രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,322. മരണം 590. ഡൽഹിയിൽ രോഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തിൽ രണ്ടായിരത്തിനോടടുത്തു. ഡൽഹിയിൽ 45 പേരും ഗുജറാത്തിൽ 93 പേരും മരിച്ചു. മഹാരാഷ്ട്രയിൽ രോഗികള്‍ 4,666. മരണം 232. സര്‍ക്കാര്‍ കണക്കുപ്രകാരം രോഗികള്‍ 17,656. മരണം 559. 24 മണിക്കൂറിനിടെ 36 മരണം.1553 രോഗികളെ കണ്ടെത്തി.
മധ്യപ്രദേശിലെ ഇൻഡോർ, മഹാരാഷ്ട്രയിലെ മുംബൈ, പുണെ, രാജസ്ഥാനിലെ ജയ്‌പുർ, ബംഗാളിലെ കൊൽക്കത്ത, ഹൗറ, മേദിനിപ്പുർ ഈസ്‌റ്റ്, നോർത്ത് 24 പർഗാനാസ്, ഡാർജിലിങ്, കാലിംപൊങ്, ജൽപ്പായ്‌ഗുഡി എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം ആറു മന്ത്രിതല സംഘങ്ങൾക്ക് രൂപം നൽകി. രണ്ടുവീതം സംഘങ്ങൾ മഹാരാഷ്ട്രയിലും ബംഗാളിലും എത്തി. എന്നാൽ, കേന്ദ്രസംഘം സ്വന്തം നിലയിൽ നീങ്ങുകയാണെന്ന് ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ 19 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ആലപ്പുഴയും.
ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികള്‍ക്കും അസുഖം ഭേദമായി. സംസ്ഥാനത്ത് ഇനി 114 കൊവിഡ് രോഗികളാണുള്ളത്. 408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 294 പേരുടെ രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
46,203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര്‍ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള എല്ലാവരെയും മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരുഘട്ടത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി. രോഗികളുടെ എണ്ണം ഏറ്റവും മന്ദഗതിയില്‍ ഇരട്ടിക്കുന്ന സംസ്ഥാനം നിലവിൽ കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 13 മുതൽ 19 വരെ കേരളത്തിൽ രോഗികള്‍ ഇരട്ടിയാകുന്ന തോത് 72.2 ദിവസമാണ്. ദേശീയതലത്തില്‍ രോഗികള്‍ ഏഴരദിവസംകൊണ്ട് ഇരട്ടിയാകുമ്പോഴാണിത്. കേരളം കഴിഞ്ഞാൽ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഒഡിഷയാണ്. 39.8 ദിവസംകൊണ്ടാണ് ഒഡിഷയില്‍ രോഗം ഇരട്ടിക്കുന്നത്.
ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു നിൽക്കുന്ന സംസ്ഥാനങ്ങൾ: ഡൽഹി –- എട്ടര ദിവസം, കർണാടകം–- 9.2 ദിവസം, തെലങ്കാന–- 9.4 ദിവസം, ആന്ധ്ര–- 10.6, ജമ്മു കശ്‌മീർ–- 11.5, പഞ്ചാബ്–- 13.1, ഛത്തിസ്‌ഗഢ്–- 13.3, തമിഴ്‌നാട്–- 14, ബിഹാർ–- 16.4. കേസുകൾ ഇരട്ടിയാകാൻ 20 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനങ്ങൾ: അൻഡമാൻ–- 20.1, ഹരിയാന–- 21, ഹിമാചൽ–- 24.5, ചണ്ഡീഗഢ്–- 25.4, അസം–- 25.8, ഉത്തരാഖണ്ഡ്–- 26.6, ലഡാക്ക് 26.6.
Get real time update about this post categories directly on your device, subscribe now.