ലോക്ഡൗണ്‍: വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക മരിച്ച് വീണു

ലോക്ഡൗണില്‍ വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക വീടിന് സമീപം മരിച്ച് വീണു. ദിവസകൂലിയ്ക്ക് ജോലി ചെയ്തിരുന്ന തെലങ്കാനയിലെ മുളക് പാടത്ത് നിന്നും സ്വദേശമായ ചത്തീസ്ഗഡിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്ത പന്ത്രണ്ട് വയസ്‌കാരിയാണ് മരിച്ചത്.

നൂറ്റമ്പത് കിലോമീറ്റര്‍ നടന്ന ആ ബാലിക കാല്‍കുഴഞ്ഞ്, ശരീരം തളര്‍ന്ന് മരിച്ച് വീഴുമ്പോള്‍ പ്രിയപ്പെട്ട അമ്മയുടേയും അച്ഛന്റേയും അരികിലെത്താന്‍ ഒരു മണിക്കൂര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. കളിച്ച് വളര്‍ന്ന വീടിലെത്താന്‍ ആകെ പതിനാല് കിലോമീറ്റര്‍ മാത്രം. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വേദനയാവുകയാണ് ചത്തീസ്ഗഡിലെ ജാലോം മക്ഡാം.

ദിവസകൂലിയ്ക്ക് ജോലി ചെയ്യുന്ന തെലങ്കാനയിലെ മുളക്പാടത്ത് നിന്നും സ്വദേശമായ ചത്തീസ്ഗഡിലെ ബിജാപൂരിലേയ്ക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചതാണ് പന്ത്രണ്ട് വയസുകാരി. ഏപ്രില്‍ പതിനഞ്ചിനാണ് തെലങ്കാനയില്‍ ഒപ്പം ജോലി ചെയ്തിരുന്ന 11 പേരൊടൊപ്പം ജാലോം യാത്ര തുടങ്ങിയത്.

വീട്ടിലെത്താന്‍ പതിനാല് കിലോമീറ്റര്‍ മാത്രം ഉള്ളപ്പോള്‍ വയറുവേദന വന്നു. തുടര്‍ന്ന് തളര്‍ന്ന് വീണ് മരിച്ചു. ഒടുവില്‍ ആബുലന്‍സില്‍ മൃതദേഹം വീട്ടിലെത്തിച്ചു. ബാലികയ്ക്ക് കടുന്ന നിര്‍ജലീകരണവും പോഷകാഹാര കുറവും ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് പരിശോധ ഫലം നെഗറ്റീവാണ്.

രണ്ട് മാസമായി തെലങ്കനായില്‍ ജോലി ചെയ്യുകയായിരുന്നു ജാലോം. മൂന്ന് ദിവസമായി നടക്കുകയായിരുന്നു. ആവിശ്യത്തിന് ഭക്ഷണം ലഭിച്ചിരുന്നില്ല. മരണം വിവാദമായതോടെ ചത്തീസ്ഗഡ് സര്‍ക്കാര്‍ ജാലോമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്ഡൗണില്‍ ഉപജീവനമാര്‍ഗം നഷ്ടമാകുന്നതോടെ പാലായനം ചെയുന്ന തൊഴിലാളികളുടെ പാലായനം വര്‍ധിക്കുകയാണ്. നിരവധി പേരാണ് റോഡുകളില്‍ മരിച്ച് വീഴുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here