കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന് ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു.
ചെറിയൊരു അലംഭാവംപോലും രോഗത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിവച്ചേക്കാം. ആദ്യഘട്ടം രോഗം നല്ല നിലയിൽ വരുതിയിലാക്കിയ സിംഗപ്പുർ, ജപ്പാൻ എന്നിവിടങ്ങളിൽ വൈറസ് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. സർക്കാർ നൽകുന്ന ഇളവുകളുടെ ദുരുപയോഗം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പൊതുജനാരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
ആഴ്ചകൾകൊണ്ട് കോവിഡ് ബാധ പിടിച്ചുകെട്ടാൻ സിംഗപ്പുരിന് കഴിഞ്ഞിരുന്നു. മാർച്ച് 20ന് 385 രോഗികളാണ് ഉണ്ടായിരുന്നത്. രോഗത്തെ അതിജീവിച്ചു എന്ന ആത്മവിശ്വാസത്തിൽ ജനം ഇളവുകൾ ആഘോഷിച്ചു. 5.7 ദശലക്ഷംമാത്രം ജനസംഖ്യയുള്ള നഗരത്തിൽ ഏപ്രിൽ 20ന് 6588 പേർ രോഗബാധിതരായി. 11 പേർ മരിച്ചു.
ജപ്പാനിലെ ഹൊകൈഡോയിലെ സ്ഥിതിയും ഇതുതന്നെ. ഫെബ്രുവരി അവസാനം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫലപ്രദമായ പ്രവർത്തനത്തിലൂടെ മാർച്ചോടെ കോവിഡ് നിയന്ത്രണവിധേയമായി. മാർച്ച് 19ന് ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു. സ്കൂളുകൾ തുറന്നു. 26 ദിവസത്തിനുശേഷം വീണ്ടും ആരോഗ്യ അടിയന്തയരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു.
താൽക്കാലിക മുന്നേറ്റംകൊണ്ട് അമിത ആത്മവിശ്വാസം പാടില്ലെന്ന് അമേരിക്കയിലുണ്ടായ സ്പാനിഷ് ഫ്ലൂ അനുഭവവും ചൂണ്ടിക്കാട്ടുന്നു. 1918ന്റെ തുടക്കത്തിൽ നോർത്ത് അമേരിക്കയിലെ പതിനായിരക്കണക്കിന് ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്.
സെപ്‌തംബറോടെ രോഗവ്യാപനം കുറഞ്ഞു. ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരെ അഭിനന്ദിക്കാൻ സെപ്‌തംബർ 28ന് ഫിലാഡൽഫിയയിൽ നടത്തിയ പരേഡിൽ രണ്ട് ലക്ഷത്തോളംപേർ പങ്കെടുത്തു.
ദിവസങ്ങൾക്കുള്ളിൽ ഫിലാഡൽഫിയയിലെ 31 ആശുപത്രിയും രോഗികളാൽ നിറഞ്ഞു. ആഴ്ചകൾക്കുള്ളിൽ നഗരത്തിൽമാത്രം 4500 പേർ മരിച്ചു. പൊതുജനാരോഗ്യ ചരിത്രത്തിലെ ഭീകരാധ്യായമായാണ് ഇത് അറിയപ്പെടുന്നത്.
Get real time update about this post categories directly on your device, subscribe now.