‘അറബ് വനിതകള്‍ക്ക് രതിമൂര്‍ഛ സംഭവിക്കുന്നില്ല’; വനിതകളെ മോശമായി ചിത്രീകരിച്ച് ബിജെപി എംപി; പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍; മോദിയോട് ചോദ്യങ്ങളും

അറബ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ട്വിറ്റ് ചെയ്ത ബിജെപി എംപിയ്‌ക്കെതിരെ അറബ് രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.

2015ല്‍ ബെംഗളുരു സൗത്ത് എംപി തേജസ്വി സൂര്യ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ട്വിറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തേജസ്വി നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

തേജസ്വി സൂര്യ ട്വിറ്റ് ഇങ്ങനെ: ”95 ശതമാനം അറബ് വനിതകള്‍ക്കും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി രതിമൂര്‍ഛ സംഭവിക്കുന്നില്ല. എല്ലാ അമ്മമ്മാരും സ്‌നേഹത്തിലുപരി സെക്‌സ് കൊണ്ട് മാത്രമാണ് മക്കളെ പ്രസവിക്കുന്നത്”.

സ്‌ക്രീന്‍ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംപിയുടെ ലൈംഗീകാതിക്ഷേപത്തിനെതിരെ അറബ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ പുറപ്പെടാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമായിരുന്നു യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.

കുവൈറ്റിലെ അഭിഭാഷകനും രാജ്യാന്തര മനുഷ്യാവാകാശ ഡയറക്ടറുമായ മജ്ബല്‍ അല്‍ ഷരീക ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു കൊണ്ട് രംഗത്തെത്തി.

മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ”പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം. ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അവഹേളിക്കാന്‍ ഈ പാര്‍ലമെന്റ് അംഗത്തിന് നിങ്ങള്‍ അനുവാദം നല്‍കുകയാണോ? ഈ അവഹേളന ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ തേജസ്വിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു”

മറ്റൊരു ട്വീറ്റില്‍ ട്വിറ്ററിനെ തന്നെ മജ്ബല്‍ ടാഗ് ചെയ്തിട്ടുണ്ട്. ഇത് പോളിസി ലംഘനം അല്ലേ എന്നും എന്തുകൊണ്ടാണ് ഇപ്പോഴും ഈ അക്കൗണ്ട് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രത്യേക നോമിനിയായാണ് തേജസ്വി ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News