‘പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ… എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍’; ശൈലജ ടീച്ചറുടെ തീപ്പൊരി മറുപടി അനുകരിച്ച് ടിക് ടോക്കില്‍ താരമായി ആറുവയസുകാരി; അഭിനന്ദിച്ച് മന്ത്രി

”പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ … എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍ ” — ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പ്രതിപക്ഷത്തിന് കൊടുത്ത തീപ്പൊരി മറുപടി ടിക്ടോക്കിലൂടെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി ആറുവയസുകാരി.

പാലക്കാട് ചിറ്റൂര്‍ കച്ചേരിമേട് മരോട്ടിക്കല്‍ വീട്ടില്‍ ആവര്‍ത്തനയാണ് ഈ കുഞ്ഞുകലാകാരി. യുട്യൂബിലും ഫേസ്ബുക്കിലും വീഡിയോ നിറഞ്ഞതോടെ ശനിയാഴ്ച ശൈലജ ടീച്ചറുടെ ഫോണ്‍ വിളിയുമെത്തി.

വീഡിയോ ഒരുപാടിഷ്ടമായെന്നും നന്നായി പഠിക്കണമെന്നും പാലക്കാട് വരുമ്പോള്‍ ഉറപ്പായും കാണണമെന്നും മന്ത്രി ആവര്‍ത്തനയോടു പറഞ്ഞു. കോവിഡ് — 19 കാലത്തെ തിരക്കിനിടയിലും മകളെ വിളിച്ച് അഭിനന്ദിക്കാന്‍ ടീച്ചര്‍ സമയം കണ്ടെത്തിയതില്‍ ഏറെ സന്തോഷമെന്ന് ആവര്‍ത്തനയുടെ അച്ഛന്‍ ശബരീഷ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആളിക്കത്തിയ സമയത്ത് നിയമസഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ എം ഷാജി എംഎല്‍എയ്ക്ക് മന്ത്രി കെ കെ ശൈലജ കൊടുത്ത മറുപടിയാണ് ‘പെണ്ണായാലെന്താ’ എന്ന പ്രസംഗം ഉള്‍പ്പെടുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതു കണ്ടിട്ടാണ് മകളെക്കൊണ്ട് ടിക്ടോക് ചെയ്യിച്ചാലോ എന്ന ചിന്ത വന്നത്. ഭാര്യ ജിഷയാണ് മകളെ പഠിപ്പിച്ചത്. ഷാള്‍ സാരിയായി ചുറ്റി കണ്ണടയും വച്ചതോടെ ടീച്ചറുടെ രൂപമായി. ഗൗരവത്തില്‍ പറയണമെന്നു മാത്രമേ പറഞ്ഞുള്ളൂ. പക്ഷേ അവള്‍ ശരിക്കും ഞെട്ടിച്ചുവെന്ന് ശബരീഷ് പറഞ്ഞു.

 

യുകെജി കഴിഞ്ഞ് ഒന്നാംക്ലാസില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ആവര്‍ത്തന. ശൈലജ ടീച്ചര്‍ ആരാണെന്ന് അറിഞ്ഞിട്ടല്ല വീഡിയോ ചെയ്തത്. പക്ഷേ ഇപ്പോഴറിയാം മന്ത്രിയാണെന്ന്. ടിക്ക്ടോക്കിലാണ് പോസ്റ്റ് ചെയ്തതെങ്കിലും ഫേസ്ബുക്കിലെത്തിയതോടെയാണ് വൈറലായത്.

നേരത്തേയും ആവര്‍ത്തന ടിക്ടോക്ക് ചെയ്തിരുന്നെങ്കിലും ഇത്രയും അംഗീകാരം കിട്ടിയിരുന്നില്ല. ഇപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ഫോണ്‍വിളിയുടെ തിരക്കാണെന്ന് ശബരീഷ് പറഞ്ഞു. ചിറ്റൂരിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ശബരീഷിന് ജോലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News