ടോട്ടെ –
ന്നുയിരൊത്ത മക്കൾ ഉറക്കമായി”……

പിന്നീട്, എല്ലാം കവി വായനക്കാരുടെ മനോധർമ്മത്തിനു വിടുകയാണ്.

എന്നാൽ ചർച്ചാ പ്രേമികളുണ്ടോ വിടുന്നു ?
അവർ വിതണ്ഡവാദങ്ങൾ നിരത്തി.. വാദങ്ങൾക്കായുള്ള വിദഗ്ധരെയും, നിരീക്ഷകരെയും, നിരൂപകരെയും രംഗത്തിറക്കി തർക്കിക്കുക തന്നെയാണ്. എന്ത് തന്നെയാണെങ്കിലും അയാൾ അങ്ങനെ ചെയ്യാൻ പാടുണ്ടോ ? നരിയെ കുറ്റം പറയാമോ ? നരിക്കുമില്ലേ വിശപ്പ് ? വിശക്കുമ്പോൾ ഇര തേടാൻ ദൈവം നരിക്കും ധർമ്മം നൽകുന്നില്ലേ? നരിമടയിലും വിശന്നു കുറുകുന്ന കുഞ്ഞുങ്ങൾ ഇല്ലേ ? അതൊക്കെ പോട്ടെ, അഹിംസയുടെ ബിംബമായ ബുദ്ധപ്രതിമ മുതുകത്തേക്ക് മറിച്ചിട്ടു തന്നെ വേണമായിരുന്നോ ഈ നരിഹത്യ ..? അത് കവി ബോധപൂർവ്വം ഹിംസയെ മഹത്വവൽക്കരിക്കാൻ ദാർശനികമായി ശ്രമിച്ചതല്ലേ ? ഇങ്ങനെ തർക്കങ്ങൾ തിമിർത്താടുകയാണ്.

അപ്പോൾ ഒരാത്മഗതത്തോടെ കവിത അവസാനിക്കുന്നു;

”ഇടയുള്ളോർ വാദിപ്പിൻ മാർഗ്ഗവും, ലക്ഷ്യവു-
മിടറിയോ?..ഞാനൊന്ന് തല ചായ്ക്കട്ടെ”…

ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു. ഈ കവിതക്ക് കേരളത്തിൽ ഇപ്പോൾ ഒരു വർത്തമാനപ്രസക്തി ഉണ്ടായിരിക്കുന്നു. സമകാലീന കേരളത്തെ ഈ കവിതയുടെ ദർശനയുക്തിയോട് ചേർത്തു വായിക്കാൻ രസമുണ്ട് ; വിശേഷിച്ചും ഈ അടച്ചുപൂട്ടലിന്റെ കാലത്ത്. എന്തിനാണ് കേരളത്തിലെ പ്രതിപക്ഷവും, അവരുടെ ചിന്തയും (കു) ബുദ്ധിയുമായി പ്രവർത്തിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളും പെട്ടെന്നൊരു ദിവസം Sprinklr വിവാദവുമായി പ്രത്യക്ഷപ്പെട്ടത്? കേവലം യാദൃശ്ചികമായിരുന്നോ അത് ? COVID19 മാനവരാശിയെ മുഴുവനായും ഭയപ്പെടുത്തി, ഭൂഗോളമാകെ ആഞ്ഞു വീശുകയാണ് ഇപ്പോഴും.

ആ കൊടുംകാറ്റിലും ഉള്ളം കയ്യിലെ ദീപനാളം പോലെ സംസ്ഥാനത്തെ ജനങ്ങളെ ഉലയാതെ, കെടാതെ രക്ഷിക്കാൻ മുന്നിൽ നിന്ന് നയിച്ച കേരളത്തിലെ LDF സർക്കാർ ഒരു ധൂമകേതുവായി പ്രതിപക്ഷത്തിനു തോന്നിയപ്പോൾ, അവരുടെ ഇരുണ്ട മാനസിക അവസ്ഥയാണ് വെളിപ്പെട്ടത്. അവരുടെ നിയമസഭാ പ്രസംഗങ്ങൾ, ചില നേതാക്കളുടെ Face book പോസ്റ്റുകൾ, ഇടക്കിടെയുള്ള പത്ര സമ്മേളനങ്ങൾ എന്നിവ ഈ വികൃത ജനവിരുദ്ധ ചിന്ത പ്രകടമാക്കി. മുഖ്യമന്ത്രിയുടെ സന്ധ്യാ നേരത്തെ വാർത്താ സമ്മേളനങ്ങൾ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു; ധൈര്യം പകർന്നു. ജനങ്ങൾ അവരുടെ സ്വന്തം നേതാവിനെയും, ചേർത്തുനിർത്തി സാന്ത്വനിപ്പിക്കുന്ന ജനകീയ സർക്കാരിനെയും തൊട്ടനുഭവിക്കുകയായിരുന്നു. ഇത് പ്രതിപക്ഷത്തെ ലജ്ജയില്ലാത്തവിധം നിരാശരാക്കി.

കേരളീയ സമൂഹത്തിൽ അപ്രസക്തമായി തീർന്നുകൊണ്ടിരിക്കുന്നത് അവർ നിസ്സംഗമായി തിരിച്ചറിയുകയായിരുന്നു. സമ്പൂർണ്ണ നിരാശ അവരുടെ മാന്യതയുടെ മുഖംമൂടി പോലും ഇല്ലാതാക്കി. അവരും അസ്വസ്ഥരായിരുന്ന ചില സർക്കാർ വിരുദ്ധ മാധ്യമങ്ങളും സ്വാഭാവികമായും ഗൂഢമായി തന്ത്രങ്ങൾ രചിക്കുകയായിരുന്നു. കേരളം ലോകത്തിനു മാതൃകയായി COVID-19 നെ കൂട്ടിലടക്കും എന്നുമുറപ്പായി.

അപ്പോഴാണ് Sprinklr വൈറസിനെ അവർ തുറന്നു വിടുന്നത്. COVID-19 മനുഷ്യരാശിയെ വിഴുങ്ങാൻ വന്നപ്പോൾ അതിനെ നേരിടാൻസ്വന്തം സേനാവ്യൂഹത്തിൽ ലഭ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുമിച്ചടുക്കിയെടുത്തിരുന്നു, സർക്കാർ! അക്കൂട്ടത്തിൽ സ്വയം സൗജന്യ സേവനത്തിനു തയ്യാറായി വന്ന മലയാളികളുടെ കമ്പനിയായ Sprinklr ഉം ഉണ്ടായിരുന്നത്രെ. ലക്ഷ്യം മനുഷ്യ രാശിയെ തിന്നാൻ വരുന്ന മഹാവ്യാധിയെ തുരത്തുക എന്ന് മാത്രം. അതിൽ സർക്കാർ വിജയത്തിലേക്കെത്തുകയാണ്. ആ വിജയത്തിന്റെ തിളക്കം കുറക്കേണ്ടത് ഈ അപകർഷതക്കാരായ പ്രതിപക്ഷത്തിന്റെ ലക്ഷ്യമാണ്..

അവർ തർക്കിച്ചുകൊണ്ടേ ഇരിക്കട്ടെ. നമുക്ക് അവസാനത്തെ മനുഷ്യനെയും രക്ഷിക്കണം. അതിനുള്ള അന്തിമ ശ്രമത്തിൽ സർക്കാറിനോടൊപ്പം. ഈ സർക്കാർ നാടിൻറെ ചരിത്രത്തിൽ തിളങ്ങി നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here