സുരക്ഷാ നടപടികള്‍ ശക്തം, മികച്ച പൊതുജനാരോഗ്യ സംവിധാനം; കേരളത്തെ പ്രശംസിച്ച് ‘ദ ഗാര്‍ഡിയനും’

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞ് പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനും. രാജ്യത്തെ കോവിഡ് ബാധിതരില്‍ അഞ്ചില്‍ ഒരുഭാഗമുണ്ടായിരുന്ന കേരളം, ശക്തമായ പൊതുജനാരോഗ്യസംവിധാനം വഴിയാണ് അതിനെ ഇല്ലാതാക്കിയതെന്ന് ദ ഗാര്‍ഡിയന്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഹെല്‍ത്ത് ഇനിഷിയേറ്റീവില്‍ സീനിയര്‍ ഫെലോ ആയ ഉമ്മന്‍ സി കുര്യന്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിന്റെ മികവ് വിശദീകരിക്കുന്നത്

മാര്‍ച്ച് 24ന് 100 ഓളം രോഗികളുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും കേരളം ശക്തമായി തിരിച്ചുവരികയായിരുന്നുവെന്നും, വികേന്ദ്രീകരണ സംവിധാനം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനം, രണ്ട് പ്രളയത്തേയും കഴിഞ്ഞ വര്‍ഷമുണ്ടായ നിപ്പ വൈറസ് ബാധയേയും ശക്തമായി അതിജീവിച്ചതായും ലേഖനം എടുത്തുകാട്ടി.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റും വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗാര്‍ഡിയനും കേരള മാതൃകയെ അഭിനന്ദിച്ചത്. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു

സമയബന്ധിതമായ പരിശോധന, ഐസൊലേഷന്‍, കോണ്‍ടാക്ട് ടെസ്റ്റിംഗ് എന്നിവയോടൊപ്പം ജനങ്ങള്‍ക്ക് കൃത്യമായ ജാഗ്രത നല്‍കിയതുമാണ് രോഗപ്രതിരോധം ഫലപ്രദമാകുന്നതിന് കാരണമായതെന്നും ലേഖനം വിശദീകരിച്ചു.

വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ കൃത്യമായി ആളുകളിലേക്കെത്തിക്കുന്നതിനും വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ‘ബ്രേക് ദ ചെയിന്‍’ ക്യാമ്പെയിന്‍ എടുത്തുപറയേണ്ടതാണെന്നും ലേഖനം ചൂണ്ടിക്കാട്ടി.

അടുത്ത ഘട്ടവ്യാപനം ഉണ്ടായാല്‍ കേരളം അതിനെ ചെറുക്കാന്‍ സജ്ജമാണെന്ന് വ്യക്തമാണെന്നും ലേഖനം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here