മുംബൈയിൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ്

മുംബൈയിൽ ആരോഗ്യ പ്രവർത്തകർക്കും നാവിക സൈനികർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പുറമെ മാധ്യമ പ്രവർത്തകർക്കും കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോർട്ടർമാർ , ക്യാമറാമാന്മാർ തുടങ്ങിയവരടങ്ങുന്ന സംഘത്തിനാണ് അസുഖം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇവരുടെ സഹപ്രവർത്തകരായിരുന്ന നാല്പതോളം പേരെ ഐസൊലേറ്റ് ചെയ്തു.

മഹാരാഷ്ട്രയിൽ കൊറോണ രോഗം കൂടുതൽ പേരിലേക്ക് അതിവേഗം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് സംഭവം വെളിപ്പെടുത്തുന്നത്. രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർക്കും രോഗം പടരുന്നതിൽ ആശങ്കയിലാണ് അധികൃതരും.

നഗരത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും അസുഖ ബാധ ഉണ്ടായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ അടച്ചിടുന്ന പ്രവണതയും ആശങ്ക പടർത്തിയിരിക്കയാണ്.

ഇത് വരെ 130 ലേറെ മലയാളി നഴ്സുമാർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മലയാളി നഴ്സുമാർക്ക് രോഗബാധ സ്ഥിരീകരിച്ച വോക് ഹാർട്ട് ഹോസ്പിറ്റലിൽ ആദ്യം രോഗബാധിതരായ മലയാളി നഴ്സുമാർ രോഗമുക്തി നേടി.

വോക് ഹാർട്ട് അഡ്മിൻ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കും കാന്റീൻ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം ബ്രിച്ച് കാൻഡി ഹോസ്പിറ്റലിൽ 5 മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. പൂനെ റൂബി ഹാൾ ഹോസ്പിറ്റലിൽ 18 മലയാളി നഴ്സുമാർക്ക് രോഗം കണ്ടെത്തി.

ജസ് ലോക്, ഭാട്ടിയ, ശ്രുശ്രുഷാ, സോമയ്യാ, ബോംബെ ഹോസ്പിറ്റൽ എന്നിവടങ്ങളിലെ മലയാളികൾ ഉൾപ്പെടെ കൂടുതൽ അരോഗ്യ പ്രവർത്തകരെ നിരിക്ഷണത്തിൽ ആക്കി, കൃത്യമായ കണക്കുകൾ സ്വകാര്യ ഹോസ്പിറ്റലുകൾ ഇപ്പോഴും പുറത്ത് വിടുന്നില്ല.

രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ സ്ഥിതി അവരുടെ കുടുംബങ്ങളുമായി പങ്കുവെക്കുവാനും തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിരിക്കയാണ്. വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ രോഗം ബാധിച്ച നഴ്സുമാരുടെ മോബൈൽ ഫോണുകൾ വരെയാണ് നിർബന്ധപൂർവ്വം പിടിച്ചു വച്ചിരിക്കുന്നത്.

മുംബൈയിൽ കോറോണയുടെ ഹോട്ട് സ്പോട്ടായി മാറിയിരിക്കയാണ് ധാരാവി തുടങ്ങിയ ചേരി പ്രദേശങ്ങൾ. മഹാരാഷ്ടയിൽ കോവിഡ് ബാധിതരുടെ എണ്ണം 4200 കടന്നിരിക്കയാണ്.

സംസ്ഥാനത്തെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത 552 പേരിൽ 456 പേരും മുംബൈയിൽ നിന്നായിരുന്നു. ആകെ 223 പേരുടെ മരണമാണ് ഇത് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. ധാരാവിയിൽ ഇത് വരെ 142 രോഗ ബാധിതരെയാണ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here