ഗ്രീന്‍ സോണ്‍ ആയ ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ജില്ലയിലെങ്ങും. അതേസമയം, ജില്ലയിലെ ആറ് ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ജില്ല. പ്രധാന ഇടങ്ങള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളും ടൗണുകളും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ ഉടമകളുടെ ഉത്തരവാദിത്തത്തോടെയും ശുചീകരിക്കുന്നുണ്ട്.
ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും, തോട്ടം മേഖല, നിര്‍മാണ മേഖല, വ്യാപാര വ്യവസായ മേഖല എന്നിവയ്ക്കും ഗതാഗതത്തിനും ഇളവ് വരുന്നതോടെ, മലയോര ജില്ല സാധാരണ ജീവിതത്തിലേക്ക് നീങ്ങും.
എന്നാല്‍ മാളുകള്‍, ഓഡിറ്റോറിയങ്ങള്‍,ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവയ്ക്ക് ഇളവുണ്ടായിരിക്കില്ല. മരണ,വിവാഹ ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവു എന്ന നിര്‍ദേശവും ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കുകയുള്ളൂ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തൊടുപുഴ മുനിസിപ്പാലിറ്റിക്കൊപ്പം അടിമാലി,മരിയാപുരം,കഞ്ഞിക്കുഴി,ബൈസണ്‍ വാലി,സേനാപതി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍,. ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ലെന്നും കര്‍ശന നിയന്ത്രണം തുടരുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.