സ്പ്രിംഗ്ളര്‍ വിവാദം-ഒരു സാധാരണക്കാരന്‍റെ സംശയങ്ങള്‍; അഡ്വക്കറ്റ് ടികെ സുരേഷ് എഴുതുന്നു

വ്യക്തിയുടെ ഡാറ്റകൾ അമൂല്യം തന്നെയാണ്..

അതോടൊപ്പം ഒരു സാധാരണ പൗരൻ്റെ സംശയം ഉന്നയിക്കട്ടെ .. ?

അക്ഷയ കേന്ദ്രങ്ങൾ സർക്കാർ സ്ഥാപനങ്ങളാണോ ?

നമ്മുടെ ആധാർ ഡാറ്റകൾ എവിടെയെല്ലാം സുരക്ഷിതമാണ് ?

ലോകമാനവരാശി മരണത്തോട് മുഖാമുഖം നിന്ന് പൊരുതുന്ന ഈ കോവിഡ് കാലത്തും ഡാറ്റകളുടെ സ്വകാര്യതയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളുണ്ടാക്കിയും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയും, CPI(M) നെയും,സ:പിണറായി വിജയനെയും സങ്കുചിത രാഷ്ട്രീയ ലാഭത്തിനു വേണ്ടി വേട്ടയാടാൻ ശ്രമിക്കുന്ന കേരളത്തിലെ പ്രതിപക്ഷ നേതാക്കളോടുള്ള
ഈ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് കരുതുന്നുവോ ?

വ്യക്തിഗത ഡാറ്റകൾ വിലപ്പെട്ടതു തന്നെയാണ് .. അത് സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ടതുമാണ് .. സംശയമില്ല ..

പക്ഷേ

നമ്മുടെ ഡാറ്റകൾ മെല്ലെ മെല്ലെ നമ്മളിൽ നിന്നും കൈമോശം വരാൻ തുടങ്ങിയത്
ഏതു കാലത്താണ് ..?

അക്ഷയ കേന്ദ്രങ്ങളെയോ അതുവഴിയുള്ള സേവനങ്ങളെയോ കുറച്ചു കാണാനല്ല . വിശ്വാസമില്ലാഞ്ഞിട്ടുമല്ല ..

പക്ഷേ സമൂഹം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

2002 നവംബർ 18 നാണ് കേരളത്തിൽ അക്ഷയ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടകൻ അന്നത്തെ രാഷ്ട്രപതി ശ്രീ.എ.പി.ജെ അബ്ദുൾ കലാം.

മുഖ്യമന്ത്രി ശ്രീ.A.K. ആന്റണി.
വ്യവസായ വകുപ്പു മന്ത്രി
ശ്രീ. P.K. കുഞ്ഞാലിക്കുട്ടി.

‘അക്ഷയ’ ഒരു കേരള സർക്കാർ പദ്ധതിയാണെങ്കിലും , അത് സർക്കാർ നിയന്ത്രണത്തിലുള്ളതാണെങ്കിലും, ‘അക്ഷയ കേന്ദ്രങ്ങൾ’ സർക്കാർ ഓഫീസുകളോ, അവിടെയുള്ള ജോലിക്കാർ, സർക്കാർ ജീവനക്കാരോ അല്ല.

സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ‘അക്ഷയകേന്ദ്രങ്ങൾ’ ..

വില്ലേജ് ഓഫീസിലും മറ്റ് അധികാര കേന്ദ്രങ്ങളിലും നേരിട്ട് രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് അവിടെ നിന്നും നാം നേരിട്ടു വാങ്ങി വന്നിരുന്ന സർട്ടിഫിക്കറ്റുകളും ..
നമ്മുടെ സ്വത്ത് വിവരത്തിന്റെയും വരുമാനവിവരത്തിന്റെയും ഉൾപ്പെടെയുള്ള നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുമടങ്ങിയ പല സർട്ടിഫിക്കറ്റുകളും, ആൻറണി സർക്കാറിന്റെ തീരുമാനപ്രകാരം പിന്നീട് അപേക്ഷ കൊടുത്ത് വാങ്ങിക്കേണ്ടത് സ്വകാര്യ വ്യക്തികൾ നടത്തുന്ന അക്ഷയ കേന്ദ്രങ്ങൾ വഴിയാക്കി ..

അങ്ങിനെ നമുക്കും സർക്കാറിനുമിടയിൽ ഡാറ്റകൾ കൈമാറാൻ ഒരു ഏജൻസിയെ ഏർപ്പെടുത്തി ശ്രീ:എ.കെ.ആന്റണിയുടെ
യുഡിഎഫ് മന്ത്രിസഭ ..

അക്ഷയ കേന്ദ്രങ്ങൾ ഇപ്പോഴും സ്വകാര്യ ഏജൻസികൾ തന്നെയാണ് നടത്തി വരുന്നത് .
അവിടെയാണ് നാം ഇന്നും നമ്മുടെ പല സുപ്രധാന ഡാറ്റകളും സമർപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആധാർ എൻറോൾമെന്റ് ഉൾപ്പെടെ ഏകദേശം 36 ഓളം സേവനങ്ങൾ ഇപ്പോൾ സ്വകാര്യ വ്യക്തികൾ നടത്തുന്ന അക്ഷയ വഴിയും അക്ഷയ സബ് സെൻ്ററുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നു.

അവിടെ നമ്മുടെ സുപ്രധാന ഡാറ്റകൾ സമർപ്പിച്ചു കൊണ്ടു തന്നെ ..

നമ്മുടെ പത്ത് വിരലടയാളങ്ങളും കണ്ണിൻ്റെ റെറ്റിനയുമുൾപ്പെടുന്ന ബയോമെട്രിക്ക് ഡാറ്റകൾ അടക്കം ശേഖരിക്കുന്ന ആധാർ സംവിധാനം നടപ്പിൽ വരുത്തിയത് ആരാണ് ..?
അത് നിർബന്ധമാക്കിയതാരാണ്.?

ബാങ്ക് എക്കൗണ്ടിനും, ലോണിനും ,
ATM കാർഡിനും , ഒരു വിധം സർവ്വതിനും ആധാറുമായി ബന്ധം വരുത്തിയതിലൂടെ നമ്മുടെ വ്യക്തിഗതവും സ്വത്തു സംബന്ധവുമായ എല്ലാ വിവരങ്ങളും ആധാറിൽ കേന്ദ്രീകരിക്കപ്പെടുന്നു .

ഈ ആധാർ പിന്നെ എവിടെയെല്ലാം ഉപയോഗിക്കപ്പെടുന്നു

ഒരു പ്രൈവറ്റ് മൊബൈൽ കമ്പനിയുടെ സിം കാർഡ് എടുക്കുന്നതിനായിപ്പോലും നാം ആധാർകാർഡ് സമർപ്പിക്കേണ്ടി വരുന്നു ..
മൊബൈൽ ഷോപ്പിലെ Portable Finger Print Scanner ൽ നാം പെരുവിരൽ അമർത്തി ആധാർ നമ്പർ എന്റർ ചെയ്യുമ്പോൾ നമ്മുടെ ആധാർ കാർഡ് അവരുടെ സ്ക്രീനിൽ തെളിഞ്ഞു വരുന്നത് കാണുമ്പോൾ എത്ര സന്തോഷത്തോടെയാണ്
നമ്മുടെ വ്യക്തിപരമായ അമൂല്യമായ ബയോമെട്രിക്ക് ഡാറ്റയാണ് അത് എന്ന് നാം മനസ്സിലാക്കാതെ പോകുന്നത്.?

ഒരു അസുഖവുമായി ആശുപത്രിയിൽ പോകുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് മുതലുള്ള ഏത് ചികിത്സാ ആനുകൂല്യങ്ങളും നമുക്ക് ലഭിക്കുന്നതിന് ആധാർ ആവശ്യമാണ് എന്ന അവസ്ഥയിലെത്തിച്ചേർന്നത് ഏതു നാൾവഴികളിലൂടെയാണ് ?

നമ്മുടെ ആരോഗ്യ രഹസ്യങ്ങളടക്കം ബന്ധപ്പെടുത്താൻ സാദ്ധ്യമായ ഈ സുപ്രധാനമായ ആധാർ അല്ലേ ഏറ്റവും ലാഘവത്തോടെ നാം വിദേശബന്ധങ്ങളുള്ള പ്രൈവറ്റ് മൊബൈൽ കമ്പനികളെ ഏൽപ്പിക്കുന്നത് ?

ആധാർ നിലവിൽ വരുന്നതിനു മുമ്പുള്ള മൊബൈൽ നമ്പറുകൾ പോലും ആധാറുമായി ബന്ധപ്പെടുത്തണമെന്ന അവസ്ഥ ആരാണ് സംജാതമാക്കിയത് ?

ഇത്രയും പ്രാധാന്യമർഹിക്കുന്ന ആധാറല്ലേ നാം പ്രൈവറ്റ് ഏജൻസികൾ നടത്തുന്ന അക്ഷയ കേന്ദ്രങ്ങൾവഴി ഇപ്പോഴും എൻറോൾ ചെയ്തു കൊണ്ടിരിക്കുന്നത് ?
അതുവഴി പുതുക്കിക്കൊണ്ടിരിക്കുന്നത് ?

എന്തിനേറെ..?
ഒരു ലോഡ്ജിൽ റൂമെടുക്കുമ്പോൾ പോലും ID പ്രൂഫ് എന്ന നിലയിൽ ആധാർ കോപ്പി നൽകി വരുന്നില്ലേ ?

അതു മാത്രമോ ..
ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് എക്കൗണ്ടുകളിലെ ATM – ക്രെഡിറ്റ് കാർഡുകൾ നമ്മൾ മാളുകളിലും, ഹോട്ടലുകളിലും , തുണിക്കടകളിലും പെട്രോൾ ബങ്കുകളിലും സ്വയിപ്പ് ചെയ്യുമ്പോൾ നമ്മുടെ ഡാറ്റകളെല്ലാം സുരക്ഷിതമാണോ ..?

വിദേശ സ്ഥാപനങ്ങളായ ഗൂഗിളിലും , ജി-മെയിലിലും , യാഹുവിലും , വാട്സ് ആപ്പിലും മറ്റും നമ്മുടെ ഡാറ്റകൾ എത്രത്തോളം സുരക്ഷിതമാണ് ..?

എവിടെയെല്ലാമാണ് നമ്മുടെ ഡാറ്റകൾ സുരക്ഷിതമല്ലാതെ പോകുന്നത് …?
എവിടെയെല്ലാമാണ് അവ നഷ്ടപ്പെടുന്നത് ?

ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടു വേണം
”ഡാറ്റ പോയേ ” എന്ന് അലറി വിളിച്ചു കൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാക്കൾ ഉയർത്തിക്കൊണ്ടുവന്ന സ്പ്രിംഗ്ളർ വിവാദങ്ങളെ കാണാൻ..

അതും.. ലോകമാകെ ഒരു മഹാമാരിയെ നേരിടുന്ന അത്യസാധാരണമായ ഈ കൊറോണ കാലത്ത് ..

ഇവർ ആരോപിക്കും പോലെ എന്തു ഡാറ്റയാണ് ഇവിടെ നമുക്ക് നഷ്ട്ടപ്പെടുപോകുന്നത് ?
ആധാർ ഉപയോഗത്തിലൂടെ നഷ്ട്ടപ്പെടാത്ത , സ്വകാര്യ അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിക്കാത്ത എന്തു സ്വകാര്യതയാണ് ഇവിടെ അപകടത്തിലാവുന്നത് ?

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പൊതുജനങ്ങളുടെ എല്ലാ വിധ ഡാറ്റകളും ശേഖരിക്കുന്നത് അമേരിക്കൻ കമ്പനിയായ TABLEAU ആണെന്നറിഞ്ഞു കൊണ്ടും, വൻതുക മുടക്കിയാണ് ആ സേവനങ്ങൾ ലഭ്യമാക്കുന്നത് എന്നറിഞ്ഞു കൊണ്ടും , അത് മറച്ചുവെച്ചു കൊണ്ടുമാണ് ഇവർ മുറവിളി കൂട്ടുന്നത് എന്നതിൽ നിന്നു തന്നെ ഇവരുടെ ദുഷ്ട ചിന്തകൾ വ്യക്തമല്ലേ ..?

https://kerala.gov.in എന്ന കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസത്തിലൂടെയോ , സർക്കാർ സംവിധാനങ്ങളുടെ മറ്റ് ലിങ്കുകളിലൂടെയോ, അല്ലെങ്കിൽ ഗൂഗിളിൽ സർച്ച് ചെയ്തു കിട്ടുന്ന ഔദ്യോഗിക സർക്കാർ സൈറ്റുകളിലേക്കാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ നമ്മുടെ ഡാറ്റകൾ അപ് ലോഡ് ചെയ്യുന്നത്..

അതിനു സമാനമായതോ, അതിൻ്റെ മറ്റൊരു രൂപത്തിലോ ആണ് കോവിഡ് വിഷയത്തിൽ സ്പ്രിംഗ്ലർ കമ്പനിയുടെ പ്രവർത്തനവും. അതിനെക്കുറിച്ചെല്ലാം IT വിദഗ്ദ്ധർ വിശദീകരിച്ചു കഴിഞ്ഞതാണ് .

ഡാറ്റകൾ സൂക്ഷിക്കുന്നത് സർക്കാർ ഉടമസ്ഥതയിലാണെന്ന് സർക്കാറിൻ്റെ IT മേധാവി വ്യക്തമാക്കിക്കഴിഞ്ഞതുമാണ് ..

സ്പ്രിംഗ്ലർ കമ്പനിക്ക് IT ഡിപ്പാർട്ട്മെൻ്റ് നൽകിയിട്ടുള്ള പർച്ചേസ് ഉത്തരവിൽ, കോവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും, വിവരങ്ങൾ സി-ഡിറ്റിന്റെ ആമസോൺ വെബ് സർവർ അക്കൗണ്ടിലേക്കു മാറ്റാൻ സജ്ജമാകുന്നതുവരെ മാത്രം അവരുടെ ഇന്ത്യയ്ക്ക് ഉള്ളിലുള്ള സർവറിൽ സൂക്ഷിക്കണമെന്നും, അത്തരത്തിൽ സൂക്ഷിക്കുന്നതും സൗജന്യമായിരിക്കുമെന്നതും, വിവരങ്ങളുടെ പൂർണ്ണമായ ഉടമസ്ഥത കേരള സർക്കാരിനായിരിക്കുമെന്നും, വിവരങ്ങൾ വിശകലനം ചെയ്തു ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്നതിനുള്ള ചുമതലയാണ് അവർക്കുണ്ടാകുകയെന്നും വളരെ സ്പഷ്ടമായി വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതിൻ്റെ പൂർണ്ണമായ സുരക്ഷക്കായി നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുമുണ്ട്..

അതായത് ജനങ്ങളുടെ വിവരങ്ങൾ ചോർത്താനോ പുറത്തു വിടാനോ ഇതിൽ വ്യവസ്ഥയില്ല .

ലോകമാകെ കോവിഡ്, ഭീതി പടർന്ന നാളുകൾ …
ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയ നാളുകൾ..
അതിനെ പെട്ടെന്ന് നേരിടുന്നതിനായി
രോഗബാധിതരുടെ വിവരങ്ങൾ .. അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പ്രൈമറി കോൺടാക്റ്റ് ഉള്ളവരുടെ വിവരങ്ങൾ..
സെക്കൻ്ററി കോൺടാക്റ്റുള്ളവരുടെ വിവരങ്ങൾ ..
വിമാനം, ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ …
അന്താരാഷ്ട്ര യാത്ര നടത്തിയവരുടെയും അന്തർ സംസ്ഥാന യാത്ര നടത്തിയവരുടെയും , അന്തർജില്ലാ യാത്ര നടത്തിയവരുടെയും , രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെയും പ്രായമായവരുടെയും വിവരങ്ങൾ .. റൂട്ട് മാപ്പുകൾ ..
ഇതെല്ലാം പെട്ടന്ന് കലക്റ്റ് ചെയ്യേണ്ടതായ അടിയന്തിര സാഹചര്യം ..

ഇതെല്ലാം കലക്ട് ചെയ്ത് ,ഏതു സാഹചര്യവും നേരിടാനുള്ള IT സംവിധാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ക്രമപ്പെടുത്താൻ,
IT മിഷൻ, C-ഡിറ്റ്, NICതുടങ്ങി സ്ഥാപനങ്ങൾക്ക് മാത്രമായി സാധ്യമാകുന്നില്ല എന്നതിൽ നിന്നാണ്, ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൈത്താങ്ങാകാൻ മറ്റൊരു ഏജൻസിയുടെ സഹായം തേടാൻ
IT ഡിപ്പാർട്ട്മെൻ്റ് തയ്യാറായത്.

അതു കൊണ്ടാണ് IT ഡിപ്പാർട്ട്മെൻ്റ് തലവനായ IT സെക്രട്ടറി തൻ്റെ സ്വതന്ത്രമായ വിവേചനാധികാരം ഉപയോഗിച്ച് ഒരു സാദ്ധ്യത കണ്ടെത്തിയത്.

ഇതിനെക്കുറിച്ചെല്ലാം IT സെക്രട്ടറി തന്നെ വിശദീകരിച്ചിട്ടുള്ളതാണ്.

സമ്പർക്കവിലക്കിലുള്ളവർക്ക്‌ ലക്ഷണങ്ങൾ ഉണ്ടോ എന്നും സമ്പർക്കത്തിൽ വൃദ്ധ ജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്താനും , വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുവാനും അർഹർക്ക് ആവശ്യമായ സേവനങ്ങൾ നൽകുവാനും , ആവശ്യമായ ചികിത്സ അടിയന്തിരമായി ലഭ്യമാക്കുവാനും ഡാറ്റകൾ ഉപയുക്തമാക്കേണ്ടത് അനിവാര്യമാണ് .

കുറഞ്ഞ സമയത്തിനുള്ളിൽ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് WHO ഉൾപ്പെടെ ബന്ധപ്പെടുന്ന സ്പ്രിങ്ക്ളർ കമ്പനി പരിഗണനയിലെത്തിയത്‌.

സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലുമാണ്‌ IT വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ തയ്യാറായത്.
നേരത്തെ സ്വകാര്യത ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക ഉന്നയിച്ചപ്പോൾ ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ
സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റുകയും ഇതിന്റെ രേഖകൾ പരസ്യപ്പെടുത്തുകയും ചെയ്തു.

എന്തൊക്കെ ഡാറ്റകളാണ് ഇതിൽ സമർപ്പിക്കപ്പെടുന്നത് എന്ന് ഇതിൽ ആരായുന്ന 24 ചോദ്യങ്ങളിൽ നിന്നും വ്യക്തമാണ് ..
ഈ 24 ൽ ഏതാണ് അപകടകരമായ ഡാറ്റ എന്ന് വിമർശകർ പരിശോധിക്കേണ്ടതില്ലേ ..?

മറ്റുപല സംഗതികൾക്കും ആധാർ നമ്പർ ഉൾപ്പെടെ ചോദിക്കുമ്പോൾ ഇതിൽ വ്യക്തിയുടെ മാതാപിതാക്കളുടെ പേരോ വീട്ടു പേരോ പോലും ചോദിക്കുന്നില്ലെന്നും ഒരു രഹസ്യവിവരവും ആരായുന്നില്ലെന്നും മനസ്സിലാക്കേണ്ടതില്ലേ .,?

വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക്‌ ക്രമാതീതമായി വർധിക്കുമ്പോൾ, കേരള ജനതയെ രക്ഷിക്കാനായി ഏത്‌ സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും അതിന് യോജിച്ച‌ തരത്തിലുള്ള IT സംവിധാനം തെരഞ്ഞെടുക്കുവാനും ഉപയോഗിക്കാനും IT വകുപ്പിൻ്റെ തലവൻ്റെ വിവേചനാധികാരമാണ് IT സെക്രട്ടറി എക്സിക്യൂട്ട് ചെയ്തത്.

കോവിഡിൻ്റെ ഭീകര നാളുകളിൽ, സാദ്ധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് ഒരു ജനതയെ രക്ഷിക്കാൻ, ഉത്തരവാദിത്വമുള്ള അധികാരികൾ ചെയ്ത ഔദ്യോഗിക കർത്തവ്യം

ഇതിനെയാണ് ഭീകരമായ അഴിമതിയായും , ഡാറ്റാ ചോർച്ചയായും , മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്കു പോലും പടരുന്ന ആരോപണമായും ചിലർ ഉയർത്തിക്കൊണ്ടു വരുന്നത് .

ഒരു ലാപ് ടോപ്പും ഇൻറർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ഒരു IT ഫേം ആരംഭിക്കാവുന്ന സാഹചര്യമുള്ള ഈ സൈബർ യുഗലാണ് പി.ടി.തോമസിനേ പോലുള്ളവർ ഹിമാലയൻ ആരോപണങ്ങളെന്ന നാട്യത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ എന്തെല്ലാമോ വിളിച്ചു കൂവുന്നത്.

മുഖ്യമന്ത്രിയുടെ മകളായാലും, പ്രതിപക്ഷ നേതാവിൻ്റെ മകനായാലും , ഇന്ത്യൻ പ്രസിഡണ്ടിൻ്റെ മകനായാലും, സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നത് അഭിമാനകരം തന്നെയാണ് .
അതിനെ അപഹസിച്ചിട്ടു കാര്യമില്ല ..

പക്ഷേ ജനങ്ങളെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനെ ന്യായീകരിക്കാനുള്ള .. ആരോപണവുമായി ബന്ധപ്പെടുത്തുന്ന .. എന്തെങ്കിലുമൊരു തെളിവിൻ്റെ ശകലമെങ്കിലും മുന്നോട്ടു വെക്കേണ്ടതുണ്ട്.
അൽപ്പമെങ്കിലും സാമൂഹ്യ ഉത്തരവാദിത്വമുണ്ടെങ്കിൽ അവർക്ക് അതിനുള്ള ധാർമ്മിക ബാദ്ധ്യതയുണ്ട്.

ലക്ഷക്കണക്കിനാളുകളുടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നൊക്കെ ആരോപണമുന്നയിക്കും മുമ്പ് എന്തെല്ലാം വിവരങ്ങളാണ് ശേഖരിച്ചത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും പ്രതിപക്ഷം കാണിക്കണ്ടേ ?
ആ 24 ചോദ്യങ്ങൾ ഒന്നു വായിച്ചു നോക്കുകയെങ്കിലും വേണ്ടേ ?
അതവർ സൗകര്യം പോലെ വായിക്കട്ടെ

ഇവിടെ ചുരുക്കം സംശയങ്ങളേ ഉള്ളൂ ..

കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി വ്യക്തിയിൽ നിന്നും എന്തെല്ലാം വിവരങ്ങൾ ശേഖരിച്ചതായാണ് പ്രതിപക്ഷം മനസ്സിലാക്കുന്നത്..?

സ്വകാര്യ വ്യക്തികൾ നടത്തുന്ന അക്ഷയ കേന്ദ്രത്തിൽ സമർപ്പിക്കാൻ സാദ്ധ്യതയില്ലാത്തതോ , ആധാർ സമർപ്പിക്കുന്ന ആശുപത്രികളും മൊബൈൽ ഷോപ്പുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വിദേശബന്ധമുള്ള മൊബൈൽ കമ്പനികൾക്കു വരെ ചോർന്നു കിട്ടാൻ സാദ്ധ്യതയേ ഇല്ലാത്ത എന്തു വിലപ്പെട്ട ഡാറ്റയാണ് കോവിഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഇപ്പോൾ ചോരുവാൻ സാദ്ധ്യതയുള്ളതായി പ്രതിപക്ഷം മനസ്സിലാക്കിയിട്ടുള്ളത് ..?

ഒരു സാധാരണ പൗരൻ്റെ സംശയങ്ങളാണ്…

ഇതിനൊന്നും മറുപടിയില്ലാതെ
കോവിഡ് എന്ന മഹാമാരിയെ മുറിച്ചു കടക്കുന്നതിന് ജീവൻമരണ പോരാട്ടം നടത്തുന്ന ഒരു സർക്കാറിൻ്റെ മുഖത്തേക്ക് ചളി വാരിയെറിയാൻ ശ്രമിച്ചിട്ട്, സ്വയം അപഹാസ്യരാവുക എന്നല്ലാതെ മറ്റു യാതൊരു ഫലവുമില്ല ..

വിമർശനങ്ങളുയർത്തുന്നവർക്ക് , അതിന്റെ തെളിവുകൾ മുന്നോട്ടു വെയ്ക്കാനുള്ള ഉത്തരവാദിത്വമില്ലെങ്കിൽ , ആരോപണങ്ങളുടെ അടിസ്ഥാനമെങ്കിലും മുന്നോട്ടു വെയ്ക്കാനുള്ള ചുരുങ്ങിയ ബാദ്ധ്യതയെങ്കിലുമില്ലേ ..?

ലോകമെമ്പാടുമുള്ള സമ്പന്ന രാഷ്ട്രങ്ങൾപ്പോലും കോവിഡിനു മുന്നിൽ പകച്ചു നിൽക്കുകയാണ്..

അപ്പോഴാണ് ഭൂഗോളത്തിൽ
ഒരു ചെറു തരിപോലെ ..
ഇന്ത്യയുടെ തെക്കേ അറ്റത്ത് ചുവന്ന പാടുപോലെ ഒരു കൊച്ചു കേരളം ..
അതിന് ചുക്കാൻ പിടിക്കുന്ന മനുഷ്യസ്നേഹികളായ ഭരണാധികാരികൾ ..
കൈമെയ് മറന്ന ആരോഗ്യ പ്രവർത്തകർ ..
മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും..
ഒന്നിച്ചുനിന്ന കേരള ജനത…

ആകാശത്ത് സൂര്യനേപ്പോലെ ഉദിച്ചു നിൽക്കുന്ന
ഹൃദയങ്ങളുടെ ഐക്യനിര ..

അതിനെ നോക്കി ആക്രോശിക്കുന്നവർ
ആക്രോശിച്ചുകൊണ്ടേയിരിക്കട്ടെ ..

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here