ഇസ്ലാം വിരുദ്ധത പരത്തുന്ന സംഘികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ജോലി നല്‍കരുത്, പിരിച്ചുവിടണം; യുഎഇ രാജകുമാരിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രവാസികളുടെ ആവശ്യം; സംഘികള്‍ കാരണം അപമാനിക്കപ്പെടുകയാണെന്ന് പ്രവാസികള്‍

യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രവാസികള്‍.

ഇസ്ലാം വിരുദ്ധത പരത്തുന്ന സംഘപരിവാര്‍ അനുഭാവികളെയും പ്രവര്‍ത്തകരെയും ഗള്‍ഫ് രാജ്യങ്ങള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും ഇത്തരക്കാര്‍ക്ക് ഭാവിയില്‍ ജോലി നല്‍കരുതെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആവശ്യം.

രാജകുമാരിക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്ന സംഘികള്‍, ഹൈന്ദവ സഹോദരങ്ങളുടെ ജോലിക്ക് തന്നെ ഭീഷണിയാണെന്നും മലയാളത്തില്‍ തെറിവിളിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നടത്തുന്നവര്‍ കേരളത്തിന് അപമാനമാണെന്നും പ്രവാസികള്‍ പറയുന്നു.

ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് കഴിഞ്ഞദിവസമാണ് യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി രംഗത്തെത്തിയത്.

ഇന്ത്യന്‍ വംശജനായ സംഘപരിവാര്‍ അനുഭാവിയായ സൗരഭ് ഉപാധ്യായ് എന്നയാള്‍ക്കെതിരെയാണ് രാജകുമാരി രംഗത്തെത്തിയത്. ഇയാള്‍ പങ്കുവച്ച ഇസ്ലാം വിരുദ്ധ ട്വീറ്റുകള്‍ മുന്‍നിര്‍ത്തിയായിരുന്നു രാജകുമാരിയുടെ മുന്നറിയിപ്പ്.

തബ്ലീഗ് ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. മാത്രമല്ല, വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നുയെന്ന അഭ്യൂഹവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു കൊണ്ടാണ് ഹെന്ത് അല്‍ ഖാസിമിയുടെ മുന്നറിയിപ്പ്.

ഹെന്ത് അല്‍ ഖാസിമിയുടെ വാക്കുകള്‍: ”ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോള്‍ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം. ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്..എന്നാല്‍ രാജകുടുംബാംഗം എന്ന നിലയില്‍ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ല.” രാജകുമാരി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍ തെറിവിളികളും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News