സ്പ്രിങ്ക്ളര്‍: ഹൈക്കോടതി പരാമര്‍ശത്തില്‍ നുണവാര്‍ത്തകളുമായി മാധ്യമങ്ങള്‍

കൊച്ചി: സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും നുണവാര്‍ത്തകളുമായി മാധ്യമങ്ങള്‍. കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണക്കവേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളിലാണ് വാര്‍ത്താ ചാനലുകള്‍ നുണ കെട്ടിച്ചമച്ചത്.

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം എന്ന തലക്കെട്ടോടെയായിരുന്നു ബ്രേക്കിംഗ് ന്യൂസുകള്‍. സ്പ്രിങ്ക്ളറുമായുള്ള കരാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, സ്പ്രിങ്ക്ളറില്‍ ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടുവെന്നുമാണ് പ്രധാന ചാനലുകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ വെറും നുണയാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞു. കോടതിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ചും മാധ്യമനുണകള്‍ക്കെതിരെയും അഭിഭാഷകര്‍ തന്നെ രംഗത്തെത്തി.

കോവിഡ് ഡേറ്റാ വിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി യഥാര്‍ത്ഥത്തില്‍ പറഞ്ഞത്.

ശേഖരിക്കുന്ന ഡേറ്റ നഷ്ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സര്‍ക്കാര്‍ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണന്നും ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു.

നുണപൊളിഞ്ഞതോടെ ബ്രേക്കിംഗ് ന്യൂസുകള്‍ ചില ചാനലുകള്‍ പിന്‍വലിച്ചു. സ്പ്രിങ്ക്ളറിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍ ടി ആര്‍ രവി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്. കേസ് എപ്രില്‍ 24ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here