മനുഷ്യരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുന്നു; എഫ്‌സിഐ ഗോഡൗണിലെ ഭക്ഷ്യധാന്യത്തില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര തീരുമാനം; നടപടി സാനിറ്റൈസര്‍ നിര്‍മാണത്തിന്

ലോക്ക്ഡൗണിനെ തുടര്‍ന്ന് മതിയായ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതിക്കിടെ സംഭരിച്ച ഭക്ഷ്യധാന്യത്തില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

സാനിറ്റൈസര്‍ നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഇത്. മിച്ചമുള്ള കുറച്ച് ഭക്ഷ്യധാന്യം മാത്രമേ ഇതിനായി ഉപയോഗിക്കൂ എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലായതോടെ ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നടപടി. എഫ്‌സിഐ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യത്തിന്റെ ഒരു വിഹിതം എഥനോള്‍ ഉത്പാദനത്തിന് ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അരിയാകും ഇതിന് പ്രധാനമായും ഉപയോഗിക്കുക.

ആല്‍ക്കഹോള്‍ ബെയ്സ്ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ പെട്രോളില്‍ ചേര്‍ക്കാനുമാണ് ഉത്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിക്കുക. ഹാന്‍ഡ് സാനിറ്റൈസറുകളിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് എഥനോള്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അധ്യക്ഷനായ നാഷണല്‍ ബയോഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്നലെയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എഫ്‌സിഐയില്‍ മിച്ചമുള്ള ഭക്ഷ്യധാന്യത്തിന്റെ വളരെ കുറവ് ഭാഗം മാത്രമാണ് ഉപയോഗിക്കുന്നതെന്നും 2018 ജൈവ ഇന്ധന നയത്തില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.

കോവിഡ് പ്രതിസന്ധി എത്ര കാലം നീളുമെന്നോ എത്ര നാള്‍ സര്‍ക്കാരുകള്‍ സൗജന്യ ഭക്ഷ്യധാന്യം നല്‍കേണ്ടി വരുമെന്നോ കൃത്യമായി പ്രവചിക്കാനാകാത്തപ്പോളാണ് ധാന്യം മിച്ചമാണ് എന്ന യുക്തിരഹിതമായ സര്‍ക്കാര്‍ നിലപാട്. സാനിറ്റൈസര്‍ നിര്‍മിക്കാന്‍ ആവശ്യമായ ഏഥനോളിന് രാജ്യത്ത് ക്ഷാമം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തപ്പോഴാണ് ഈ നടപടി.

എല്ലാത്തിനുമുപരി പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തുണ്ട്. അതിഥി തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. റേഷന്‍ കാര്‍ഡുകള്‍ ഇല്ലെന്ന പേരില്‍ ഭക്ഷ്യധാന്യം ലഭിക്കാത്ത ഇവര്‍ക്ക് മിച്ചമുള്ളത് നല്‍കാന്‍ സംവിധാനം ഒരുക്കാമായിരുന്നു.

ഇതിന്റെ സാധ്യത പോലും പരിശോധിക്കാന്‍ നില്‍ക്കാതെയാണ് കേന്ദ്ര തീരുമാനം. ഏഥനോളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ധാന്യത്തിന്റെ അളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.

സര്‍ക്കാര്‍ നടപടിക്കെതിര സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മനുഷ്യരെ പട്ടിണി മരണത്തിലേക്ക് തള്ളി വിടുന്ന വിചിത്രമായ ക്രിമിനല്‍ സര്‍ക്കാരിനെ നയിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യധാന്യം വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News