കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏതെങ്കിലും ഇന്ദ്രജാലം കൊണ്ട് സാധ്യമായതല്ല; അഭിനന്ദനങ്ങള്‍ യുദ്ധമുഖത്തുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്: മുഖ്യമന്ത്രി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നിമിഷംവരെ നാം നേടിയ നേട്ടം ഏതെങ്കിലും ഇന്ദ്രജാലംകൊണ്ട് സാധ്യമായതല്ലെന്നും കേരളത്തിന്‍റെ ഐക്യവും സഹവര്‍ത്തിത്വവും കൊണ്ടാണ് ഇത് സാധ്യമായതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മികവുറ്റ നമ്മുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകവ്യാപകമായി ലഭിക്കുന്ന പ്രശംസ ആരോഗ്യ, സേവന രംഗത്തെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ ദുരുതകാലത്ത് യുദ്ധമുഖത്തുള്ള എല്ലാവര്‍ക്കുമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ നിന്നും

രാജ്യത്തെ ആദ്യത്തെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30 ന വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകരാഷ്ട്രങ്ങള്‍ പകച്ച് നില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അതിനെ കൃത്യമായി നേരിട്ടു. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരെക്കൂടി ചികിത്സിച്ച് ബേധമാക്കിയും രോഗ വ്യാപനം കൃത്യമായി തടഞ്ഞും കേരളം വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ വിജയിച്ചു എന്ന് പറയാം.

എന്നാല്‍ കേരളം പാലിച്ചുവന്ന എല്ലാ ജാഗ്രതകളെയും നിസാരമായ ശ്രദ്ധക്കുറവുകൊണ്ട് ലംഘിച്ച് നാട്ടിലെയ ഒരു കുടുംബം വ‍ഴി ഫെബ്രുവരി 29 ന് രണ്ടാമതും സംസ്ഥാനത്ത് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനം ഒന്നുകൂടി കര്‍ശനമാക്കി.

കോണ്‍ട്രാക്ട് ട്രെയ്‌സിംഗും ഹോം ക്വാറന്റെയ്‌നും ശക്തമാക്കി. വിമാനത്താവ‍ളങ്ങളില്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ശക്തമാക്കി. വ്യക്തി ശുചിത്വവും മുന്‍കരുതലുകളും ശക്തമാക്കി. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നെ സംസ്ഥാനത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചു. മാസ്‌കുകളും സാനിറ്റൈസറുകളും ചെറിയ വിലയ്ക്ക് നിര്‍മിച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളെ കോര്‍ത്തിണക്കി പ്രവര്‍ത്തിച്ചു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വര്‍ദ്ധിച്ച ഡാറ്റാ സേവനം ഉറപ്പുവരുത്തി. ലോക്ക്ഡൗണില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങല്‍ക്ക് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. തിരിച്ചുവരുന്നവര്‍ക്ക് കൊറോണയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിദേശ രാജ്യങ്ങളുടെ നിലപാടിനെ ഇടപെടലിലൂടെ പരിഹരിക്കാന്‍ ക‍ഴിഞ്ഞു.

തുടക്കത്തില്‍ രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്ന കേരളം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രോഗ വ്യാപവനും, രോഗ ബാധയും കുറച്ചുകൊണ്ടുവന്നു. ഒരു രോഗി 23 പേര്‍ക്കും അവരില്‍ നിന്ന് 12 പേര്‍ക്കും രോഗം പടരുന്ന സ്ഥിതിയുണ്ടായി 200ല്‍ അധികം പേര്‍ ഒറ്റ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്ന അവസ്ഥയുണ്ടായി.

കൈവിട്ട് പോകുമെന്ന അവസ്ഥവരെ ഉണ്ടായിരുന്നിടത്ത് നിന്നും നാം തിരിച്ചുവന്നത് ശക്തമായ ജാഗ്രതയുടെ ഭാഗമായി തന്നെയാണ്. കൊറോണ ബാധിച്ച് മരിക്കുന്നവര്‍ ലോകത്ത് 5.75 ശതമാനവും, ഇന്ത്യയില്‍ 2.83 ശതമാനവും ആയിരിക്ക്രകുമ്പോള്‍ കേരളത്തില്‍ അത് 0.58 ശതമാനമാണ്. ജനസംഖ്യാ അടിസ്ഥത്തില്‍ എറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടക്കുന്നത് കേരളത്തിലാണ്, രാജ്യത്ത് ആദ്യമായി പ്ലാസ്മാ തെറാപ്പി അരംഭിക്കുന്നത് കേരളത്തിലാണ്.

സംസ്ഥാനത്ത് 33 കൊറോണ ആശുപത്രികള്‍ നിലവിലുണ്ട്. 49702 കിടക്കളും 1000 ല്‍ അധികം ഐസിയുകളും, 800 വെന്റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടുണ്ട്, സ്വകാര്യ മേഖലകളില്‍ വേറെയും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിചാന്‍ നമ്മള്‍ തയ്യാറാണെന്നാണ് ഇത് തെളിയിക്കുന്നത്. കമ്യൂണിറ്റി കിച്ചണുകള്‍ വഴിയും കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വ‍ഴിയും സൗജന്യമായും അല്ലാതെയും ഭക്ഷണ വിതരണം ഏര്‍പ്പെടുത്തി.

അതിഥി തൊ‍ഴിലാളികള്‍ക്കായി കേരളത്തില്‍ 19902 ക്യാമ്പുകള്‍ സജ്ജീകരിച്ചു. 359592 അതിഥി തൊഴിലാളികള്‍ ഇവിടെ സുരക്ഷിതരായി ക‍ഴിയുന്നു. 22567 ക്യമ്പുകളാണ് സംസ്ഥാനത്തിന് പുറത്ത് രാജ്യത്താകെ ഉള്ളത്. 300 അധികം ഡോക്ടര്‍മാരും 400 അധികം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ഈ അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം നിയമിച്ചു.

ക്യാന്‍സര്‍ രോഗികള്‍ക്ക് ജില്ലാ തലത്തില്‍ ചികിത്സ ഉറപ്പുവരുത്തി. കേരളത്തിന്‍റെ ചികിത്സാ മികവ് രോഗം ബേധമായ വിദേശികള്‍ മറയില്ലാതെ ലോകത്തോട് പറഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ സേന യുദ്ധമുഖത്താണ്, ഏത് സാഹചര്യത്തെയും നമ്മുക്ക് നേരിടാം. എന്നാൽ ഇത് ശ്വാസം വിടാനുള്ള സമയമല്ല.

ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. ലോകപ്രശസ്തമായ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News