ആ 60,000 രൂപ എവിടെ? കമ്യൂണിറ്റി കിച്ചണില്‍ എത്തുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ശബരിനാഥനെതിരെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്ത്; കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് യാതൊരു ഉപയോഗവുമില്ലാത്ത എംഎല്‍എ

കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് ശബരിനാഥ് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍.

അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്തെത്തിയിരുക്കുന്നത്.

സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരുവിക്കര, തൊളിക്കോട്, പൂവച്ചല്‍, ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

എംഎല്‍എ എന്ന നിലയില്‍ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചുമതലയുണ്ടായിരുന്ന കെ എസ് ശബരിനാഥന്‍ അവിടെക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റായ ഐ മിനിയാണ്.

തുടര്‍ന്നാണ് സാമൂഹ്യമാധ്യമത്തിലൂടെ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ് രംഗത്തെത്തി. കമ്മ്യൂണിറ്റി കിച്ചണ് നല്‍കാമെന്ന് ഏറ്റ 60,000 രൂപ എവിടെയെന്നായിരുന്നു അവരുടെ ചോദ്യം.

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കെ .രാമചന്ദ്രന്റെത് അല്‍പം കൂടി കടന്ന ആരോപണമായിരുന്നു. മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടായപ്പോള്‍ കാട്ടക്കട എംഎല്‍എയായ ഐബി സതീഷിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമ്മ്യൂണിറ്റി കിച്ചണില്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം കയറിയ കെ എസ് ശബരീനാഥന്‍ 12.44 നെത്തി, 12.47ന് സ്ഥലം വിടുന്ന ചിത്രവും രാമചന്ദ്രന്‍ പുറത്ത് വിട്ടു. ഉഴമലയ്ക്കലിലെ സാമൂഹ്യ അടുക്കളയിലേക്ക് കെ എസ് ശബരീനാഥന്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റായ റഹീമും ആരോപിച്ചു.

അരുവിക്കരയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു മണി അരിയോ, ഒരു കിലോ പച്ചക്കറിയോ പോലും വാങ്ങി നല്‍കാത്ത ശബരിനാഥനെ ജനം തിരിച്ചറിയുമെന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയും ആരോപിച്ചു.

അരുവിക്കര നിയോജകമണ്ഡലത്തിലെ സാമൂഹ്യ അടുക്കളകളില്‍ എത്തി നോക്കാത്ത ശബരിനാഥന്‍ ദിനം പ്രതി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നത് മറ്റൊരു കൗതുകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News